Connect with us

ksrtc crisis

കെ എസ് ആര്‍ ടി സിയിലെ ശമ്പള പ്രതിസന്ധി: പണിമുടക്കിയവര്‍ പരിഹരിക്കട്ടെയെന്ന് ഗതാഗത മന്ത്രി

പത്താം തീയതിക്ക് മുമ്പ് പണിമുടക്കരുതെന്ന ധാരണ യൂനിയനുകളാണ് ലംഘിച്ചതെന്നും അത് പ്രതിസന്ധി രൂക്ഷമാക്കിയെന്നും ആന്റണി രാജു പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയില്‍ ഏപ്രില്‍ മാസത്തെ ശമ്പളം ഇതുവരെ കൊടുക്കാനാകാത്തതിന് പണിമുടക്കിയ തൊഴിലാളി യൂനിയനുകളെ കുറ്റപ്പെടുത്തി ഗതാഗത മന്ത്രി ആന്റണി രാജു. പത്താം തീയതിക്ക് മുമ്പ് പണിമുടക്കരുതെന്ന ധാരണ യൂനിയനുകളാണ് ലംഘിച്ചതെന്നും അത് പ്രതിസന്ധി രൂക്ഷമാക്കിയെന്നും ആന്റണി രാജു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം വേണമെന്ന് നിലപാടുയര്‍ത്തിയ യൂനിയനുകളാണ് പണിമുടക്കിയിരുന്നത്. സി ഐ ടി യു പണിമുടക്കില്‍ നിന്ന് വിട്ടുനിന്നെങ്കിലും സര്‍വീസുകള്‍ താറുമാറായിരുന്നു. കളക്ഷനെയും ബാധിച്ചു.

ഇത് പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് ഗതാഗത മന്ത്രി പറയുന്നത്. പണിമുടക്കിയിരുന്നില്ലെങ്കില്‍ പത്താം തീയതിക്കകം ശമ്പളം നല്‍കാന്‍ കെ എസ് ആര്‍ ടി സി ശ്രമിക്കുമായിരുന്നു. പണിമുടക്കിയതോടെ ആ സാധ്യത അടഞ്ഞെന്നും പരിഹാരം പണിമുടക്കിയവര്‍ തന്നെ കാണട്ടെയെന്നും ഗതാഗത മന്ത്രി പറഞ്ഞു. മാർച്ച് മാസത്തെ ശമ്പളവും മുടങ്ങിയിരുന്നു. വിഷുവിന് ശേഷമാണ് അന്ന് ശമ്പളം വിതരണം ചെയ്യാനായത്.