Kasargod
സമസ്ത നൂറാം വാർഷികം 2026ൽ; അജയ്യത വിളിച്ചോതി പ്രഖ്യാപന സമ്മേളനം
'സമസ്ത സെന്റിനറി: നൂറ് പ്രകാശ വർഷങ്ങൾ' എന്ന പ്രമേയത്തിലാകും മൂന്ന് വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ
കാസര്‍കോട് | നൂറ്റാണ്ടിന്റെ വിജയഗാഥക്ക് ആഘോഷപൂര്‍വം ഉജ്ജ്വല തുടക്കം. ചരിത്രമുറങ്ങുന്ന മാലിക്ബ്നുദീനാറിന്റെ നാട് മറ്റൊരു ചരിത്ര വിളംബരത്തിന് കൂടി ഇന്നലെ സാക്ഷിയായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാർഷിക സമ്മേളനം 2026ൽ നടത്തുമെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ പ്രഖ്യാപിച്ചു. ഇതിന് മുന്നോടിയായി 2024ൽ എസ് വൈഎസ് പ്ലാറ്റിനം ജൂബിലിയും 2025ൽ കേരള മുസ്ലിം ജമാഅത്ത് ദശവാർഷിക സമ്മേളനവും നടക്കുമെന്നും കാന്തപുരം പ്രഖ്യാപിച്ചു. ‘സമസ്ത സെന്റിനറി: നൂറ് പ്രകാശ വർഷങ്ങൾ’ എന്ന പ്രമേയത്തിലാകും മൂന്ന് വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ. ആരെങ്കിലും ഊതിക്കെടുത്തിയാൽ കെട്ടുപോകുന്ന പ്രസ്ഥാനമല്ല സമസ്തയെന്ന് കാലം തെളിയിച്ചതായി നൂറാം വാർഷിക പ്രഖ്യാപനം നടത്തി കാന്തപുരം അടിവരയിട്ടു. തക്ബീർ ധ്വനികളോടെയാണ് കാന്തപുരത്തിന്റെ പ്രഖ്യാപനം അലകടൽ കണക്കെ തിങ്ങിക്കൂടിയ പുരുഷാരം എതിരേറ്റത്.
സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രത്യേകം പ്രതിനിധികളും വടക്കന്‍ ജില്ലകളിലെ സുന്നി പ്രവര്‍ത്തകരുമടങ്ങുന്ന ജനസഞ്ചയമാണ് ഇന്ന് പ്രഖ്യാപന സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയത്. മംഗലാപുരം- കാസര്‍കോട് ദേശീയ പാത ഇന്നലെ രാവിലെ മുതല്‍ തന്നെ സമസ്തയുടെ മൂവര്‍ണ പതാക വഹിച്ചുകൊണ്ടുള്ള വാഹനങ്ങളാല്‍ നിബിഢമായിരുന്നു. വൈകുന്നേരം നാലു മണിയായപ്പോഴേക്കും കാസര്‍കോട് ചട്ടഞ്ചാലിലെ മാലിക്ബ്നു ദീനാര്‍ നഗര്‍ അക്ഷരാര്‍ത്ഥത്തില്‍ തിങ്ങിനിറഞ്ഞു.
സാദാത്തീങ്ങളും പണ്ഡിതരും നേതാക്കളുമടങ്ങുന്ന പ്രൗഢമായ വേദിയിലെ പരിപാടികള്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെയാണ് തുടക്കമായത്. ന്യൂനപക്ഷ വിഭാഗങ്ങളേയും പാര്‍ശ്വവത്കൃത സമൂഹത്തേയും ചേര്‍ത്തു പിടിക്കുന്നതടക്കമുള്ള മൂന്നു വര്‍ഷം നീണ്ടു നില്‍ക്കുന്ന വാര്‍ഷികാഘോഷ പദ്ധതികളും സമ്മേളനത്തില്‍ വിവരിച്ചു.
സമസ്തയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും വാഗ്വാദങ്ങളുമല്ല തങ്ങളുടെ പ്രവര്‍ത്തന രീതിയെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ സമ്മേളനം. യഥാര്‍ഥ വിശ്വാസ ധാരയില്‍ നിന്ന് മുസ്ലിം സമൂഹത്തെ അടര്‍ത്തിയെടുക്കാനുള്ള ബിദ്ഈ കക്ഷികളുടെ ശ്രമങ്ങള്‍ക്കെതിരെ പൂര്‍വിക നേതാക്കളുടെ മാതൃകയില്‍ കരുതലുണ്ടാവണമെന്നും സമ്മേളനം ഓര്‍മിപ്പിച്ചു.മുസ്ലിം സമൂഹത്തെ ആഭ്യന്തര ഛിദ്രതകളില്‍ നിന്ന് സംരക്ഷിക്കുകയും സമൂഹത്തിലെ തീവ്രവാദ-വര്‍ഗീയ പ്രവണതകളെ ചെറുക്കുകയുമാണ് ലക്ഷ്യം. ഇതിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മുസ്ലിം സമുദായത്തിന്റെ ശാക്തീകരണത്തിന് വഴിയൊരുക്കിയിട്ടുണ്ട്. കൂടാതെ, സമസ്തയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ സൃഷ്ടിയാണ് കേരളത്തിലെ മത-ഭൗതിക വിദ്യാഭ്യാസ പുരോഗതിയെന്നും ഇത്തരം മാതൃകകള്‍ പിന്തുടര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഊര്‍ജ്ജിതമാക്കുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.
സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറിമാരായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പൊ•ള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, വൈസ് പ്രസിഡന്റ് റഹ്മത്തുല്ല സഖാഫി എളമരം, കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍ വിവിധ പ്രമേയങ്ങളില്‍ പ്രഭാഷണം നടത്തി.കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, അബൂ ഹനീഫല്‍ ഫൈസി തെന്നല, സയ്യിദ് ത്വാഹാ സഖാഫി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, നിസാര്‍ സഖാഫി ഒമാന്‍ പ്രസംഗിച്ചു.