Infotainment
സകലകലാ വല്ലഭന്‍; ജനകീയനായ അഭിനേതാവ്
ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലർ മുതൽ പാർലിമെൻ്റ് വരെ. മലയാളം, തമിഴ്, കന്നട ഭാഷകളിലായി 600ലേറെ സിനിമകൾ.
കൊച്ചി | വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മൂന്ന് പതിറ്റാണ്ടിലേറെ മികവുറ്റതാക്കിയാണ് മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ നടന്‍ ഇന്നസെന്റ് മടങ്ങുന്നത്. നടന് പുറമെ, രാഷ്ട്രീയ പ്രവര്‍ത്തകന്‍, ജനപ്രതിനിധി, എഴുത്തുകാരന്‍, ഗാന രചയിതാവ്, അര്‍ബുദ അതിജീവന പോരാളി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി 18 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു.
അറുന്നൂറിലേറെ ചലചിത്രങ്ങളിലാണ് ഇന്നസെന്റ് അഭിനയിച്ചത്. ഇരിങ്ങാലക്കുട സ്വദേശിയായ അദ്ദേഹത്തിന് എട്ടാം ക്ലാസ് മാത്രമേ പഠനം നടത്താനായുള്ളൂ. തുടര്‍ന്ന്, പല ജോലികളും മാറി മാറി ചെയ്തു. അതിനിടെയാണ് രാഷ്ട്രീയ രംഗത്തുമെത്തിയത്. താമസിയാതെ ജനങ്ങളുടെ ഇഷ്ട തോഴനായി ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായും തിരഞ്ഞെടുക്കപ്പെട്ടു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോഴും ജനം കൂടെനിന്നു. 2019 വരെ ചാലക്കുടിയെ പ്രതിനിധീകരിച്ച് ലോക്‌സഭാംഗമായിരുന്നു.
യാദൃശ്ചികമായി തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ചപ്പോഴും ഇന്നസെന്റ് പതറിയില്ല. ചികിത്സാര്‍ഥം ആശുപത്രിയില്‍ കിടന്നതിന്റെ അനുഭവങ്ങളുമായി ക്യാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം രചിച്ച് അര്‍ബുദ അതിജീവന പോരാളിയുടെ വേഷത്തിലും അദ്ദേഹം മലയാളികള്‍ക്ക് മുന്നിലെത്തി. അര്‍ബുദ രോഗമുക്തിക്ക് ശേഷം അര്‍ബുദ അവബോധ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് കൊവിഡ് ബാധിച്ചത്. കൊവിഡിനെ തുടര്‍ന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും അര്‍ബുദത്തെ തുടര്‍ന്നുള്ള അവശതകളുമാണ് 75ാം വയസ്സില്‍ അദ്ദേഹത്തിന്റെ ജീവനെടുത്തതും.