National
സല്‍മാന്‍ ഖാന്റെ സഹോദരിയുടെ വജ്രാഭരണം മോഷ്ടിച്ച കേസ്; വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍
പൊലീസ് നടത്തിയ അന്വേഷണത്തില്‍ അര്‍പ്പിതയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന സന്ദീപ് ഹെഗ്‌ഡെ(30)യെ പൊലീസ് അറസ്റ്റ് ചെയ്തു.
മുംബൈ| സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാന്‍ ശര്‍മ്മയുടെ വജ്രാഭരണം മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍. മെയ് 16നായിരുന്നു അര്‍പ്പിതയുടെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് വജ്ര കമ്മലുകള്‍ മോഷണം പോയത്. തുടര്‍ന്ന് അവര്‍ മുംബൈ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മേക്കപ്പ് ട്രേയില്‍ വെച്ചിരുന്ന അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന കമ്മല്‍ കാണാനില്ലെന്നാണ് പരാതി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അര്‍പ്പിതയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന സന്ദീപ് ഹെഗ്‌ഡെ(30)യെ പൊലീസ് അറസ്റ്റ് ചെയ്തു.
നാല് മാസം മുമ്പാണ് സന്ദീപ് അര്‍പ്പിതയുടെ വീട്ടില്‍ ജോലിക്ക് വന്നത്. മുംബൈയിലെ വൈല്‍ പാര്‍ലെ ഈസ്റ്റിലെ അംബേവാഡി ചേരിയിലെ വീട്ടില്‍ വെച്ചാണ് സന്ദീപിനെ പൊലീസ് അറസ്റ്റു ചെയ്തത്. അവിടെ വെച്ച് ആഭരണവും കണ്ടെത്തുകയായിരുന്നു. സന്ദീപ് ഉള്‍പ്പെടെ 12 പേരാണ് അര്‍പ്പിതയുടെ വീട്ടില്‍ സഹായികളായി ജോലി ചെയ്യുന്നത്.
സീനിയര്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ മാനേയുടെ നേതൃത്വത്തില്‍ വിനോദ് ഗൗങ്കര്‍, ലക്ഷ്മണ്‍ കാക്ഡേ, ഗൗലി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഐപിസി സെക്ഷന്‍ 381 പ്രകാരമാണ് സന്ദീപിനെതിരെ കേസെടുത്തിരിക്കുന്നത്.