Connect with us

Kerala

ഒന്നാം തീയതി ശമ്പളം; കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ആശ്വാസം

മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായി ഇന്ന് വിതരണം ചെയ്തു. ഇന്ന് തന്നെ ശമ്പള ഇനത്തില്‍ 80 കോടിയുടെ വിതരണം പൂര്‍ത്തിയാക്കി

Published

|

Last Updated

തിരുവനന്തപുരം | വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം. മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായി ഇന്ന് വിതരണം ചെയ്തു. ഇന്ന് തന്നെ ശമ്പള ഇനത്തില്‍ 80 കോടിയുടെ വിതരണം പൂര്‍ത്തിയാക്കിയതായി കെ എസ് ആര്‍ ടി സി അറിയിച്ചു.

2020 ഡിസംബറിലാണ് കെ എസ് ആര്‍ ടി സിയില്‍ ഇതിനു മുമ്പ് ഒന്നാം തീയതി മുഴുവന്‍ ശമ്പളം കൊടുത്തത്. ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് ശമ്പള വിതരണം നടത്തിയത്. 10.8 ശതമാനം പലിശയില്‍ എസ് ബി ഐയില്‍ നിന്ന് എല്ലാ മാസവും 100 കോടിയുടെ ഓവര്‍ഡ്രാഫ്റ്റാണ് സ്ഥിരം സംവിധാനത്തിനായി എടുക്കുന്നത്. സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മുറയ്ക്ക് ഇതില്‍ 50 കോടി തിരിച്ചടയ്ക്കും.

സര്‍ക്കാര്‍ നിലവില്‍ നല്‍കുന്ന 50 കോടിയുടെ പ്രതിമാസ സഹായം ഓവര്‍ഡ്രാഫ്റ്റിലേയ്ക്ക് അടയ്ക്കും. ചെലവ് ചുരുക്കിയും വരുമാനം കൂട്ടിയും ബാക്കി തുക എല്ലാ മാസവും 20നുള്ളില്‍ അടച്ചുതീര്‍ക്കാനാണ് പദ്ധതി. ശമ്പളം മുടങ്ങുന്നതും ഗഡുക്കളായി നല്‍കുന്നതും ഒഴിവാക്കുമെന്ന് കഴിഞ്ഞ മാസം ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ ജീവനക്കാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.

 

Latest