Connect with us

First Gear

വിൽപ്പന ഇടിഞ്ഞു; ആശങ്കയോടെ മാരുതി സുസുക്കി

ജനങ്ങളുടെ വരുമാനത്തിലെ സ്തംഭനാവസ്ഥയും അസ്ഥിരമായ ഇന്ധന വിലയും എൻട്രി ലെവൽ മോഡലുകളുടെ കുതിച്ചുയരുന്ന വിലയും ഇടിവിനുളള കാരണങ്ങളാണ്.

Published

|

Last Updated

കാർ വിപണിയിൽ തിരിച്ചടി നേരിട്ട്‌ മാരുതി സുസുക്കി. 10 ലക്ഷം രൂപയ്ക്ക് താഴെയുള്ള മോഡലുകളുടെ വിൽപ്പനയാണ്‌ കുത്തനെ ഇടിഞ്ഞത്‌. ആൾട്ടോ, എസ്-പ്രസ്സോ, വാഗൺആർ തുടങ്ങിയ കോംപാക്റ്റ് കാറുകളുടെ വില്‍പ്പനയില്‍ കാര്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.

10 ലക്ഷം രൂപയ്ക്ക് താഴെയുള്ള കാറുകളുടെ വിപണി വളരുന്നില്ലെന്നും അത് ആശങ്കകൾ ജനപ്പിക്കുന്നതായും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ സി ഭാർഗവ പറഞ്ഞു.
രണ്ടാം പാദത്തിലെ വിൽപ്പന കുറഞ്ഞതോടെ ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതിയുടെ ലാഭത്തിൽ 17 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിൻ്റെ കണക്കുകള്‍ അനുസരിച്ച് ആഭ്യന്തര വിപണിയിലെ മിനികാറുകളുടെ വിൽപ്പന 2024 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 15.5 ശതമാനം ഇടിഞ്ഞ് 66,000 യൂണിറ്റിലെത്തി.

ജനങ്ങളുടെ വരുമാനത്തിലെ സ്തംഭനാവസ്ഥയും അസ്ഥിരമായ ഇന്ധന വിലയും എൻട്രി ലെവൽ മോഡലുകളുടെ കുതിച്ചുയരുന്ന വിലയും ഇടിവിനുളള കാരണങ്ങളാണ്. ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ആറ് മാസങ്ങളിൽ വിറ്റഴിച്ച 20,81,143 യൂണിറ്റ് പാസഞ്ചർ വെഹിക്കിളുകളില്‍ (പി.വി) 3 ശതമാനം മാത്രമാണ് മിനികാറുകളുടെ വില്‍പ്പന.

റെനോ ക്വിഡിന് പോലും ഈ കാലയളവില്‍ മികച്ച വില്‍പ്പന സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. 2018-19 സാമ്പത്തിക വർഷത്തിൽ ആകെ വിറ്റഴിച്ച പ്രൈവറ്റ്‌ വെഹിക്കളുകളുടെ പകുതിയോളം 10 ലക്ഷം രൂപയിൽ താഴെയായിരുന്നുവെന്ന് ഭാർഗവ ചൂണ്ടിക്കാട്ടി. വിലകൂടിയ കാറുകളിൽ മാത്രമാണ് വളർച്ച നടക്കുന്നത് എന്നത് തന്നെ അത്ര സന്തോഷിപ്പിക്കുന്നില്ലെന്നും ഭാര്‍ഗവ പറഞ്ഞു.

ആഭ്യന്തര പി വി വിപണിയിലെ മാന്ദ്യം ഒരു താൽക്കാലിക ഘട്ടമാണെന്നും ഭാവിയിൽ വിൽപ്പന കുതിച്ചുയരുമെന്നും ഭാർഗവ പറഞ്ഞു. കമ്പനിയുടെ പുതിയ ബുക്കിംഗുകൾ ഇപ്പോൾ 4.15 ലക്ഷം യൂണിറ്റുകൾ കടന്നിട്ടുണ്ട്. തങ്ങളെ സംബന്ധിച്ചിടത്തോളം ഓർഡർ ബുക്കിംഗ് തികച്ചും ആരോഗ്യകരമാണെന്നും മാരുതി സുസുക്കി ചെയര്‍മാന്‍ പറഞ്ഞു.

Latest