Kerala
എന്‍ ഡി എ വിട്ട് സജി മഞ്ഞക്കടമ്പില്‍; ഇനി പി വി അന്‍വറിനൊപ്പം
എന്‍ ഡി എയില്‍ നിന്നുള്ള അവഗണനയാണ് മുന്നണി വിടാന്‍ കാരണമെന്ന് സജി.

കോട്ടയം | എന്‍ ഡി എ വിട്ട് പി വി അന്‍വറിനൊപ്പം ചേര്‍ന്ന് കേരള കോണ്‍ഗ്രസ്സ് ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകം കോ-ഓര്‍ഡിനേറ്ററായ അന്‍വറിനൊപ്പം ചേരുന്നതായി സജി പ്രഖ്യാപിച്ചത്. പി വി അന്‍വറും വാര്‍ത്താ സമ്മേളനത്തില്‍ സജിക്കൊപ്പമുണ്ടായിരുന്നു.
ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന വിപുലമായ ലയന സമ്മേളനം ഏപ്രിലില്‍ കോട്ടയത്ത് നടത്തുമെന്നും സജി മഞ്ഞക്കടമ്പില്‍ അറിയിച്ചു.
എന്‍ ഡി എയില്‍ നിന്നുള്ള അവഗണനയാണ് മുന്നണി വിടാന്‍ കാരണമെന്ന് സജി പറഞ്ഞു. ഘടകകക്ഷിയെന്ന നിലയില്‍ മുന്നണിയില്‍ നിന്ന് സംരക്ഷണം ലഭിച്ചില്ല. കഴിഞ്ഞ ഒരുവര്‍ഷമായി മുന്നണി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും സജി അറിയിച്ചു.