Connect with us

Kerala

സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ഡിസംബര്‍ 30ന് കാസര്‍കോട്ട്

പ്രൗഢമായി ബഹുജന സംഗമം. ആദര്‍ശ പ്രബോധന മേഖലയില്‍ സമൂഹത്തിന്റെ സര്‍വതലങ്ങളേയും സ്പര്‍ശിക്കുന്ന ബഹുമുഖ കര്‍മ പദ്ധതികളോടെയാണ് പ്രഖ്യാപനം നടക്കുന്നത്.

Published

|

Last Updated

കാസര്‍കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മൂന്നു വര്‍ഷം നീണ്ടുനില്‍ക്കുന്ന നൂറാം വാര്‍ഷികാഘോഷങ്ങളുടെ പ്രഖ്യാപന സമ്മേളനം ഡിസംബര്‍ 30ന് കാസര്‍കോട്ട് നടക്കും. ആദര്‍ശ പ്രബോധന മേഖലയില്‍ സമൂഹത്തിന്റെ സര്‍വതലങ്ങളേയും സ്പര്‍ശിക്കുന്ന ബഹുമുഖ കര്‍മ പദ്ധതികളോടെയാണ് പ്രഖ്യാപനം നടക്കുന്നത്. പ്രഖ്യാപന സമ്മേളന വിജയത്തിനായി കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമസ്ത ബഹുജന സംഗമം പ്രൗഢമായി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. മാലിക് ദീനാര്‍ തങ്ങള്‍ കാസര്‍കോട് കേന്ദ്രീകരിച്ച് തുടക്കം കുറിച്ച ആത്മീയ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നടപ്പിലാക്കി വരുന്നതെന്ന് തങ്ങള്‍ പറഞ്ഞു. ജനങ്ങളുടെ മതകീയമായ എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുമ്പോള്‍ തന്നെ സമൂഹത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്കായി സമസ്ത പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. സാമൂഹിക തിന്മകള്‍ക്കെതിരെയും മത പരിഷ്‌കരണങ്ങള്‍ക്കെതിരെയും സമസ്തയുടെ മുന്‍കാല പണ്ഡിതര്‍ സ്വീകരിച്ച ധീരമായ നിലപാടുകളാണ് കേരളത്തില്‍ ഇന്നു കാണുന്ന ആത്മീയമായ ചൈതന്യത്തിന്റെ അടിസ്ഥാനം. ഇസ്ലാമിക പൈതൃകത്തിന്റെ ഈറ്റില്ലമായ കാസര്‍കോട് എക്കാലത്തും ഇത്തരം മുന്നേറ്റങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്. സമസ്തയുടെ നൂറു വര്‍ഷത്തെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാവുന്ന നൂറാം വാര്‍ഷിക പ്രഖ്യാപനത്തിന് ജില്ലയെ തിരഞ്ഞെടുത്തതും ഈ പൈതൃകത്തിന്റെ തുടര്‍ച്ചയായിട്ടാണെന്നും കുമ്പോല്‍ തങ്ങള്‍ പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി.

സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മജീദ് കക്കാട് വിഷയാവതരണം നടത്തി. സമസ്ത മുശാവറ അംഗം എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെസി റോഡ്, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഷഹീര്‍ അല്‍ബുഖാരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജാഫര്‍ സാദിഖ് സഅദി മാണിക്കോത്ത്, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, മുസല്‍ മദനി തലക്കി, അഷ്റഫ് നയന്മാറമൂല, ഹകീം കുന്നില്‍, കെ ബി മുഹമ്മദ് കുഞ്ഞി, സുലൈമാന്‍ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ബഷീര്‍ പുളിക്കൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദു റശീദ് പൂങ്ങോട്, സി എല്‍ ഹമീദ്, ഇല്യാസ് കൊറ്റുമ്പ, അബൂബക്കര്‍ ഹാജി ബേവിഞ്ച, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, അഹ്മദലി ബെണ്ടിച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സമസ്ത ജില്ലാ സെക്രട്ടറി മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സ്വാഗതവും കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.