Connect with us

from print

ദിവസവേതനാധ്യാപകരുടെ ശമ്പളം ഓണത്തിന് മുമ്പ്; കൂടുതല്‍ ക്രമീകരണം

നടപടികളില്‍ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ക്രമീകരണങ്ങള്‍.

Published

|

Last Updated

കോഴിക്കോട് | തടസ്സപ്പെട്ട ദിവസവേതന അധ്യാപകരുടെ ശമ്പള വിതരണം വേഗത്തിലാക്കാന്‍ കൂടുതല്‍ നടപടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും ജില്ലാ വിദ്യാഭ്യാസ ഓഫീസും അംഗീകാരം നല്‍കിയിട്ടും ശന്പളം സ്പാര്‍ക്കിലൂടെ പ്രോസസ് ചെയ്യുന്നതിനുള്ള തടസ്സങ്ങളാണ് ശമ്പള വിതരണം വൈകാന്‍ കാരണമായിരുന്നത്. ടെമ്പററി എംപ്ലോയി നമ്പര്‍(ടി ഇ എന്‍) ലഭ്യമാകുന്നതിനുള്ള സാങ്കേതിക ബുദ്ധിമുട്ടായിരുന്നു അത്. എന്നാല്‍ ഇത് പരിഹരിക്കാന്‍ സംസ്ഥാനത്തെ 14 ഡി ഡി ഇമാര്‍ക്കും ഡി ഇ ഒമാര്‍ക്കും ലോഗിന്‍ ചെയ്യുന്നതിനുള്ള അനുമതിയായി. ഇന്നോ നാളെയോ ഇതിന്റെ ഉത്തരവ് എല്ലാ ഡി ഡി ഇ, ഡി ഇ ഒ ഓഫീസുകളിലും ലഭിക്കും.

ഓണത്തിന് മുമ്പ് തന്നെ ദിവസവേതന അധ്യാപകര്‍ക്ക് ശന്പളം ലഭ്യമാക്കുന്നതിനുള്ള തിരക്കിട്ട ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഇത്തരം അധ്യാപകര്‍ക്ക് താത്കാലിക പെന്‍നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസില്‍ കൂടുതല്‍ ജീവനക്കാരെ ദിവസങ്ങള്‍ക്ക് മുമ്പ് ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും നടപടികളില്‍ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ക്രമീകരണങ്ങള്‍.

സര്‍ക്കാര്‍ സ്‌കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കാണ് രണ്ടര മാസമായി വേതനം ലഭിക്കാത്തത്. ഈ വര്‍ഷം ജൂണ്‍ മുതലാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയത്. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഭരണ- പ്രതിപക്ഷ അധ്യാപക സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ കലോത്സവവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലും അധ്യാപക സംഘടനാ പ്രതിനിധികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ശന്പളം വിതരണം ഓണത്തിന് മുമ്പാക്കാന്‍ നടപടി സ്വീകരിച്ചത്. നേരത്തേ നാല് ദിവസത്തിനുള്ളില്‍ തന്നെ താത്കാലിക പെന്‍നമ്പര്‍ ഉള്‍പ്പെടെയുള്ളവ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഈ അധ്യയന വര്‍ഷം ഇതുവരെയും ഭൂരിപക്ഷം ദിവസവേതന അധ്യാപകര്‍ക്കും താത്കാലിക പെന്‍നമ്പര്‍ ലഭിച്ചിട്ടില്ല. പി എസ് സി നിയമനം നടത്താത്തതിനാല്‍ എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ആയിരക്കണക്കിന് അധ്യാപകരെയാണ് ദിവസ വേതനത്തില്‍ നിയമിച്ചത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest