Connect with us

ksrtc

കെ എസ് ആർ ടി സിയിൽ ചൊവ്വാഴ്ച മുതൽ ശമ്പള വിതരണം

60 കോടി അനുവദിച്ച് സർക്കാർ

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആർ ടി സിയിൽ ശമ്പള വിതരണത്തിന് സർക്കാർ 60 കോടി രൂപ അനുവദിച്ചു. ചൊവ്വാഴ്ച മുതൽ ശമ്പളം നൽകിത്തുടങ്ങും. 24 കോടി രൂപ കെ എസ് ആർ ടി സിയുടെ ഫണ്ടിൽ നിന്ന് കൂടി എടുത്ത് 84 കോടി രൂപ ശമ്പളത്തിനായി മാറ്റിവെച്ചിട്ടുണ്ടെന്ന് എം ഡി ബിജു പ്രഭാകർ അറിയിച്ചു.

കൊവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് സർക്കാർ പിടിച്ചിരുന്ന തുകയുടെ അവസാന ഗഡുവായ 7.20 കോടി രൂപ കെ എസ് ആർ ടി സിയുടെ ഫണ്ടിൽ നിന്ന് നൽകിയിരുന്നു. ഇതോടെ ഈ മാസം കെ എസ് ആർ ടി സിയുടെ തനത് ഫണ്ടിൽ നിന്ന് ശമ്പളത്തിന് വേണ്ടി 31.20 കോടി രൂപയാണ് ചെലവഴിച്ചത്. മാസം പകുതി ആയിട്ടും ജീവനക്കാർക്ക് ശമ്പളം കിട്ടിയിരുന്നില്ല. അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ ട്രേഡ് യൂനിയൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശമ്പള വിതരണത്തിന് തുക അനുവദിച്ചിരിക്കുന്നത്.
ശമ്പള പരിഷ്‌കരണം അനന്തമായി നീളുന്നതിനെതിരെ ഈ മാസം അഞ്ച്, ആറ് തീയതികളിൽ കെ എസ് ആർ ടി സി ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.

എന്നാൽ, സൂചനാ പണിമുടക്ക് നടത്തി ഒരാഴ്ച പിന്നിട്ടിട്ടും ശമ്പള പരിഷ്‌കരണത്തിൽ തീരുമാനമാകുകയോ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം വിതരണം ചെയ്യുകയോ ചെയ്തിരുന്നില്ല. നിലവിൽ പെൻഷന് പുറമെ ശമ്പളത്തിനും സർക്കാറിൽ നിന്നുള്ള സഹായം കെ എസ് ആർ ടി സിക്ക് അനിവാര്യമാണ്.

Latest