Connect with us

Kasargod

സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം 30ന് ചട്ടഞ്ചാലില്‍; 29ന് കൊടി ഉയരും, ഫ്‌ളാഗ് മാര്‍ച്ച് തളങ്കരയില്‍ നിന്ന് 

പ്രഭാഷണങ്ങളും പ്രബന്ധ അവതരണങ്ങളും കര്‍മ പദ്ധതി പ്രഖ്യാപനവും നടക്കും.

Published

|

Last Updated

കാസര്‍കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ഈ മാസം 30ന് (ശനി) വൈകിട്ട് നാലിന് ചട്ടഞ്ചാലില്‍ സജ്ജമാക്കിയ  മാലിക്ദീനാര്‍ നഗറില്‍ നടക്കും. ആറ് മണിക്കൂര്‍ നീളുന്ന മഹാ സമ്മേളനത്തില്‍ സമസ്തയുടെ നാല്‍പത് കേന്ദ്ര മുശവറാംഗങ്ങള്‍ക്കു പുറമെ പ്രമുഖര്‍ സംബന്ധിക്കും. പ്രഭാഷണങ്ങളും പ്രബന്ധ അവതരണങ്ങളും കര്‍മ പദ്ധതി പ്രഖ്യാപനവും നടക്കും.

സംസ്ഥാന തലത്തില്‍ തിരഞ്ഞെടുത്ത 10,000 പ്രതിനിധികളടക്കം അര ലക്ഷം പേര്‍ സമ്മേളനത്തിനെത്തും. എട്ടേക്കര്‍ വിസ്തൃതിയില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് നഗരി സജ്ജമാക്കിയിട്ടുള്ളത്. ബുക്ക് ഫയര്‍, എക്‌സിബിഷന്‍, മെഡിക്കല്‍ തുടങ്ങിയ പവലിയനുകള്‍ നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. മാലിക് ദീനാര്‍ പഴയ ജുമുഅത്ത് പള്ളിയുടെ മാതൃകയിലാണ് പ്രധാന പ്രവേശന കവാടം.

വിദ്യാഭ്യാസ, തൊഴില്‍ നൈപുണി വികസന മേഖലകളില്‍ ഗുണ നിലവാരവും സ്വയം   പര്യാപ്തതയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ വിവിധ പദ്ധതികള്‍ക്ക് നൂറാം വാര്‍ഷികാഘോഷ  ഭാഗമായി തുടക്കം കുറിക്കും. 28ന് വ്യാഴാഴ്ച  രാവിലെ 9.30ന് എട്ടിക്കുളം താജുല്‍ ഉലമ മഖാമില്‍ നിന്ന് ധ്വജയാനവും ഉള്ളാള്‍ ദര്‍ഗാ ശരീഫില്‍ നിന്ന് കൊടിമര ജാഥയും പുറപ്പെടും. അന്ന് രാത്രി നഗരിയില്‍ റാശിദ് ബുഖാരിയുടെ പ്രഭാഷണം നടക്കും.

29ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് തളങ്കര മാലിക് ദീനാറില്‍ നിന്ന് ഫ്‌ളാഗ് മാര്‍ച്ച് നടക്കും. 1963 ഡിസംബര്‍ 29ന് തളങ്കരയില്‍ നടന്ന സമസ്ത സമ്മേളനത്തിലാണ് സമസ്തയുടെ പതാക അംഗീകരിച്ചത്. പതാകക്ക്  60 വര്‍ഷം തികയുന്ന വേളയില്‍ 100 വീതം പണ്ഡിതരും യുവജനങ്ങളും വിദ്യാര്‍ഥികളും തളങ്കരയില്‍ നിന്നും ചട്ടഞ്ചാല്‍ മാലിക് ദീനാര്‍ നഗറിലേക്ക് നടത്തുന്ന പതാക ജാഥ അവിസ്മരണീയ അനുഭവമാകും.

29ന് വൈകിട്ട് നാലിന് നഗരിയില്‍ പതാക ഉയരും. സമസ്ത സ്ഥാപക പ്രസിഡന്റ്  വരക്കല്‍ മുല്ലക്കോയ തങ്ങളുടെയും മുന്‍കാല സാരഥികളുടെയും മസാറുകളിലൂടെ കൊണ്ടുവന്ന പതാകയാണ്  സഅദിയ്യയില്‍ എം എ ഉസ്താദിന്റെ സവിധത്തില്‍ നിന്നും ജാഥയായി നഗരിയിലെത്തിച്ച് ഉയര്‍ത്തുന്നത്.  അന്ന് വൈകിട്ട് 4.15 ന് സാംസ്‌കാരിക സമ്മേളനം സമസ്ത കേന്ദ്ര മുശാവറാംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി വിഷയം അവതരിപ്പിക്കും.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി,  എം എല്‍ എമാരായ സി എച്ച് കുഞ്ഞമ്പു, എന്‍ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍, എ കെ എം അശ്‌റഫ്, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍ പ്രസംഗിക്കും. എന്‍ എ അബൂബക്കര്‍ ഹാജി, യഹ്യാ തളങ്കര, മൊയ്തീന്‍കുട്ടി ഹാജി ചട്ടഞ്ചാല്‍, കൊവ്വല്‍ ആമുഹാജി, അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, അശ്‌റഫ് അച്ചു നായന്മാര്‍മൂല, ക്യാപ്റ്റല്‍ ശരീഫ് കല്ലട്ര, അബൂബക്കര്‍ ഹാജി തായല്‍, സി എല്‍ ഹമീദ്, മൊയ്‌നുദ്ദീന്‍ കെ കെ പുറം, നിസാര്‍ പാദൂര്‍, മന്‍സൂര്‍ ഗുരുക്കള്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, പി ബി തൗസീഫ്, അബ്ദുല്‍ ഖാദിര്‍ ഹാജി മുല്ലച്ചേരി, ടി എ ഷാഫി, കെ എം അബ്ബാസ് ബാവിക്കര, അബ്ദുല്‍ ഖാദിര്‍ ഹാജി, ലത്തീഫ് ഹാജി ബാഡൂര്‍, ഇബ്‌റാഹീം പുത്തിരി സംബന്ധിക്കും. അന്ന് രാത്രി നഗരിയില്‍ നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിക്കും. സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. 30ന് ശനിയാഴ്ച  വൈകിട്ട് നാലിന് ആരംഭിക്കുന്ന സമ്മേളനം രാത്രി 10ന് സമാപിക്കും.

പ്രഖ്യാപന സമ്മേളന മുന്നോടിയായി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ചെയര്‍മാനായ 1001 അംഗ സ്വാഗത സംഘത്തിനു കീഴില്‍  കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ഒന്നര മാസം 30 ലേറെ ബഹുമുഖ കര്‍മപദ്ധതികളാണ്  നടപ്പിലാക്കിയത്.

മുസ്ലിം നവോഥാന നായകരായിരുന്ന മഖ്ദൂം പണ്ഡിതന്മാരുടെയും മമ്പുറം തങ്ങള്‍, ഉമര്‍ ഖാളി തുടങ്ങിയവരുടെയും പാരമ്പര്യത്തില്‍ വരക്കല്‍ മുല്ലക്കോയ തങ്ങളുടെയും പാങ്ങില്‍ എ പി അഹ്മദ് കുട്ടി മുസ്ലിയാരുടെയും നേതൃത്വത്തിലാണ് 1926 ല്‍ സമസ്ത പണ്ഡിത കൂട്ടായ്മ രൂപം കൊണ്ടത്.
മതപഠന മേഖലയില്‍ പുതിയ മാതൃകകള്‍ സൃഷ്ടിച്ചതോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തില്‍ സമുദായത്തിന് ഗതിവേഗം പകരാനും സമസ്തക്ക് കീഴിലുള്ള ബഹുജന സംഘടനകള്‍ക്കും വിദ്യാഭ്യാസ സംരംഭങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. കേരളീയ മുസ്ലിംകളുടെ വിശ്വാസ, സാമൂഹിക, സാംസ്‌കാരിക ജീവിതത്തിന്റെ സമഗ്രമായ പുനരുദ്ധാരണത്തിന് സമസ്ത നേതൃത്വം നല്‍കി. പ്രബോധനം, വിദ്യാഭ്യാസം, ജീവകാരുണ്യം, സാമൂഹികം തുടങ്ങിയ മേഖലകളിലെല്ലാം ശ്രദ്ധയൂന്നി.

കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം രാഷ്ട്ര നിര്‍മാണത്തിന്റെയും  സാമൂഹിക സൗഹാര്‍ദത്തിന്റെയും ഒത്തൊരുമയുടെയും  വഴിയില്‍ മുസ്ലിം സമൂഹത്തെ വഴിനടത്തുകയായിരുന്നു സമസ്ത. സമസ്തയുടെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ സാമുദായിക ശാക്തീകരണ രംഗത്തും സാമൂഹിക വികസന മേഖലകളിലും പുതിയ മാതൃകകള്‍ സൃഷ്ടിക്കും. അതിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ സമസ്ത ഒരുക്കും.

ഇ സുലൈമാന്‍ മുസ്ലിയാര്‍ പ്രസിഡന്റും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍  ജനറല്‍ സെക്രട്ടറിയും കോട്ടൂര്‍ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ ട്രഷററും ആയ കമ്മിറ്റിയാണ് സമസ്തയുടെ  പണ്ഡിത സഭക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.

സമസ്തയുടെ ബഹുജന സംഘടനയാണ് കേരള മുസ്ലിം ജമാഅത്ത്. 1954 ല്‍ രൂപംകൊണ്ട സമസ്ത കേരള സുന്നി യുവജന സംഘം സമസ്തയുടെ പ്രവര്‍ത്തനങ്ങളെ സമൂഹത്തിന്റെ താഴേത്തട്ടില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. വിദ്യാര്‍ഥി സംഘടനയായ എസ് എസ് എഫ് 50 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.  മദ്‌റസ വിദ്യാഭ്യാസത്തെ സമൂലമായി പരിഷ്‌കരിക്കാന്‍ നേതൃത്വം നല്‍കിയ വിദ്യാഭ്യാസ ബോര്‍ഡും മദ്‌റസാ അധ്യാപകര്‍ക്ക് ജംഇയ്യത്തുല്‍ മുഅല്ലിമീനും  മാനേജ്‌മെന്റ് ശാക്തീകരണത്തിന് എസ് എം എയും   പ്രവര്‍ത്തിക്കുന്നു.

ജാമിഅത്തുല്‍ ഹിന്ദ് എന്ന പേരിലുള്ള സര്‍വകലാശാലാ സംവിധാനമാണ് ഉന്നത മത ഭൗതിക വിദ്യാഭ്യാസ സമന്വയ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയാണ് അഖിലേന്ത്യാ തലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അന്താരാഷ്ട്ര രംഗത്ത് വിവിധ മുസ്ലിം പണ്ഡിത കൂട്ടായ്മകളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സമസ്ത യോജിച്ചു പ്രവര്‍ത്തിക്കുന്നു. വര്‍ഗീയ തീവ്രവാദ സ്വഭാവമുള്ള  എല്ലാ ചിന്താവൈകല്യങ്ങളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ കഴിഞ്ഞത് സമസ്തയുടെ സാന്നിധ്യം മൂലമാണ്. രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് സജീവമായി ഇറങ്ങാന്‍ യുവാക്കളെ സ്വാതന്ത്ര്യാനന്തരം നിരന്തരമായി പ്രചോദിപ്പിച്ച ചരിത്രമാണ് സമസ്തയുടേത്.

സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സ്വാഗത സംഘം കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍സയ്യിദ് മുനീര്‍ അഹദല്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Latest