Travelogue
സലാം..യാ തരീം..!
തരീമിനോട് വിട പറഞ്ഞ് ഒമാനിലേക്ക് പോവുകയാണ്. മനസ്സിന് ഉൾക്കൊള്ളാനാകാത്ത ആ സത്യം വീണ്ടും വീണ്ടും എന്നെ ബോധിപ്പിച്ചു. ദാറുൽ മുസ്ത്വഫയോട് പിരിയുന്നതോർക്കുമ്പോൾ ഒരു നോവ്. ചിന്താമഗ്‌നനായി "മുസ്വല്ല അഹ് ലുൽ കിസ'യിൽ ഞാൻ ഏറെ നേരം ഇരുന്നു. ലോകത്ത് ജ്ഞാന കൈമാറ്റം നടത്തി പ്രബോധന മേഖലയിൽ ഏറെ വിപ്ലവം സൃഷ്ടിച്ച ഒരു കലാലയം! ഈ ജ്ഞാന സൗധത്തോട് വിട പറയുകയാണ്!
ഉംറ കഴിഞ്ഞ് ഞങ്ങൾ ക്യാമ്പസിൽ തിരിച്ചെത്തി. ദാറുൽ മുസ്ത്വഫയിലെ ഈ അധ്യയന വർഷം പൂർത്തിയാകാൻ ഇനി രണ്ട് മാസം മാത്രമേ ബാക്കിയുള്ളൂ. ശഅബാനിലെ പരീക്ഷാചൂടും ശഅബ് ഹൂദിലെ മഹാസംഗമവും കഴിഞ്ഞതോടെ വീണ്ടും നാൽപ്പത് ദിവസത്തെ ദൗറ കോഴ്‌സിന്റെ ആരവങ്ങളായി. അനേകം രാജ്യങ്ങളിൽ നിന്നും ദൗറക്കായി പ്രതിനിധികളെത്തിത്തുടങ്ങി. എത്ര പെട്ടെന്നാണ് ഒരു വർഷം കഴിഞ്ഞുപോയത്! ഇനി തിരക്കുപിടിച്ച ദിനങ്ങളാണ്. കഴിഞ്ഞ വർഷം ഇതുപോലെ ഒരു സമയത്താണ് ഈ ക്യാമ്പസിലേക്ക് ഞാൻ കടന്നുവന്നത്. ദൗറക്കെത്തുന്നവർക്ക് പുറമെ പുതിയ വിദ്യാർഥികളുടെ പ്രവേശനവും കോഴ്‌സ് കഴിഞ്ഞവർക്കുള്ള യാത്രയയപ്പും അവരുടെ വേർപാടിന്റെ സങ്കട നിമിഷങ്ങളും അവധിക്കാലത്ത് നാട്ടിൽ പോകുന്നവരുടെ സന്തോഷവും റമസാൻ ആഗതമാകുന്നതിന്റെ ആരവങ്ങളും എല്ലാം കൂടി സമ്മിശ്ര വികാരങ്ങളുടെ നിമിഷങ്ങളിലൂടെയാണിപ്പോൾ കടന്നു പോകുന്നത്. നാട്ടിൽ പോകാൻ സമയമായിട്ടുണ്ട് എന്ന് ഞാൻ ഇടക്കിടെ മനസ്സിനെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ വർഷം ഇവിടെ എത്തിയതിന് ശേഷം ഒന്നര മാസം കഴിഞ്ഞാണ് ഒരു വർഷത്തേക്കുള്ള ഇഖാമ അടിച്ചത്. അതനുസരിച്ച് ശവ്വാൽ പകുതി വരെ ഇനിയും ഇവിടെ തങ്ങാൻ സമയമുണ്ട്. കോഴ്‌സ് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇഖാമയുടെ സമയം തീർന്നതിന് ശേഷം നാട്ടിൽ പോകാമെന്ന് ഉറപ്പിച്ചു. അങ്ങനെ കഴിഞ്ഞ വർഷത്തെപ്പോലെ വീണ്ടും നാൽപ്പത് ദിവസത്തെ ദൗറയിൽ പങ്കെടുക്കാൻ പണമടച്ച് പേര് രജിസ്റ്റർ ചെയ്തു.
ദൗറക്കാലം കഴിഞ്ഞ വർഷത്തെപ്പോലെയല്ല. അപരിചിതമായി ഒന്നുമില്ല. എല്ലാം ആസ്വാദ്യകരം. ഒരു വർഷത്തെ തരീമിലെ ജീവിതം, മനസ്സും ശരീരവും എല്ലാത്തിനും എന്നെ പാകപ്പെടുത്തിയിരിക്കുന്നു. അന്ന്, പുതിയൊരു നാടും പരിസരവും ഭാഷയും സംസ്‌കാരവും ഉൾക്കൊള്ളാൻ എന്റെ മനസ്സ് തീർത്തും ബലഹീനമായിരുന്നു. പക്ഷേ, ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തരീമിന്റെ മണ്ണ് ഏറെ പ്രിയപ്പെട്ടതായി മാറി. ഇപ്പോൾ യമനികളും അല്ലാത്തവരുമായ സൗഹൃദവലയത്തിന്റെ വേരുകൾ പറിച്ചുമാറ്റാനാകാത്ത വിധം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു. നാട്ടിൽ നിന്നും ഇക്കൊല്ലവും പുതിയ വിദ്യാർഥികൾ വന്നിട്ടുണ്ട്. ദൗറയിൽ പങ്കെടുക്കാൻ വേണ്ടി മാത്രം വന്നവർ വേറെയുമുണ്ട്. വളരെ സന്തോഷമുള്ള ഒരു നോമ്പുകാലം. റമസാനിലും അല്ലാത്തപ്പോഴുമായി “അസ്ഹാബുൽ ഹിന്ദ്’ (ഇന്ത്യൻ വിദ്യാർഥികളെ അങ്ങനെയാണ് യമനികൾ വിശേഷിപ്പിക്കാറ്) ന് പലരും പ്രത്യേക സത്കാരങ്ങൾ നടത്തുന്നു. ദാറുൽ മുസ്ത്വഫയിലെ ഉസ്താദുമാർ, ഓഫീസ് ജീവനക്കാർ, തരീമിൽ ജീവിക്കുന്ന വിദേശി കുടുംബങ്ങൾ പലരും ഞങ്ങളെ സ്‌നേഹത്തോടെ വീട്ടിലേക്ക് ക്ഷണിച്ചു. നാൽപത്തഞ്ച് രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ പഠിക്കുന്ന ഒരു ക്യാമ്പസിൽ നിന്നും ഞങ്ങൾ ഏതാനും മലയാളി വിദ്യാർഥികളെ ഇത്രമേൽ സ്വീകരിക്കുന്നത് കണ്ട് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മതസ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികളെ അവരുടെ ഉസ്താദുമാർ പഠിപ്പിക്കുന്ന അച്ചടക്കവും സ്‌നേഹത്തോടെയുള്ള സമീപനവും ഇടപെടലും പ്രാക്ടീസ് ചെയ്യുന്നതാണ് ഇവർക്കേറെ ആകർഷണീയമെന്ന് പിന്നീട് ബോധ്യപ്പെട്ടിട്ടുമുണ്ട്. വർഷങ്ങൾക്ക് മുമ്പ്, ഹബീബ് ഉമർ തങ്ങൾ ആദ്യമായി കേരളത്തിൽ വന്ന് തിരിച്ചു പോയി ദാറുൽ മുസ്ത്വഫയിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് ഒരിക്കൽ സുഡാനിലെ ത്വാഹ ഉമർ അബ്ബാസി പറഞ്ഞിരുന്നു. കേരളത്തിലെ മതവിദ്യാർത്ഥികളുടെ അച്ചടക്കത്തെക്കുറിച്ചാണ് ഹബീബ് അന്ന് പ്രതിപാദിച്ചത്. ഒരു ലോകാത്ഭുതം കണ്ടു എന്ന് പറഞ്ഞാണത്രെ ആ പ്രസംഗം തുടങ്ങിയത്! നമ്മുടെ പാരമ്പര്യ ഉലമാക്കൾ നമുക്ക് കാണിച്ച് തന്ന മാതൃകൾ എത്ര മഹനീയം!
വളരെ തിരക്കിനിടയിലും നാട്ടിലേക്ക് മടങ്ങുന്ന മലയാളി വിദ്യാർത്ഥികൾക്കായി പ്രത്യേക ജൽസക്ക് ഹബീബ് ഉമർ തങ്ങൾ സമയം അനുവദിച്ചു. ഒരു പാട് ഉപദേശ നിർദ്ദേശങ്ങളാണ് ആ സംഗമത്തിൽ ഞങ്ങളോട് പറഞ്ഞത്. സംസാരത്തിനിടയിൽ, കേരളത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറം തങ്ങളടക്കമുള്ള ഹള്‌റമി സാദാത്തുക്കൾ, ജീവിച്ചിരിക്കുന്ന ഉലമാക്കളുടെ സേവനങ്ങൾ, വിശേഷിച്ചും ശൈഖ് അബൂബക്കർ അഹ്മദ്, ശൈഖ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, മർകസ്, മഅ’ദിൻ സ്ഥാപനങ്ങൾ… എല്ലാം ആ വാക്കുകളിൽ കടന്നു വന്നു. പ്രത്യേകിച്ച്, ഓരോ നാടുകളിലും അവിടെയുള്ള ഉലമാക്കൾ സ്ഥാപിച്ചെടുത്ത ആശയങ്ങളെയും സംസ്‌കാരങ്ങളെയുമാണ് നിങ്ങൾ പിന്തുടരേണ്ടതെന്ന നിർദ്ദേശം ആവർത്തിച്ചു പറഞ്ഞു. പിന്നീട് ഓരോരുത്തരുടെ കൈകൾ കോർത്തു പിടിച്ച് ഹള്‌ർമൗത്തിൽ പാരമ്പര്യമായി പാലിച്ചുപോരുന്ന ബാ അലവി സൂഫി ധാരയിലെ ജീവിത ശൈലികൾ പിന്തുടരാനുള്ള അനുമതിയും ഞങ്ങൾക്ക് തന്നു. ശേഷം യമനീ തലപ്പാവും കോട്ടും ധരിപ്പിച്ചു. നിറഞ്ഞ മനസ്സോടെയാണ് അവിടെ നിന്നും ഞങ്ങൾ പിരിഞ്ഞത്.
നോമ്പും പെരുന്നാളും പോയതറിഞ്ഞില്ല. ദൗറക്ക് വന്നവരും നാടുകളിലേക്ക് മടങ്ങി. എനിക്ക് നാട്ടിലേക്ക് മടങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അപ്പോഴാണ് അയൽരാജ്യമായ ഒമാൻ വഴി നാട്ടിലേക്ക് മടങ്ങാമെന്ന ചിന്തയുദിച്ചത്. ഒമാനിലെ സംഘടനാ നേതാവും കൊണ്ടോട്ടി ബുഖാരി ദഅവ കോളജിലെ എന്റെ സീനിയറുമായ വി ജെ ശഫീഖ് ബുഖാരിയെ ബന്ധപ്പെട്ടു. രണ്ടാഴ്ചത്തെ ഒമാൻ വിസയടിക്കാൻ തരീമിൽ നിന്നും സലാലയിലേക്ക് ബസ് മാർഗം പാസ്‌പോർട്ട് അയച്ചു കൊടുത്തു. ടൂറിസ്റ്റ് വിസയായതുകൊണ്ട് വൈകാതെ വിസയടിച്ചു വന്നു. തനിച്ചാണ് ഒമാനിലേക്കുള്ള ഈ യാത്ര. മസ്‌കത്ത് എയർപോർട്ടിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഫ്ലൈറ്റിന് ടിക്കറ്റെടുത്തു. തരീമിൽ നിന്നും സലാലയിലേക്കുള്ള ബസ് ടിക്കറ്റും റെഡിയാക്കി.
നാളെ വൈകുന്നേരം തരീമിനോട് വിട പറഞ്ഞ് ഒമാനിലേക്ക് പോകുകയാണ്. മനസ്സിന് ഉൾക്കൊള്ളാനാകാത്ത ആ സത്യം വീണ്ടും വീണ്ടും എന്നെ ബോധിപ്പിച്ചു. ദാറുൽ മുസ്ത്വഫയോട് പിരിയുന്നതോർക്കുമ്പോൾ ഒരു നോവ്. ചിന്താമഗ്‌നനായി “മുസ്വല്ല അഹ് ലുൽ കിസ’യിൽ ഞാൻ ഏറെ നേരം ഇരുന്നു. ലോകത്ത് ജ്ഞാന കൈമാറ്റം നടത്തി പ്രബോധന മേഖലയിൽ ഏറെ വിപ്ലവം സൃഷ്ടിച്ച ഒരു കലാലയം! ഈ ജ്ഞാന സൗധത്തോട് നാളെ വിട പറയുകയാണ്!
അറിവും ആത്മജ്ഞാനം കൊണ്ടും ലോകത്ത് വിസ്മയം തീർത്ത വന്ദ്യ ഗുരു ഹബീബ് ഉമർ ബിൻ ഹഫീള്, അഞ്ച് നേരവും ആയിരങ്ങൾ സുജൂദ് ചെയ്യുകയും ഇലാഹീ സ്മരണയിലായി കഴിഞ്ഞുകൂടുകയും ചെയ്യുന്ന മുസ്വല്ല അഹ് ലുൽ കിസ, ഹബീബ് ഉമർ തങ്ങളുടെ പിന്നിൽ നിന്നുള്ള ജമാഅത്ത് നിസ്‌കാരങ്ങൾ, ക്ലാസുകൾ, വൈകുന്നേരങ്ങളിലെ റൗഹ, മഹാരഥന്മാർ വിശ്രമിക്കുന്ന സമ്പൽ മഖാം, ചരിത്രമുറങ്ങുന്ന തരീം പട്ടണം, ദാറുൽ മുസ്ത്വഫയിലെ ആത്മീയ സംഗമങ്ങൾ, ഹൃദയങ്ങളിൽ തസ്‌കിയത്ത് നിറച്ചുതരുന്ന ഹബീബിന്റെ പ്രഭാഷണങ്ങൾ, അറിവ് പകർന്നുതന്ന മറ്റു ഗുരുനാഥന്മാർ, സ്‌നേഹാദരവുകൾ നിറഞ്ഞ ശുഊനു തുല്ലാബിലെ ജീവനക്കാർ, ഐദീദിലെ ബതാതീസ് കടകൾ, മാസത്തിലൊരിക്കലെങ്കിലും ഉമ്മയുടെയും ഉസ്താദുമാരുടെയും ശബ്ദം കേൾപ്പിക്കാറുള്ള ടെലിഫോൺ ബൂത്തുകൾ, ഇന്റർനെറ്റ് കഫേകൾ, കച്ചവടക്കാർ, തൊഴിലാളികൾ, കർഷകർ, യാചകർ, ബീഅതുൽ മുസ്ത്വഫവിയ്യയിലെ വിദേശികൾ, സഹപാഠികൾ, ഐദീദിലെ ടാക്‌സികൾ, പ്ലേഗ്രൗണ്ട്, കാന്റീൻ, കൂൾബാർ, ലൈബ്രറി ഹാൾ, മസ്ബഹുകൾ, ഭക്ഷണശാലകൾ, യമനികളുടെ സ്‌നേഹ സത്കാരങ്ങൾ എല്ലാത്തിനും പുറമെ പിരിയാനാകാത്ത വിധം വേരുറച്ചു പോയ കുറേയേറെ സുഹൃത്തുക്കൾ…
പോകാനുള്ള ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. തരീമിൽ ജീവിച്ചിരിക്കുന്ന പ്രായം ചെന്ന മിക്ക പണ്ഡിതരെയും പലപ്പോഴായി കണ്ടിട്ടുണ്ടെങ്കിലും രിബാത്വു തരീം എന്ന കലാലയത്തിന്റെ നായകനായ ഹബീബ് സാലിം അബ്ദുല്ല ശാത്വിരിയെ നാട്ടിൽ പോകുന്നതിന് മുമ്പ് ഒരിക്കൽ കൂടി നേരിട്ട് കാണണമെന്ന് നേരത്തെ ആഗ്രഹിച്ചതാണ്. പക്ഷേ, നടന്നില്ല. ഇനിയൊരവസരം ഉണ്ടാകാനിടയില്ല. ഹബീബ് ഉമർ തങ്ങളുടെ ഉസ്താദ് കൂടിയായ അദ്ദേഹത്തെ കാണാനായി മഗ്്രിബ് നിസ്‌കരിക്കാൻ രിബാത്വിലെത്തി. പക്ഷേ, വീട്ടിലെ വിവാഹവുമായി ബന്ധപ്പെട്ട ചില തിരക്കിലായതുകൊണ്ട് അദ്ദേഹം അവിടേക്ക് വന്നിട്ടില്ല എന്ന വിവരം ലഭിച്ചു. എന്തായാലും വീട്ടിൽ ചെന്ന് കാണണമെന്ന് കരുതി പുറത്തിറങ്ങി. ഇരുട്ട് പരന്ന ഊടുവഴിയിലൂടെ വീടന്വേഷിച്ച് നടന്നു. വീടിന് മുന്നിലെത്തിയപ്പോൾ ഗേറ്റ് അകത്ത് നിന്നും പൂട്ടിയിരിക്കുന്നു. നിരാശയോടെ ഞാനവിടെ തന്നെ നിന്നു. ഉള്ളിൽ നിന്നും ഗേറ്റ് തുറന്ന് ഒരാൾ പുറത്ത് കടന്ന നിമിഷം ഞാൻ ഉള്ളിൽ പ്രവേശിച്ചു. സമ്മതം ചോദിച്ച് വീട്ടിനുള്ളിൽ കയറി. വീൽചെയറിലിരിക്കുന്ന അദ്ദേഹത്തിന്റെ അടുത്തുപോയി, താഴെ നിലത്തിരുന്നു. നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞപ്പോൾ ഏറെ നേരം പ്രാർഥിച്ചു. മന്ത്രിച്ചു. ഇജാസത്തുകളെല്ലാം ലഭിച്ചു. സന്തോഷത്തോടെ അവിടെ നിന്നും സലാം ചൊല്ലി പിരിഞ്ഞു. (2018 ഫെബ്രുവരിയിൽ മക്കയിൽ വെച്ച് അദ്ദേഹം വിടവാങ്ങി)
രാത്രി തരീം പട്ടണത്തിലൂടെ ക്യാമ്പസിലേക്ക് തിരിച്ചുനടന്നു. ഈ പട്ടണത്തോട് വിട പറയുകയാണല്ലോ എന്നോർക്കുമ്പോൾ ഒരു നൊമ്പരം. ഉയർന്ന് നിൽക്കുന്ന മിനാരങ്ങളേ, ഇനിയെന്ന് നാം കാണും?
ചരിത്ര വിസ്മയങ്ങളായ മൺകൊട്ടാരങ്ങളേ, ഇനിയെ` ന്ന് നാം സന്ധിക്കും?
വരുന്ന വഴിയിൽ സമ്പൽ മഖാമിൽ കയറി. എത്രയെത്ര മഹത്തുക്കളാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്?!
രാത്രി, മഖാമിൽ ആരുമില്ലാത്ത നേരമാണ്. ഇരുട്ടിൽ ദീർഘനേരം ഏകനായി അവിടെ നിന്നു. കണ്ണുകൾ സജലമായി… കഴിഞ്ഞ കാലങ്ങളിൽ ആത്മീയ വെളിച്ചം വീശി കടന്നുപോയ മഹാന്മാരോട് സലാം ചൊല്ലി പിരിയുകയാണ്.. ഇനിയെന്ന്?
ഉയിർത്തെഴുന്നേൽപ്പു നാളിൽ, നിങ്ങളുടെ നാട്ടിൽ വന്ന ഈ പാവപ്പെട്ടവനെയും പരിഗണിക്കേണമേ… ഇനിയും ഞാൻ വരും; എന്നെങ്കിലും..! അല്ലാഹ്, ഉതവി നൽകേണമേ..എന്നെ സ്വീകരിക്കേണമേ.. കണ്ണീരിൽ കുതിർന്ന ഓർമകൾക്ക് കൂട്ടിനായി ഇനിയെന്നും വിറക്കുന്ന ചുണ്ടുകളിൽ നിന്നടരുന്ന പ്രാർഥനകൾ മാത്രം..
ദാറുൽ മുസ്ത്വഫാ വിദ്യാർഥി ജീവിതത്തിലെ അവസാനത്തെ പ്രഭാതവും വിടർന്നു. കാണുന്നവരോടെല്ലാം യാത്ര പറയാനുള്ളതാണീ പകൽ. മലയാളികളെ കൂടാതെ പല രാജ്യങ്ങളിൽ നിന്നുള്ള അനേകം സുഹൃത്തുക്കളെയാണ് ഈ ക്യാമ്പസ് എനിക്ക് സമ്മാനിച്ചിരിക്കുന്നത്. പിരിയാൻ നേരമാണ് ആ സൗഹൃദത്തിന്റെ ആഴം ഞാൻ മനസ്സിലാക്കുന്നത്. യാത്ര പറയുമ്പോൾ പലരുടെയും നെഞ്ചുപൊട്ടി കണ്ണീർ കവിളിലൂടെ ഒഴുകുന്നത് ഞാൻ കണ്ടു. ശുഊനുത്തുല്ലാബിലെ ഉമർ അലൈവ ഒരു ഗിഫ്റ്റുമായി എന്റെ അടുത്ത് വന്നു, നിറകണ്ണുകളോടെ യാത്ര പറഞ്ഞു. ഹബീബ് ഉമർ തങ്ങളുടെ മകൻ ഹബീബ് സാലിം ബിൻ ഹഫീള് എന്നെ ആലിംഗനം ചെയ്ത് പ്രാർഥിച്ചു. അറിവ് പകർന്നു തന്ന ഉസ്താദുമാരോടെല്ലാം യാത്ര പറഞ്ഞു. മറവിക്കും മറക്കാനാകാത്ത നിമിഷങ്ങൾ.. പിരിയാത്ത നൊമ്പരങ്ങൾ ബാക്കിയാക്കിയാണ് ഓരോ നിമിഷവും കടന്നു പോകുന്നത്.
അസർ നിസ്‌കരിച്ച്, അദ്കാറുകൾ ചൊല്ലി, ഹബീബ് ഉമർ ബിൻ ഹഫീള് തങ്ങൾ റൗഹ തുടങ്ങി. അവസാനം ഒന്നുകൂടി യാത്ര പറഞ്ഞ് കൈപിടിക്കാനായി ഞാൻ സദസ്സിന് മുന്നിലെത്തി. ഹബീബ് ക്ലാസ് നിർത്തി, മെല്ലെ ചെവിയിൽ ദുആ വസ്വിയ്യത്ത് ചെയ്തു. കണ്ഠമിടറി, സലാം പറഞ്ഞു. പുറത്തിറങ്ങി. കണ്ണ് തുടച്ച്, ക്യാമ്പസിന് മുന്നിൽ നിൽക്കുന്ന ടാക്‌സിയിൽ കയറി. യാത്രയാക്കാൻ മലയാളി സുഹൃത്തുക്കളെല്ലാവരുമുണ്ട്. ഞങ്ങൾ തരീമിലെ ബസ് സ്റ്റോപ്പിലെത്തി. മഗ്്രിബിന് തൊട്ടുമുമ്പായി സലാലയിലേക്കുള്ള ബസ് വന്നുനിർത്തി. തരീമിലെ പതിമൂന്നര മാസത്തെ ഹൃദ്യമായ ഈ ജീവിതത്തിന് ഇവിടെ പരിസമാപ്തി. സലാം..യാ തരീം..!
(അവസാനിച്ചു)