Editorial
സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സല്യൂട്ട്
സര്‍ക്കാര്‍ സംവിധാനങ്ങളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവരുടെ ജോലിയുടെ ഭാഗമാണ്. അതല്ല സന്നദ്ധ പ്രവര്‍ത്തകരുടെ സേവനങ്ങള്‍. അതവരുടെ നല്ല മനസ്സിന്റെയും മനുഷ്യത്വത്തിന്റെയും അടയാളപ്പെടുത്തലാണ്.
വയനാട് ദുരന്തം സംഭവിച്ച് എട്ട് ദിവസം പിന്നിട്ടു. ദുരന്തം സൃഷ്ടിച്ച ഞെട്ടലില്‍ നിന്ന് കേരളീയ സമൂഹം ഇനിയും മോചിതമായിട്ടില്ല. അര്‍ധരാത്രി കൂലംകുത്തി ഒഴുകിവന്ന മലവെള്ളത്തില്‍ എത്ര പേര്‍ അകപ്പെട്ടുവെന്നും ഇനിയും എത്ര പേരുടെ മൃതദേഹങ്ങള്‍ ലഭിക്കാനുണ്ടെന്നും വ്യക്തമായ കണക്കില്ല. അഞ്ഞൂറോളം വീടുകളെയും അതിലെ താമസക്കാരെയും മലവെള്ളം ഒറ്റയടിക്ക് തൂത്തുവാരുകയായിരുന്നല്ലോ. മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. തിരച്ചിലില്‍ ലഭിച്ച മൃതദേഹങ്ങളില്‍ ആരുടേതെന്ന് തിരിച്ചറിയാത്തവയും നിരവധി. ആകപ്പാടെ ഉള്ളു നുറുങ്ങുന്ന കാഴ്ചകളും രംഗങ്ങളും.
പ്രതികൂല കാലാവസ്ഥയില്‍ ചെളിയും കൂറ്റന്‍ പാറകളും വന്നടിഞ്ഞ, വന്‍മരങ്ങള്‍ തലങ്ങും വിലങ്ങും കിടക്കുന്ന, റോഡുകളും പാലങ്ങളും തകര്‍ന്ന ദുരന്ത ഭൂമിയില്‍ അതീവ ദുഷ്‌കരവും സാഹസികവുമായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങളും തിരച്ചിലുകളും. പോലീസ്, ഫയര്‍ഫോഴ്‌സ്, സൈന്യം തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും പങ്ക് ഇക്കാര്യത്തില്‍ അതീവ ശ്ലാഘനീയമായിരുന്നു. ദുരന്ത വാര്‍ത്ത അറിഞ്ഞ ഉടനെ അന്ന് പുലര്‍ച്ചെ തന്നെ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ അയല്‍ ജില്ലകളില്‍ നിന്നും വിവിധ സംഘടനകളുടെ നേതൃത്വത്തിലും അല്ലാതെയും രക്ഷാപ്രവര്‍ത്തനത്തിനായി സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിച്ചേരുകയുണ്ടായി. ഒറ്റപ്പെട്ടവരെ കണ്ടെത്തി രക്ഷിക്കുക, മൃതദേഹങ്ങള്‍ തിരയുക, തിരിച്ചറിയുക, സംസ്‌കരിക്കുക, വാഹന ഗതാഗതം നിയന്ത്രിക്കുക, ആംബുലന്‍സ് സര്‍വീസ്, അവശിഷ്ടങ്ങള്‍ വൃത്തിയാക്കുക, രക്ഷാപ്രവര്‍ത്തകര്‍ക്കും ക്യാമ്പുകളിലെ അന്തേവാസികള്‍ക്കും ഭക്ഷണ വിതരണം തുടങ്ങി സര്‍വ മേഖലകളിലും സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചു.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവരുടെ ജോലിയുടെ ഭാഗമാണ്. സന്നദ്ധ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ അങ്ങനെയല്ല. അതവരുടെ നല്ല മനസ്സിന്റെയും മനുഷ്യത്വത്തിന്റെയും അടയാളപ്പെടുത്തലാണ്. എന്തെങ്കിലും നേട്ടങ്ങള്‍ ലക്ഷ്യമാക്കിയല്ല ജീവന്‍ പോലും പണയം വെച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നത്. ജോലിയും കുടുംബ വിഷയങ്ങളും ഉപേക്ഷിച്ചും മാറ്റിനിര്‍ത്തിയും ഒരിക്കല്‍ പോലും കാണുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലാത്ത മുനുഷ്യര്‍ക്കായി സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്ത ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മികച്ച സന്ദേശമാണ് നല്‍കുന്നത്. സമയത്തിന് ഭക്ഷണം പോലും ലഭിക്കാതെ വിശപ്പ് സഹിച്ചാണ് പലരും കര്‍മരംഗത്ത് നിരതരാകുന്നത്. ദുരന്തമുഖത്ത് രാപകല്‍ കര്‍മനിരതരാകുന്ന ഇവര്‍ കാംക്ഷിക്കുന്നത് ദൈവിക പ്രീതിയോ മാനസിക സംതൃപ്തിയോ മാത്രം. ഒരേ മനസ്സോടെ അവര്‍ കൈകോര്‍ത്തപ്പോള്‍ ദുരിതബാധിതര്‍ക്ക് അത് പകര്‍ന്ന ആശ്വാസം ചില്ലറയല്ല. ഫയര്‍ഫോഴ്‌സ്, ദേശീയ ദുരന്തനിവാരണ സേന, പോലീസ് തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് ഇവരുടെ പ്രവര്‍ത്തനം വലിയ സഹായകമായി. സംസ്ഥാന സര്‍ക്കാറും മാധ്യമങ്ങളുമെല്ലാം ഈ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയുമുണ്ടായി.
ഉരുള്‍പൊട്ടല്‍ സംഭവിച്ച് ഒരു മണിക്കൂറിനകം തന്നെ ദുരന്തഭൂമിയിലെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു എസ് വൈ എസ് സാന്ത്വനം എമര്‍ജന്‍സി ടീം അംഗങ്ങള്‍. വെളിച്ചവും ഗതാഗത സൗകര്യവുമില്ലാത്ത ആ പ്രതിസന്ധി ഘട്ടത്തില്‍ മൊബൈല്‍ വെളിച്ചത്തിന്റെയും ഹെഡ്‌ലൈറ്റിന്റെയും സഹായത്തോടെ ജീവിച്ചിരിക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിലാണ് പ്രഥമമായി സാന്ത്വനം വളണ്ടിയര്‍മാര്‍ ഏര്‍പ്പെട്ടത്. മരണത്തെ മുഖാമുഖം കണ്ട നിരവധിയാളുകളെ അവര്‍ രക്ഷപ്പെടുത്തി.
ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും മറ്റു അവശ്യവസ്തുക്കളും എത്തിച്ചു കൊടുക്കുന്നതിലും അവര്‍ മുന്‍നിരയിലുണ്ടായിരുന്നു. വയനാട്ടിനപ്പുറം മൃതദേഹങ്ങള്‍ വന്നടിയുന്ന നിലമ്പൂരില്‍ സോണ്‍ എസ് വൈ എസിന്റെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ച് മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു ടീം അംഗങ്ങള്‍. ദിവസങ്ങളോളം വെള്ളത്തില്‍ കിടന്ന് ജീര്‍ണിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയുക അതീവ ദുഷ്‌കരമായിരുന്നു. എങ്കിലും ഫോട്ടോകള്‍ സംശയിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് അയച്ചു കൊടുത്തും ശരീരത്തിലുള്ള ആഭരണങ്ങള്‍ തുടങ്ങിയ അടയാളങ്ങള്‍ മുഖേനയുമാണ് മൃതശരീരങ്ങള്‍ പലതും തിരിച്ചറിഞ്ഞത്. മൃതശരീരങ്ങള്‍ ഖബറടക്കുന്നതിനുള്ള ഖബ്‌റുകള്‍ വെട്ടുന്നതിലും സാന്ത്വനം പ്രവര്‍ത്തകര്‍ രാപകലില്ലാതെ അധ്വാനിച്ചു. രക്ഷാപ്രവര്‍ത്തന രംഗത്ത് മികച്ച പരിശീലനം ലഭിച്ചവരാണ് സാന്ത്വനം എമര്‍ജന്‍സി ടീം.
പ്രതിസന്ധി ഘട്ടങ്ങളിലും ദുരന്തമുഖങ്ങളിലും രാഷ്ട്രീയ വൈരവും മത, ജാതി ഭിന്നതകളും മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും മാനുഷിക ബോധവും 2018ലെ മഹാപ്രളയ കാലത്തും കൊവിഡ് ഘട്ടത്തിലും കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍ പെട്ടപ്പോഴുമെല്ലാം കേരളീയ സമൂഹം തെളിയിച്ചിട്ടുണ്ട്. വയനാട്ടില്‍ അത് കൂടുതല്‍ പ്രകടമായിരുന്നു. ഇവരാണ് കേരളത്തിന്റെ കരുത്തും ശക്തിയും. ഇത്തരം പ്രവര്‍ത്തകര്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുകയും ചേര്‍ത്തു പിടിക്കുകയുമാണ് ഔദ്യോഗികവൃത്തങ്ങള്‍ ചെയ്യേണ്ടത്. വയനാട്ടില്‍ സന്നദ്ധ സംഘടനകള്‍ നടത്തിവന്നിരുന്ന ഭക്ഷണവിതരണം തടയുക പോലുള്ള ഉത്തരവാദപ്പെട്ടവരുടെ ചില നടപടികള്‍ ഈ രംഗത്ത് കല്ലുകടിയായിപ്പോയി. നാല് ദിവസം ചിട്ടയായും കൃത്യമായും ഭക്ഷണ വിതരണം നടത്തിയ ശേഷമാണ് സന്നദ്ധ സംഘടനകളുടെ ഭക്ഷണത്തിന് വിലക്കേര്‍പ്പെടുത്തിയത്. മേപ്പാടി പോളിടെക്‌നിക് സ്‌കൂളില്‍ സജ്ജീകരിച്ച സമൂഹ അടുക്കളയില്‍ തയ്യാറാക്കിയ ഭക്ഷണം മാത്രമേ ദുരന്ത മേഖലയില്‍ വിതരണം ചെയ്യാവൂ എന്നായിരുന്നു പോലീസ് മേധാവികളുടെ നിര്‍ദേശം. ഇതുമൂലം രക്ഷാപ്രവര്‍ത്തകര്‍ക്കും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്‍പ്പെടെ സമയത്തിനു ഭക്ഷണം ലഭിക്കാതെ വരികയും അത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു. ഇത്തരം അനാവശ്യ ഇടപെടലുകളും നടപടികളും ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.