Connect with us

Kerala

സജി ചെറിയാന്‍ രാജിക്ക്? തലസ്ഥാനത്ത് നാടകീയ നീക്കങ്ങള്‍; അല്‍പസമയത്തിനകം മാധ്യമങ്ങളെ കാണും

കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ രാജിയിലേക്ക് നയിക്കുമെന്ന് സൂചന

Published

|

Last Updated

തിരുവനന്തപുരം |  ഭരണഘടനയെ അവഹേളിച്ചെന്ന ആരോപണത്തില്‍ കുടുങ്ങി മന്ത്രി സജി ചെറിയാന്‍ പുറത്തേക്കോ? തലസ്ഥാനത്ത് നാടകീയ നീക്കങ്ങള്‍. സജി ചെറിയാന്‍ ഇപ്പോള്‍ രാജിവെക്കേണ്ടതില്ലെന്ന സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തിന് പിന്നാലെ കാര്യങ്ങള്‍ മാറിമറിഞ്ഞതായാണ് സൂചന. സജി ചെറിയാന്‍ അല്‍പസമയത്തിനകം മാധ്യമങ്ങളെ കണ്ട് രാജി പ്രഖ്യാപിക്കുമെന്നാണ് തലസ്ഥാനത്ത് നിന്നുള്ള ഏറ്റവുംപുതിയ സൂചന. സജി ചെറിയാന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹത്തെ മുഖ്യമന്ത്രി വിളിപ്പിക്കുകയായിരുന്നു.

ഭരണഘടനയെ അധിക്ഷേപിക്കും വിധം പ്രസംഗിച്ച മന്ത്രി സജി ചെറിയാന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശം നേരിട്ടിരുന്നു. പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നതായി മന്ത്രിയുടെ നടപടിയെന്ന വിമർമാണ് ഉയർന്നത്. വാക്കുകളില്‍ മിതത്വം പാലിക്കണമായിരുന്നുവെന്നും ജാഗ്രത കാട്ടേണ്ടിയിരുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

യോഗത്തിന് ശേഷം പുറത്തിറങ്ങിയ മന്ത്രി രാജിയില്ലെന്ന സൂചനയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. രാജിവെക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘എന്തിന്, എന്താണ് പ്രശ്‌നം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. എല്ലാ കാര്യങ്ങളും താന്‍ നിയമസഭയില്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. .

എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. മന്ത്രി സജി ചെറിയാന്റെ രാജിക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. രാജിവെക്കുന്നതാണ് നല്ലതെന്ന സന്ദേശമാണ് കേന്ദ്ര നേതൃത്വം മുന്നോട്ടുവെച്ചത്.

സജി ചെറിയാന് എതിരായ പ്രതിഷേധം പ്രതിപക്ഷം കൂടുതല്‍ കടുപ്പിച്ചിട്ടുണ്ട്. ഇന്ന് നിയമസഭ കൂടിയ ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്ലാക്കാര്‍ഡുകളേന്തി മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇങ്ങുകയായിരുന്നു. തുടര്‍ന്ന് ചോദ്യോത്തര വേള തടസ്സപ്പെട്ടു. സഭാ നടപടികള്‍ ബഹളത്തില്‍ മുങ്ങിയതോടെ ചോദ്യോത്തര വേള റദ്ദാക്കി ധനാഭ്യര്‍ഥനകള്‍ മാത്രം പരിഗണിച്ച് സ്പീക്കര്‍ സഭ പിരിഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു. വെറും എട്ട് മിനുട്ട് മാത്രമാണ് സഭ ചേര്‍ന്നത്.

സജി ചെറിയാന് എതിരെ പ്രതിപക്ഷ ഗവര്‍ണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ പ്രസംഗം ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് എതിരഭിപ്രായം ഉണ്ടായാല്‍ അത് തിരിച്ചടിയാകുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നുണ്ട്.

ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദപരാമര്‍ശം നടത്തിയത്. ബ്രിട്ടീഷുകാര്‍ പറഞ്ഞത് ഇന്ത്യക്കാര്‍ എഴുതിവെച്ചതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള വിവാദപരാമര്‍ശങ്ങളാണ് സജി ചെറിയാന്‍ നടത്തിയത്.

 

 

Latest