Connect with us

kerala waqf board

പാരമ്പര്യ മുസ്‌ലിം വഖ്ഫുകളിലെ സലഫിസ്റ്റ് കൈയേറ്റങ്ങൾ

മുസ്‌ലിം ലീഗിന്റെ ഒത്താശയോടെ പില്‍ക്കാലത്ത് ഈ വഖ്ഫുകള്‍ സലഫികളും മൗദൂദികളും കൈയേറി. ഈ കൈയേറ്റങ്ങള്‍ എവിടെ നടന്നോ എപ്പോള്‍ നടന്നോ അതൊക്കെയും നിയമവിരുദ്ധമാണ്; തിരുത്തപ്പെടേണ്ടതുമാണ്.

Published

|

Last Updated

വഖ്ഫിന്റെ കാര്യം വരുമ്പോള്‍ മുസ്‌ലിം ലീഗിനെന്താണ് ഇത്ര അസഹിഷ്ണുത? ഇവരെന്തിനാണിങ്ങനെ വയലന്റാകുന്നത്? തീര്‍ത്തും മതപരമായ വിഷയമാണ് വഖ്ഫ്, രാഷ്ട്രീയം ഒട്ടുമില്ല. രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണെങ്കിലും വഖ്ഫ് ബോര്‍ഡ് ഒരു നിയമ സംവിധാനമാണ്, അതിലുമില്ല പ്രകടമായ രാഷ്ട്രീയം. എന്നിട്ടും എന്താണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വഖ്ഫ് സ്വത്തുക്കളോട് ഇത്ര മഹബ്ബത്ത്? ഈ പിരിശത്തിന്റെ കഥയന്വേഷിച്ചു പിന്നാമ്പുറത്തു ചെന്നാല്‍ ഞെട്ടിപ്പോകും! വഖ്ഫ് സ്വത്ത് കൈയേറ്റങ്ങളുടെയും തിരിമറികളുടെയും തീവെട്ടിക്കൊള്ളകളുടെയും അറ്റമില്ലാത്ത കഥകള്‍. ഈ കഥകളിലെല്ലാം പല റോളില്‍ പല വേഷത്തില്‍ ഒരു സംഘടനയും അതിന്റെ സംവിധാനങ്ങളും നേതാക്കളും.

ഭൂപരിഷ്‌കരണ നിയമം കൊണ്ട് കൈമോശം വന്നതിനോളമില്ലെങ്കിലും നൂറുകണക്കിന് ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളും മറ്റു സ്ഥാവരജംഗമ സ്വത്തുക്കളുമാണ് കൈകാര്യകര്‍ത്താക്കളുടെ അതിക്രമങ്ങള്‍ കാരണം സമുദായത്തിന് നഷ്ടമായത്. രാഷ്ട്രീയക്കാരും അവരുടെ മേല്‍ക്കോയ്മയുള്ള വഖ്ഫ് ബോര്‍ഡും ആ ബോര്‍ഡ് നിയമിച്ച സ്വന്തക്കാരായ ഉദ്യോഗസ്ഥന്മാരും ചേര്‍ന്നു നടത്തിയ കൂട്ടുകൊള്ളയുടെ സാമ്പിള്‍ കഥകള്‍ മാത്രമാണിപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പിടിച്ചതിലും ഉഗ്രവിഷമുള്ളത് എത്രയോ മാളത്തില്‍ പതിയിരിക്കുന്നുണ്ട്. ഇടതുപക്ഷ സര്‍ക്കാറിനും നിലവിലെ വഖ്ഫ് ബോര്‍ഡിനും ഇച്ഛാശക്തിയുണ്ടെങ്കില്‍ കേരളത്തിലെ വഖ്ഫ് ബോര്‍ഡ് രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നമായ ബോര്‍ഡായി മാറും.

ലീഗ് നേതാക്കള്‍ ഉള്‍പ്പെട്ട തൃക്കരിപ്പൂരിലെ വഖ്ഫ് സ്വത്ത് തട്ടിപ്പ് കേസ് സാമ്പിള്‍ മാത്രം. ആറ് കോടി വിലമതിക്കുന്ന വഖ്ഫ് സ്വത്താണ് മുപ്പത് ലക്ഷത്തിന് മുൻ ലീഗ് എം എല്‍ എയും സംഘവും തട്ടിയെടുത്തത്. 25,000ത്തില്‍പ്പരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബഹുനില കെട്ടിടങ്ങള്‍ ആധാരത്തില്‍ കാണിച്ചത് വെറും 700 ചതുരശ്ര അടി മാത്രം! ഒളിക്കാനും മറയ്ക്കാനും സമയവും ഇടവും കിട്ടാത്തവിധം തൊണ്ടി സഹിതം പിടിക്കപ്പെട്ടപ്പോള്‍ തൊണ്ടിമുതല്‍ തിരിച്ചേല്‍പ്പിച്ച് തടിയൂരുകയായിരുന്നു. തിരിച്ചാധാരം ചെയ്യാന്‍ മാത്രം പ്രതികള്‍ ചെലവിട്ടത് നാലേകാല്‍ ലക്ഷം രൂപ! കളവു മുതല്‍ തിരിച്ചേല്‍പ്പിച്ചാല്‍ കളവ് കുറ്റമല്ലാതാകുന്ന ഏത് നിയമമാണ് നമ്മുടെ രാജ്യത്തുള്ളത് എന്നറിഞ്ഞുകൂടാ.

കുറ്റിക്കാട്ടൂര്‍ യതീംഖാനയുടെ ഭൂമിയും കെട്ടിടങ്ങളും അടിച്ചുമാറ്റിയ പാര്‍ട്ടി മിടുക്കന്മാര്‍ ഇപ്പോഴും സുരക്ഷിതരാണ്. 1987ല്‍ 73,500 രൂപ നിരക്കില്‍ വാങ്ങിയ ഭൂമി 12 വര്‍ഷത്തിനു ശേഷം 5,000 രൂപ നിരക്കില്‍ ആദായ വില്‍പ്പന നടത്തുകയായിരുന്നു! വാങ്ങിയത് കാലി ഭൂമിയാണെങ്കില്‍ മറിച്ചുവിറ്റത് കോടികള്‍ വിലവരുന്ന കെട്ടിടങ്ങള്‍ സഹിതമാണ്. വഖ്ഫ് ബോര്‍ഡില്‍ ഒരു ലീഗ് നേതാവുണ്ട്, ആര് ഭരിച്ചാലും ഇദ്ദേഹം ബോര്‍ഡിനകത്തുണ്ടാകും. ഇയാളുടെ ബന്ധുവാണ് ഈ കേസിലെ പ്രതി. കേസ് വഖ്ഫ് ബോര്‍ഡില്‍ വന്നപ്പോള്‍, ബോര്‍ഡും ഓഫീസും പ്രതികള്‍ക്കൊപ്പം! നടപടിക്രമങ്ങളെല്ലാം നിയമ വിധേയമാണെന്ന് ബോര്‍ഡിന്റെ വിധി പ്രസ്താവവും. പരാതിക്കാര്‍ അപ്പീലില്‍ പോയപ്പോള്‍ വഖ്ഫ് ട്രൈബ്യൂണല്‍ കള്ളിപൊളിച്ചു; ബോര്‍ഡിന്റെ വിധി റദ്ദാക്കി. കൈയേറ്റക്കാരെ രക്ഷപ്പെടുത്താന്‍ ലജ്ജയേതുമില്ലാതെ ബോര്‍ഡ് ഹൈക്കോടതിയില്‍ പോയി സ്റ്റേ ചോദിച്ചു, കിട്ടിയില്ല. ബാക്കി പണി ഹൈക്കോടതി കൊടുക്കാനിരിക്കുന്നേയുള്ളൂ.

ഈ തട്ടിപ്പു കഥകള്‍ മഞ്ഞുമലയുടെ അറ്റം മാത്രം. തളിപ്പറമ്പില്‍ മഹല്ല് ജമാഅത്തിന്റെ 20 ഏക്കര്‍ വഖ്ഫ് ഭൂമി കോളജ് നടത്താന്‍ ഒരു ട്രസ്റ്റിന് പാട്ടത്തിനു കൊടുത്തു. ട്രസ്റ്റുകാര്‍ അഞ്ചേക്കര്‍ കൂടി കൈയേറി. കൊടുത്തതും വാങ്ങിയതും പാര്‍ട്ടിക്കാര്‍. മാവൂര്‍ – അരയങ്കോട്, പറപ്പൂര്‍ പുത്തന്‍പറമ്പ്, മലപ്പുറം കാരാത്തോട്, പന്തല്ലൂര്‍ പടിയത്തു കുളങ്ങര… ഇങ്ങനെ വഖ്ഫ് കൈയേറ്റങ്ങളുടെ അറ്റമില്ലാത്ത പരമ്പര. ഈ പരമ്പരകളില്‍ മുഖ്യ അപഹര്‍ത്താക്കള്‍ പാര്‍ട്ടി നേതാക്കളും അനുഭാവികളും ആശ്രിതരും ബന്ധുക്കളും. ലീഗിന്റെ വഖ്ഫ് പ്രണയത്തിന് വലിയ അര്‍ഥങ്ങളുണ്ട്.
വാഖിഫിന്റെ – വഖ്ഫ് ചെയ്തവരുടെ ഉദ്ദേശ്യത്തിന് അനുസരിച്ചു വേണം വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനും വിനിയോഗിക്കാനും. ഇത് വഖ്ഫിന്റെ മൗലികമായ നിയമമാണ്. അന്യാധീനപ്പെട്ടു പോകുന്നതു പോലെ തന്നെ നിയമവിരുദ്ധവും ഗൗരവതരവുമാണ് വാഖിഫിന്റെ ഉദ്ദേശ്യത്തിനെതിരെ വഖ്ഫുകള്‍ വിനിയോഗിക്കുന്നത്. ഈ ദുര്‍വിനിയോഗത്തിന് ചാഞ്ഞും ചരിഞ്ഞും നിന്നുകൊടുക്കുന്നതും കൂട്ടുകിടക്കുന്നതും പാര്‍ട്ടി.

1920നു മുമ്പ് കേരളത്തില്‍ സുന്നികളല്ലാത്ത ഒരു വിഭാഗവും ഉണ്ടായിരുന്നില്ല. സലഫിസമോ മൗദൂദിസമോ കേട്ടുകേള്‍വി പോലുമായിരുന്നില്ല. അന്നത്തെ വാഖിഫുകള്‍ക്ക് ഇന്ന് സലഫിസ്റ്റുകള്‍ ഉന്നയിക്കുന്ന തരത്തിലുള്ള യാതൊരാശയവും ഇല്ലായിരുന്നു. അക്കാലത്താണ് വന്‍തോതിലുള്ള വഖ്ഫുകള്‍ ഉണ്ടായത്. അതിനാല്‍ പൂര്‍വീക വഖ്ഫുകള്‍ പൂര്‍ണമായും സുന്നി വഖ്ഫുകളാണ്, സുന്നി ആശയ പ്രകാരമുള്ള അധ്യാപനങ്ങളും ആരാധനകളും ആചാരാനുഷ്ഠാനങ്ങളും നടത്തിപ്പോരാന്‍ വേണ്ടിയായിരുന്നു ഈ വഖ്ഫുകള്‍. മുസ്‌ലിം ലീഗിന്റെ ഒത്താശയോടെ പില്‍ക്കാലത്ത് ഈ വഖ്ഫുകള്‍ സലഫികളും മൗദൂദികളും കൈയേറി. ഈ കൈയേറ്റങ്ങള്‍ എവിടെ നടന്നോ എപ്പോള്‍ നടന്നോ അതൊക്കെയും നിയമവിരുദ്ധമാണ്; തിരുത്തപ്പെടേണ്ടതുമാണ്.

ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട് കോഴിക്കോട് പാളയം മുഹ‌്യിദ്ദീന്‍ പള്ളിക്ക്. 1960കളുടെ തുടക്കത്തിലാണ് ഈ മസ്ജിദ് പുതുക്കിപ്പണിയുന്നത്. പുതുക്കിപ്പണിതതിനൊപ്പം വ്യാജരേഖ നിര്‍മിച്ച് സലഫികള്‍ ഈ പള്ളി തട്ടിയെടുത്തു. ഇതിലേറെ പഴക്കമുണ്ട് പട്ടാളപ്പള്ളിക്ക്. വ്യാജ പ്രമാണങ്ങള്‍ ഉപയോഗിച്ചാണ് ഈ പള്ളിയും സലഫികള്‍ സ്വന്തമാക്കിയത്. കടലോര മേഖലയില്‍ സ്ഥിതി ചെയ്യുന്ന ശാദുലി പള്ളി ബലം പ്രയോഗിച്ചാണ് പിടിച്ചത്. തദ്ദേശവാസികളായ നൂറുകണക്കിനാളുകള്‍ പ്രതിഷേധിച്ചു നില്‍ക്കെ വന്‍ പോലീസ് പടയുടെ നടുവിലൂടെ ഒരു ഡസന്‍ സലഫികളെ പള്ളിയിലേക്ക് സുരക്ഷിതമായി കടത്തിക്കൊണ്ടുവരികയായിരുന്നു – വ്യാജരേഖയുടെ വിജയകരമായ നടത്തിപ്പ്. തങ്ങളുടെ ആരാധനാലയം സംരക്ഷിക്കാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചോടിച്ചാണ് ഏതാനും സലഫികളെ അന്നത്തെ ഭരണകൂടം പൂനൂര്‍ പള്ളിയില്‍ കുടിയിരുത്തിയത്. ആ പള്ളി സലഫികള്‍ വിറ്റു കാശാക്കി.

കുറ്റ്യാടി ജുമുഅത്തുപള്ളി ജമാഅത്തെ ഇസ്‌ലാമി കൈയേറിയതിന്റെ കഥ “കുറ്റ്യാടിയുടെ ഓര്‍മകളി’ല്‍ പഴയ ജമാഅത്ത് അമീര്‍ അനുസ്മരിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി പള്ളിപ്പരിസരത്ത് നിലനിന്നിരുന്ന ഒരു മഹാന്റെ ഖബര്‍ തകര്‍ത്തതിന്റെ കഥയും മൊയ്തു മൗലവി ഓര്‍മിക്കുന്നുണ്ട് – തനി ഗുണ്ടായിസം. ഇതേ ഗുണ്ടായിസം കൊണ്ടാണ് വയനാട്ടിലെ പിണങ്ങോട് പള്ളി സ്വന്തമാക്കിയതെന്ന് സാക്ഷാല്‍ ഹുസൈന്‍ മടവൂരിന്റെ ഗ്രൂപ്പ് ഇറക്കിയ വയനാട് സമ്മേളന സുവനീറില്‍ ഉദ്‌ഘോഷിക്കുന്നുണ്ട്.

സലഫികളും മൗദൂദികളും കേരളത്തിലെ സുന്നി വഖ്ഫുകള്‍ പിടിച്ചടക്കിയത്, പാടിപ്പുകഴ്ത്തുന്നതു പോലെ ബോധവത്കരണമോ നവോത്ഥാന ഫലമോ ഒന്നുമായിരുന്നില്ല; കള്ള പ്രമാണം, ബലപ്രയോഗം, ഗുണ്ടായിസം, കുതന്ത്രങ്ങള്‍… ഈ കള്ളക്കളിക്ക് ഒത്താശയും നിയമ സഹായവും ചെയ്തു കൊടുത്തു മുസ്‌ലിം ലീഗ്. ശാദുലി പള്ളിത്തര്‍ക്കം സി എച്ച് മുഹമ്മദ് കോയയുടെ സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ച്ച നടന്ന രംഗം പറഞ്ഞു കേട്ടിട്ടുണ്ട്. പള്ളിയോടൊപ്പം ഒരു മഖ്ബറ കൂടിയുണ്ട്. വഹാബികള്‍ക്ക് മഖ്ബറ ആവശ്യമില്ല, സുന്നികള്‍ക്കാണെങ്കില്‍ പ്രധാനവുമാണ്. അതിനാല്‍ പള്ളി വഹാബികള്‍ക്കും മഖ്ബറ സുന്നികള്‍ക്കും എന്നായിരുന്നു ഫോര്‍മുല! നാട്ടുകാരുടെ വായിലുള്ളതിന്റെ രുചിയറിഞ്ഞു അന്ന് കോയാ സാഹിബ്.

വാഴക്കാട് ദാറുല്‍ ഉലൂമിന്റെ വഖ്ഫ് മുഖ്യമായും പാരമ്പര്യ രീതിയില്‍ ദര്‍സ് നടത്തുന്നതിനായിരുന്നു. ഖബ്‌റിനുമേല്‍ വെച്ച് ഇടമുറിയാതെ ഖുര്‍ആന്‍ ഓതുന്നതിനു വേണ്ടിയായിരുന്നു മറ്റൊരു വഖ്ഫ്. റബീഉല്‍ അവ്വലില്‍ മൗലിദ് ഓതാന്‍ വരുന്നവര്‍ക്ക് ഭക്ഷണം നല്‍കാനും വഖ്ഫ് ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ശിര്‍ക്കും ബിദ്അത്തുമാക്കി തള്ളുന്ന സലഫികളുടെ കൈയില്‍ എങ്ങനെയാണ് ദാറുല്‍ ഉലൂം ചെന്നു ചേര്‍ന്നത്. ഇന്ന് കോഴിക്കോട്ട് വഖ്ഫ് സംരക്ഷണ റാലി നടത്തുന്നവര്‍ ഇതൊക്കെ ഒന്നു വിശദീകരിക്കണം. മുഹ‌്യിദ്ദീന്‍ ശൈഖ് ശ്രീശങ്കരാചാര്യരുടെ സിദ്ധാന്തക്കാരനാണെന്നു വാദിക്കുന്നവരുടെ പള്ളിക്കെങ്ങനെയാണ് മുഹ‌്യിദ്ദീന്‍ ശൈഖിന്റെ പേര് വന്നതെന്നും പറയണം. ഇസ്‌ലാമിലെ ആധ്യാത്മിക സരണിയെ അപഭ്രംശമായി കാണുന്നവരുടെ പള്ളിക്ക് എങ്ങനെയാണ് ശൈഖ് ശാദുലി തങ്ങളുടെ പേര് വന്നതെന്നും പറയണം.

സലഫിസം എന്ന ആപത്കരമായ പ്രത്യയശാസ്ത്രം അധികാര സ്ഥാനങ്ങളുടെ മറവിലാണ് പല മുസ്‌ലിം രാജ്യങ്ങളിലും വേരുറപ്പിച്ചത്. കേരളത്തില്‍ അത് മുസ്‌ലിം ലീഗിന്റെ തണലിലാണു വളര്‍ന്നത്. കോഴി അതിന്റെ കുഞ്ഞുങ്ങള്‍ക്ക് ചിക്കിച്ചികഞ്ഞിട്ടു കൊടുക്കുന്നതു പോലെ ലീഗ് സുന്നി വഖ്ഫുകളും സ്ഥാപനങ്ങളും സലഫിസ്റ്റുകള്‍ക്ക് തരപ്പെടുത്തിക്കൊടുത്തു. ലീഗ് തന്നെ തിരുത്തണം, അല്ലെങ്കില്‍ ലീഗിനെ ഈ സമുദായം തിരുത്തും.

---- facebook comment plugin here -----

Latest