saji manjakkadambil
യു ഡി എഫിലേക്ക് ഇല്ലെന്ന് സജി; ഇടതുമുന്നണിയിലേക്ക് നീങ്ങിയാല്‍ ആഘാതമെന്നു കോണ്‍ഗ്രസ്
തിരഞ്ഞെടുപ്പിന്റെ സുപ്രധാന ഘട്ടത്തില്‍ യു ഡി എഫ് ജില്ലാ ചെയര്‍മാന്റെ രാജി യു ഡി എഫ് ക്യാമ്പില്‍ കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്
കോട്ടയം | ഇനി യു ഡി എഫിലേക്ക് ഇല്ലെന്ന് സജി മഞ്ഞക്കടമ്പില്‍ കൃത്യമായ നിലപാട് പ്രഖ്യാപിച്ചതോടെ യു ഡി എഫ് അനുനയ നീക്കം അവസാനിപ്പിച്ചു. ഭാവി കാര്യങ്ങള്‍ കുടുംബവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് സജി പറയുന്നത്.
തിരഞ്ഞെടുപ്പിന്റെ സുപ്രധാന ഘട്ടത്തില്‍ യു ഡി എഫ് ജില്ലാ ചെയര്‍മാന്റെ രാജി യു ഡി എഫ് ക്യാമ്പില്‍ കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. യു ഡി എഫിലേക്ക് തിരിച്ചുപോയാല്‍ ദുരന്തമാകുമെന്നാണു സജി പറഞ്ഞത്. സജി ഇടതുപക്ഷത്തേക്കു നീങ്ങിയാല്‍ അത് യു ഡി എഫിന് തിരിച്ചടിയുടെ ആഘാതം വര്‍ധിപ്പിക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. തിരുവഞ്ചൂര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ഈ വിഷയം അറിയിച്ചിട്ടുണ്ട്. ജോസ് കെ മാണിയുടെ നല്ല വാക്കുകളില്‍ അഭിമാനിക്കുന്നു എന്ന സജിയുടെ വാക്കുകള്‍ ഇടതുമുന്നണിയിലേക്കു നീങ്ങാനുള്ള സാധ്യതയായി കരുതുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സജി മഞ്ഞക്കടമ്പില്‍ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചത്. സജിയുടെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കളുടെ അനുനയ നീക്കം പരാജയപ്പെട്ടതോടെ സജിയുടെ അടുത്ത നീക്കം ഉറ്റുനോക്കുകയാണ് ഇരു മുന്നണികളും.