Kerala
പാലക്കാട് ബര്‍ഗര്‍ കടയുടെ മറവില്‍ ലഹരി വില്‍പ്പന; യുവാവ് അറസ്റ്റില്‍
പാലക്കാട് വിക്ടോറിയ കോളേജിന് സമീപം ഹെവന്‍ലി ബ്ലെന്‍ഡ്‌സ് എന്ന പേരില്‍ ബര്‍ഗര്‍ ഷോപ്പ് നടത്തിയ റസൂലാണ് പിടിയിലായത്
പാലക്കാട് | ബര്‍ഗര്‍ കടയുടെ മറവില്‍ കഞ്ചാവും സിന്തറ്റിക്ക് ലഹരികളും വില്‍പ്പന നടത്തിയ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പാലക്കാട് വിക്ടോറിയ കോളേജിന് സമീപം ഹെവന്‍ലി ബ്ലെന്‍ഡ്‌സ് എന്ന പേരില്‍ ബര്‍ഗര്‍ ഷോപ്പ് നടത്തിയ റസൂലാണ് പിടിയിലായത് . നഗരത്തിലെ ഇയാളുടെ ഫ്‌ളാറ്റില്‍ നിന്നും വന്‍ മയക്കുമരുന്ന് ശേഖരവും പിടികൂടി. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ബര്‍ഗര്‍ കടയുടെ മറവില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റുമായി റസൂല്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്നുണ്ടെന്നു എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റസൂലും തൊഴിലാളികളും താമസിച്ചിരുന്ന സൂര്യ സെന്‍ട്രല്‍ അപ്പാര്‍ട്ട്‌മെന്റ് എന്ന ഹൗസിംഗ് കോംപ്ലക്‌സിലെ അഞ്ചാം നിലയിലെ ഫ്‌ളാറ്റ് എക്‌സൈസ് സംഘം റെയിഡ് ചെയ്തത്. ഇവിടത്തെ മുറികള്‍ തുറന്നു പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. മുറികളില്‍ നിന്നും പ്രതിയുടെ കൈവശം നിന്നുമായി ആകെ 5.5 കിലോഗ്രാം കഞ്ചാവും 110 ഗ്രാം മെത്താംഫിറ്റാമിനും കണ്ടെടുത്തു.