Connect with us

From the print

സലീമിന്റെ ജീപ്പോടുന്നു; കാണാതായ ആരെങ്കിലും കൈകാണിച്ചാലോ

സഞ്ചാരികളെയുമെല്ലാം വഹിച്ച് വിശേഷങ്ങൾ മുഴങ്ങിയിരുന്ന ജീപ്പകം ഇന്ന് പക്ഷേ നിശബ്ദമാണ്.

Published

|

Last Updated

കൽപ്പറ്റ | നെഞ്ച് കീറുന്ന വേദനയിലും ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ സലീമുണ്ട്. പതിവായി ഓട്ടം പോകുന്ന വഴിയിലൂടെയാണ് യാത്രയെങ്കിലും ഒരാഴ്ച മുന്പ് വരെയുണ്ടായിരുന്ന നിലയല്ല ഇപ്പോൾ. എസ്റ്റേറ്റ് തൊഴിലാളികളെയും നാട്ടുകാരെയും മറുനാട്ടുകാരെയും സഞ്ചാരികളെയുമെല്ലാം വഹിച്ച് വിശേഷങ്ങൾ മുഴങ്ങിയിരുന്ന ജീപ്പകം ഇന്ന് പക്ഷേ നിശബ്ദമാണ്. മൃതദേഹങ്ങൾ കയറ്റിയും രക്ഷാപ്രവർത്തകർക്കുള്ള ഭക്ഷണവുമായെല്ലാം തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ആ ജീപ്പ് കടന്നുപോകുന്നു.
ദുരന്തം ചൂരൽമലയെ വിഴുങ്ങിയ ദിവസം, വെള്ളവും ചെളിയും നിറഞ്ഞ തകർന്ന വഴിയിലൂടെ ജീവന്റെ തുടിപ്പുമായി ഇതേ ജീപ്പ് ഇതുവഴി കടന്നുപോയിരുന്നു.
ചൂരൽമല ടൗണിലാണ് ജീപ്പ് ഡ്രൈവറായ പടിഞ്ഞാറെക്കര സലീമിന്റെ വീട്. തന്റെ വീടിന്റെ മുന്നിൽ നിന്നങ്ങോട്ടെല്ലാം ഉരുൾ കൊണ്ടുപോയി.
അയൽപ്പക്കത്തുള്ള എട്ട് പേരെയാണ് കാണാതായത്. മൂന്ന് പേരെ മാത്രമാണ് ജീവനോടെയും അല്ലാതെയും ലഭിച്ചത്.

ബാപ്പയും ഉമ്മയും ഭാര്യയും രണ്ട് മക്കളുമാണ് സലീമിന്റെ കുടുംബത്തിൽ. രാത്രിയാണ് ബാപ്പ എന്തോ ശബ്ദം കേൾക്കുന്നുവെന്ന് പറഞ്ഞത്. പുറത്തിറങ്ങിയപ്പോൾ വൈദ്യുതി നിലച്ചിരുന്നു. ഉരുൾപൊട്ടലാണെന്ന് മനസ്സിലായപ്പോൾ ജീപ്പ് ഡ്രൈവർമാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ മെസ്സേജിട്ടു.
അവരെല്ലാം ഉടനെ വാഹനവുമായി പ്രദേശത്തേക്കെത്തി. ആദ്യത്തെ ഉരുൾപൊട്ടലിൽ കുറേപ്പേരെ രക്ഷിക്കാൻ സാധിച്ചു.

പാലം തകർന്നതോടെ മുണ്ടക്കൈയിലേക്ക് പോകാൻ സാധിച്ചില്ല. അവിടെയുള്ള സുഹൃത്ത് ലത്വീഫിനെ വിളിച്ചു. പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ലത്വീഫിന്റെ ജ്യേഷ്ഠനെ വിളിച്ചപ്പോൾ അദ്ദേഹം മേപ്പാടിയിലാണെന്ന് അറിഞ്ഞു. പിന്നീടാണ് ലത്വീഫും ഭാര്യയും മക്കളുമെല്ലാം മരിച്ച വിവരം അറിയുന്നത്.
പ്രിയപ്പെട്ട അയൽക്കാരും നാട്ടുകാരും നഷ്ടമായ ഭൂമിയിൽ രാവിലെ മുതൽ ജീപ്പിൽ സലീമുണ്ടാകും. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കും മേപ്പാടിയിലേക്കുമെല്ലാം ആ ജീപ്പ് ഓടിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് പേർക്ക് ആശ്വാസം പകർന്ന് ഡ്രൈവിംഗ് സീറ്റിലിരിക്കുമ്പോൾ കാണാതെ പോയ തന്റെ പ്രിയപ്പെട്ട ആരെങ്കിലും വണ്ടിക്ക് കൈകാണിക്കുമെന്ന പ്രതീക്ഷയോടെ…

Latest