Editors Pick
സജ്ന: കേരള ക്രിക്കറ്റിലെ പുതിയ താരോദയം
വനിതാ പ്രീമിയർ ലീഗ് താരലേലത്തിൽ 15 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ സജ്ന, ഡൽഹി ക്യാപിറ്റൽസിനായി കളിക്കുന്ന മിന്നു മണിക്ക് ശേഷം വനിതാ ഐ പി എല്ലിന്റെ ഭാഗമാകുന്ന രണ്ടാമത്തെ മലയാളിയാണ്.
കോഴിക്കോട് | ഇളകാത്ത മനക്കരുത്തും കളത്തിലെ തന്ത്രങ്ങളും കൊണ്ട് കേരള ക്രിക്കറ്റിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് എസ് സജ്‌ന. വനിതാ പ്രീമിയർ ലീഗ് താരലേലത്തിൽ 15 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ സജ്ന, ഡൽഹി ക്യാപിറ്റൽസിനായി കളിക്കുന്ന മിന്നു മണിക്ക് ശേഷം വനിതാ ഐ പി എല്ലിന്റെ ഭാഗമാകുന്ന രണ്ടാമത്തെ മലയാളിയാണ്.
വയനാട്ടുകാരിയായ സജ്ന മാനന്തവാടി സ്കൂളിലാണ് ഹയർ സെക്കൻഡറി പഠനം പൂർത്തീകരിച്ചത്. അവിടെ ജാവലിൻ ത്രോയിലും ഡിസ്കസ് ത്രോയിലും തിളങ്ങി. “നിനക്ക് ക്രിക്കറ്റ് നോക്കിക്കൂടേ’ എന്ന ഫിസിക്കൽ ട്രെയിനർ എൽസമ്മയുടെ ചോദ്യമാണ് ഇന്ന് മുംബൈ ഇന്ത്യൻസിലെത്തി നിൽക്കുന്നത്. കേരള ക്രിക്കറ്റ് അസ്സോസിയേഷന്റെ സെലക്്ഷൻ ട്രയൽസിൽ പങ്കെടുത്തെങ്കിലും പരിചയക്കുറവ് കാരണം ആദ്യവട്ടം പുറത്തായി. അടുത്ത തവണ ലക്ഷ്യം നേടി. സീനിയർ താരത്തിന്റെ അഭാവത്തിൽ ഹൈദരാബാദിനെതിരെ കളത്തിലിറങ്ങി. ഒരു പന്തിൽ ജയിക്കാൻ ആവശ്യമായിരുന്ന നാല് റൺസ് നേടി ടീമിന് അവിസ്മരണീയ ജയം സമ്മാനിച്ചു. വനിതകളുടെ ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ഡിക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
പിതാവ് സജീവ് ഓട്ടോറിക്ഷാ തൊഴിലാളിയാണ്. മാതാവ് ശാരദ വാർഡ് കൗൺസിലർ. അനുജൻ സച്ചിൻ. ഹർമൻപ്രീത് കൗർ, മിതാലി രാജ് എന്നിവരാണ് ഇഷ്ട കളിക്കാർ. ഹർമൻപ്രീതിനെ പോലെ ബാറ്റ് ചെയ്യാനാണ് ഇഷ്ടം. ക്രിക്കറ്റുമായി ബന്ധപ്പെട്ട് 2018ൽ “കന’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
28കാരിയായ സജ്നയുടെ അടിസ്ഥാന വില പത്ത് ലക്ഷമായിരുന്നു. ഈ തുകക്ക് സജ്‌നയെ സ്വന്തമാക്കാൻ ആദ്യം ഡൽഹി ക്യാപിറ്റൽസ് എത്തിയെങ്കിലും പിന്നീട് അംബാനിയുടെ മുംബൈ സ്വന്തമാക്കുകയായിരുന്നു. യു പി വാരിയേഴ്സും രംഗത്തുണ്ടായിരുന്നു. മാനന്തവാടി സ്വദേശിയായ സജ്ന വലംകൈ ഓഫ് സ്പിന്നറും ബാറ്ററുമാണ്. അണ്ടർ 23 കേരള ടീം നായികയായിരുന്നു. സജ്നക്ക് പുറമെ ബാറ്റർ ഐ വി ദൃശ്യ, സ്പിന്നർ കീർത്തി ജെയിംസ്, ആൾറൗണ്ടർ നജില സി എം സി എന്നിവരായിരുന്നു താരലേലത്തിനായി രജിസ്റ്റർ ചെയ്ത മലയാളികൾ.