Kerala
കൊവിഡ് പോരാളിയായ സലാംകുമാറിന് അടച്ചുറപ്പുള്ള വീട്; 20 ലക്ഷം രൂപ കൈമാറി എം എ യൂസഫലി
ലുലു ഗ്രൂപ്പ് നല്‍കുന്ന ആംബുലന്‍സും ഉടന്‍ കൈമാറും
പത്തനംതിട്ട | കൊവിഡ് കാലത്ത് വൈകല്യത്തെ മറികടന്ന് സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ തിളങ്ങിയ സലാം കുമാറിന് വീടെന്ന സ്വപ്‌നം സാധ്യമാക്കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. വീട് നിര്‍മ്മാണത്തിനുള്ള 20 ലക്ഷം രൂപ ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലിയുടെ സെക്രട്ടറി ഇ എ ഹാരീസ്, ലുലു ഗ്രൂപ്പ് ഇന്ത്യാ മീഡിയ കോഓഡിനേറ്റര്‍ എന്‍ ബി സ്വരാജ് എന്നിവര്‍ ചേര്‍ന്ന് സലാം കുമാറിന്റെ വീട്ടിലെത്തി കൈമാറി. ശാരീരിക ബുദ്ധിമുട്ടുകളുള്ള സലാംകുമാറിന്റെ കൊവിഡ് കാലത്തെ സേവനങ്ങള്‍ ശ്രദ്ദേയമായിരുന്നു.
റാന്നി നാറാണംമൂഴിയിലെ ഉന്നത്താനി ലക്ഷം വീട് കോളനിയിലെ പൊളിഞ്ഞു വീഴാറായ വീട്ടില്‍ നിന്നാണ് സലാകുമാര്‍ വീടെന്ന സ്വപ്നത്തിലേക്ക് അടുക്കുന്നത്. അരയ്ക്ക് താഴെ തളര്‍ന്ന് പോയ സലാംകുമാര്‍ കൊവിഡ് കാലത്ത് പത്തനംതിട്ടയുടെ മലയോര മേഖലയിലെ പോരാളി ആയിരുന്നു. കൊവിഡ് രോഗികളുടെ അടുത്തേക്ക് ആരും അടുക്കാന്‍ മടിച്ചിരുന്ന കാലത്ത് ശാരീരിക വെല്ലുവിളികളെ മറികടന്നാണ് സലാംകുമാര്‍ സ്വന്തം വാഹനത്തില്‍ കൊവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കുകയും മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങളും ചെയ്തത്. ഈ ഇച്ഛാശക്തിയെ പ്രകീര്‍ത്തിച്ചാണ് എം എ യൂസഫലിയുടെ സഹായം എത്തിയത്.
സ്വന്തമായി സുരക്ഷിത്വമുള്ള വീട് പോലും ഇല്ലാതിരുന്നിട്ടും സമൂഹിക സേവനത്തിനിറങ്ങിയ സലാംകുമാറിന് യുസഫലിയുടെ സമ്മാനമായിട്ടാണ് അടച്ചുറപ്പുള്ള വീട് ഒരുങ്ങുന്നത്. അടച്ചുറപ്പുള്ള വീട് കിട്ടുന്നതിന്റെ സന്തോഷത്തിലാണ് സലാംകുമാര്‍. അഞ്ച് മാസം കൊണ്ട് വീട് നിര്‍മ്മാണം പൂത്തിയാകും. സലാം കുമാറിന്റെ തുടര്‍ന്നുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രദേശത്തെ വാട്ട്‌സ്പ്പ് കൂട്ടായ്മക്ക് ലുലു ഗ്രൂപ്പ് നല്‍കുന്ന ആംബുലന്‍സും ഉടന്‍ കൈമാറും.
സലാം കുമാറിന് സഹായമായി ഒരുലക്ഷം രൂപ നേരത്തെ കൈമാറിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി, വൈസ് പ്രസിഡന്റ് രാജന്‍ നീരംപ്ലാക്കള്‍, റെജി മെമ്പര്‍, ഷാജി ഇറക്കല്‍, ഷാജി കാട്ടൂര്‍, അജിത് എന്നിവര്‍ സംബന്ധിച്ചു.