Connect with us

Kerala

സ്വപ്‌നങ്ങള്‍ സഫലമാക്കാനുറച്ച് സാലു ജോസ്; ഫാന്റത്തിന് പിറകെ പിറവിയെടുത്തത് സോളാര്‍ കാര്‍

ഇന്ത്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞതും ഇന്ധനക്ഷമതയുമുള്ള കാര്‍ നിര്‍മിച്ച് വിപണിയിലിറക്കുകയെന്നതാണ് സാലുവിന്റെ ഇമ്മിണി വലിയ ആ സ്വപ്നം

Published

|

Last Updated

കോഴിക്കോട്  |വലിയൊരു സ്വപ്‌നത്തിന്റെ പിറകെയാണ് കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശിയായ സാലു ജോസ് എന്ന ചെറുപ്പക്കാരന്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞതും ഇന്ധനക്ഷമതയുമുള്ള കാര്‍ നിര്‍മിച്ച് വിപണിയിലിറക്കുകയെന്നതാണ് സാലുവിന്റെ ഇമ്മിണി വലിയ ആ സ്വപ്നം. എന്തൊരു വലിയ നടക്കാത്ത സ്വപനമെന്ന് പറഞ്ഞ് ചിരിക്കാന്‍ വരട്ടെ, സ്വപ്‌ന നേട്ടത്തിലേക്കുള്ള വഴിയിലാണ് സാലു ഇന്ന്. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കുഞ്ഞന്‍ കാര്‍ നിര്‍മിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ഈ യുവാവ് . ചെറുപ്പം മുതല്‍ സാലുവിനെ വിടാതെ പിന്തുടര്‍ന്നിരുന്ന ഒരു ആഗ്രഹമായിരുന്നു നല്ല മൈലേജുള്ള ഒരു ഇലക്ട്രിക് കാര്‍ നിര്‍മിക്കുകയെന്നത്. ലിഥിയം ബാറ്ററി ഉപയോഗിച്ചുള്ള പ്രവര്‍ത്തനം കാറിന്റെ നിര്‍മാണ ചെലവേറുമെന്നതിനാല്‍ വേറിട്ട ഒരു ചിന്തയിലേക്കാണ് സാലു എത്തിയത്. അങ്ങിനെയാണ് സോളാര്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കാറെന്ന ആശയത്തിലേക്ക് സാലു എത്തിയത് .

സാലുവിന്റെ കാറിന്റെ റൂഫ് ആയിട്ടുള്ളത് സോളാര്‍ പാനലാണ്. നാല് ലെഡ് ആസിഡ് ബാറ്ററികളും കാറില്‍ ഉപയോഗിച്ചിരിക്കുന്നു. അവയെ ബൂസ്റ്റര്‍ ബോര്‍ഡുകളുമായി കണക്ട് ചെയ്തതോടെ ഇലക്ട്രിക് കാറുകളേക്കാള്‍ ഔട്ട്പുട്ട് കിട്ടിയെന്ന് സാലു പറയുന്നു. വായുമലിനീകരണമില്ലെന്നതും ചാര്‍ജിങ് സ്റ്റേഷനുകള്‍ അന്വേഷിച്ച് നടക്കേണ്ടതില്ലെന്നതും ഈ കുഞ്ഞന്‍ കാറിന്റെ പ്രത്യേകതയാണ്. വെയിലുണ്ടെങ്കില്‍ എസ് ആര്‍ വി എന്ന് പേരിട്ടിരിക്കുന്ന ഈ കാര്‍ പറപറക്കും. ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാനാകുന്ന ഈ കാര്‍ പരിഷ്‌കരിച്ചാല്‍ സീറ്റുകളുടെ എണ്ണം കൂട്ടാനാകും. 20,000 രൂപയിലാണ് ഈ കാറിന്റെ നിര്‍മാണം പൂര്‍ത്തിയായത്. നൂറ് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 20 രൂപയില്‍ താഴെയെ ചെലവു വരു എന്നും സാലു പറയുന്നു.
എസ് ആര്‍ വി സോളാര്‍ കാര്‍ എന്ന ബ്രാന്‍ഡില്‍ കാര്‍ നിര്‍മിച്ച് പുറത്തിറക്കുകയെന്നതാണ് ഈ ചെറുപ്പക്കാരന്റെ ആഗ്രഹം. അത് സാധ്യമാകാന്‍ സര്‍ക്കാറിന്റെ പിന്തുണ കിട്ടേണ്ടതുണ്ട്. ഇന്ധന വിലകള്‍ ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ഇത്തരം ബദലുകള്‍ക്ക് സര്‍ക്കാറിന്റെ സഹായം ഉണ്ടാകേണ്ടതു തന്നെയാണ്.

ഇലക്ട്‌ട്രോണിക്‌സില്‍ ഡിപ്ലോമയുള്ള സാലു നേരത്തേയും കാറുകളുടെ കുഞ്ഞന്‍ മോഡലുകള്‍ നിര്‍മിച്ച് ശ്രദ്ധേയനായിരുന്നു. ഉദയ്പൂര്‍ രാജാവ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് ഫാന്റം 1935 മോഡല്‍ കാറിന്റെ ചെറു പതിപ്പാണ് സാലു നിര്‍മിച്ചത്. ഓട്ടോറിക്ഷയുടെ എന്‍ജിനും മാരുതി കാറിന്റെ ടയറും ജി പി ഷീറ്റും ഉപയോഗിച്ചായിരുന്നു നിര്‍മാണം. നിരവധി പേരാണ് ഇപ്പോള്‍ സാലുവിന്റെ കാര്‍ കാണാനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തുന്നത്. സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള സാലുവിന്റെ സഞ്ചാരങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട്. കാറുകളോടുള്ള ഇഷ്ടത്താല്‍ കാറുകളെ പരിചയപ്പെടുത്തുന്ന ഒരു യൂട്യൂബ് ചാനലും സാലുവിനുണ്ട്.

---- facebook comment plugin here -----

Latest