muslim league- ek samastha
ലീഗിനെ വിമർശിക്കുന്ന "സമസ്ത' നേതാക്കളുടെ മൂടുപടമഴിക്കും: സലാം
"സമസ്ത' നേതാക്കൾക്കെതിരെയുള്ള വിമർശത്തിൽ പാർട്ടിയിലെ മുഴുവൻ നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോഴിക്കോട് | സ്വാദിഖലി തങ്ങൾക്ക് പരാതി നൽകാനുള്ള തീരുമാനത്തെ തുടർന്ന് ഇ കെ സമസ്ത നേതാക്കൾക്കെതിരെ വിമർശം കടുപ്പിച്ച് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ജിഫ്രി തങ്ങളെ മറയാക്കി സഖാക്കൾ ലീഗിനെതിരെ രംഗത്ത് വരികയാണെന്ന പ്രസ്താവന ഉയർത്തിയ വിവാദം നിലനിൽക്കെ ഇന്നലെ ഈ വിഷയത്തിൽ സലാം കൂടുതൽ വിമർശം ഉന്നയിച്ചു. “സമസ്ത’യിലെ ചില പ്രധാനപ്പെട്ട ആളുകളെ സി പി എം കൈയിലെടുത്തിട്ടുണ്ടെന്നായിരുന്നു ഒരു ചാനൽ അഭിമുഖത്തിൽ അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയത്. എല്ലാ പൊതുയോഗങ്ങളിലും അവരാണ് ലീഗിനെതിരെ പ്രസംഗിക്കുന്നത്. അവർ ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ വിമർശിക്കുന്നു. മുശാവറ അംഗങ്ങളും നേതാക്കളും മതരംഗത്ത് പ്രവർത്തിക്കുന്നതിന് പകരം രാഷ്ട്രീയം പറയുന്നു.
മുമ്പ് സി പി എമ്മുമായി മുസ്‌ലിം ലീഗ് കൂടിയില്ലേ എന്നാണ് ഇവരുടെ ചോദ്യം. അത്തരം നേതാക്കളുടെ മൂടുപടം അഴിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്. സമസ്ത (ഇ കെ)യിലെ പദവി ഉപയോഗിച്ച് ലീഗിനെ ആക്രമിക്കാൻ വന്നാൽ വിമർശിക്കാൻ പാർട്ടിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “സമസ്ത’ നേതാക്കൾക്കെതിരെയുള്ള വിമർശത്തിൽ പാർട്ടിയിലെ മുഴുവൻ നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ജിഫ്രി തങ്ങൾ, മുക്കം ഉമർ ഫൈസി ഉൾപ്പെടെയുള്ള ഇ കെ വിഭാഗം നേതാക്കളെ പേരെടുത്ത് പറയാതെയായിരുന്നു വിമർശം. തന്റെ പരാമർശം വിവാദമാക്കിയത് മുശാവറയിലെ ലീഗ് വിരുദ്ധരാണ്.
പി എം എ സലാം കണ്ടംചാടി വന്ന ആളാണെന്ന ഒരു നേതാവിന്റെ പ്രതികരണം വേദനയുണ്ടാക്കി. ഒരു നേതാവിന്റെ വായിൽ നിന്ന് വരാൻ പാടുള്ളതാണോ അതെന്നായിരുന്നു മുക്കം ഉമർ ഫൈസിയുടെ ഈ പ്രസ്താവനയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. “സമസ്ത’യെ മറയാക്കി ലീഗിനെ വിമർശിക്കുന്നവർക്കെതിരെ ഇനി മൗനം പാലിക്കില്ല. പാണക്കാട് വന്ന് പരാതി ബോധിപ്പിക്കുമെന്ന ഇ കെ വിഭാഗം നേതാക്കളുടെ നിലപാട്, ലീഗ് പ്രസിഡന്റായ സ്വാദിഖലി തങ്ങൾക്ക് “സമസ്ത’ നേതാക്കൾ കീഴടങ്ങുന്നു എന്ന തരത്തിലാണ് പി എം എ സലാം വ്യാഖ്യാനിച്ചത്. ഇത് അവർ നേരത്തേ ചെയ്യേണ്ടതായിരുന്നുവെന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.