National
സമാജ്വാദി പാര്‍ട്ടി എംഎല്‍എ മനോജ് പാണ്ഡെ ചീഫ് വിപ്പ് സ്ഥാനം രാജിവച്ചു
തെരഞ്ഞെടുപ്പില്‍ എസ്പി എം.എല്‍.എമാര്‍ കൂറുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മാനോജ് പാണ്ഡെയുടെ രാജി.
ലക്‌നോ| ഉത്തര്‍പ്രദേശില്‍ പത്ത് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ സമാജ്വാദി പാര്‍ട്ടി ചീഫ് വിപ്പ് മനോജ് പാണ്ഡെ രാജിവച്ചു. തെരഞ്ഞെടുപ്പില്‍ എസ്പി എം.എല്‍.എമാര്‍ കൂറുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മാനോജ് പാണ്ഡെയുടെ രാജി. എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് തിങ്കളാഴ്ച്ച വിളിച്ച യോഗത്തില്‍ മനോജ് പാണ്ഡെപങ്കെടുത്തിരുന്നില്ല. പാണ്ഡെയെ കൂടാതെ മുകേഷ് വര്‍മ, മഹാരാജി പ്രജാപതി, പൂജ പാല്‍, രാകേഷ് പാണ്ഡെ, വിനോദ് ചതുര്‍വേദി, രാകേഷ് പ്രതാപ് സിങ്, അഭയ് സിങ് എന്നിവരും യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.
അതേസമയം ഉത്തര്‍പ്രദേശില്‍ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് രാവിലെ ആരംഭിച്ചു. സമാജ്വാദി പാര്‍ട്ടിയുടെ മൂന്ന് സ്ഥാനാര്‍ഥികളും എട്ട് ബി.ജെ.പി സ്ഥാനാര്‍ഥികളുമാണ് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, അഖിലേഷ് യാദവ് തുടങ്ങിയവര്‍ നിയമസഭയില്‍ വോട്ട് രേഖപ്പെടുത്തി. ഹിമാചല്‍ പ്രദേശിലെ ഒരു സീറ്റിലും ഇന്നാണ് തെരഞ്ഞെടുപ്പ്. രാവിലെ 9 മണി മുതല്‍ വൈകിട്ട് നാലു മണി വരെയാണ് വോട്ടെടുപ്പ്. അഞ്ച് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.