National
സമാജ്വാദി പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് കൊല്‍ക്കത്തയില്‍ തുടക്കം
ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും തുല്യ അകലം പാലിക്കുക എന്ന നയമാണ് തന്റെ പാര്‍ട്ടി പിന്തുടരുന്നതെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്
കൊല്‍ക്കത്ത| സമാജ്വാദി പാര്‍ട്ടിയുടെ ദ്വിദിന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് കൊല്‍ക്കത്തയില്‍ തുടക്കം. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്കും അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുമുള്ള പാര്‍ട്ടിയുടെ നയങ്ങളും തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കൊല്‍ക്കത്തയില്‍ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നത്.
ഈ വര്‍ഷാവസാനം ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നിവ യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് കിരണ്‍മോയ് നന്ദ പറഞ്ഞു.
ബിജെപിയെ നേരിടാന്‍ തൃണമൂല്‍ കോണ്‍ഗ്രസും എസ്പിയും യോജിച്ച് പോരാടാനാണ് തീരുമാനം. ഇരു പാര്‍ട്ടികളും കോണ്‍ഗ്രസുമായി അകലം പാലിക്കുമെന്നും നന്ദ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും തുല്യ അകലം പാലിക്കുക എന്ന നയമാണ് തന്റെ പാര്‍ട്ടി പിന്തുടരുന്നതെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.