Connect with us

Articles

സമസ്ത: നൂറ്റാണ്ടിന്റെ പൈതൃകം

സമസ്തയുടെ നിയമാവലിയിൽ ഒന്നാം നമ്പറായി ചേർത്ത അഞ്ച് ഉപക്ഷേപങ്ങളിലായുള്ള ഉദാത്തമായ ലക്ഷ്യങ്ങൾ എക്കാലത്തും പ്രസക്തമാണ്. കീഴ്ഘടകങ്ങൾക്ക് പുറമെ നിരവധി ഉപഘടകങ്ങളും സാംസ്കാരിക കൂട്ടായ്മകളും പ്രസിദ്ധീകരണങ്ങളിലൂടെയും സമസ്തയുടെ മുഴുവൻ നയനിലപാടുകളെയും ആദർശങ്ങളെയും നെഞ്ചേറ്റി രാജ്യമൊട്ടാകെയും രാജ്യത്തിന് പുറത്തും ഇതിഹാസം രചിച്ചു കൊണ്ടിരിക്കുന്ന ചാരിതാർഥ്യത്തിലാണ് ഇപ്പോൾ 99 വർഷം പിന്നിടുന്നത്

Published

|

Last Updated

തിരുനബി (സ) യുടെ കാലത്തുതന്നെ ഇസ്‌ലാം മതത്തിന് സ്വീകാര്യത ലഭിച്ച നാടാണ് കേരളം. തിരുനബി (സ) യുടെ ജീവിതം നേരിട്ടുദർശിച്ച് മനസ്സിലാക്കിയ സ്വഹാബികളാണ് അവിടുത്തെ ആഹ്വാനപ്രകാരം ലോകത്തിന്റെ വിവിധ ദിക്കുകളിൽ എത്തുന്നതും ദീൻ പ്രചരിപ്പിക്കുന്നതും. സ്വഹാബികളിൽ നിന്ന് നേരിട്ട് മതം അറിയാൻ അവസരമുണ്ടായ നാടെന്ന നിലയിൽ കേരളം ഏറെ ഭാഗ്യം സിദ്ധിച്ച മണ്ണാണ്. ഏറ്റവും നല്ല കാലം തന്റേതാണെന്ന തിരുവചനത്തിൽ പരാമർശിച്ച കാലഘട്ടത്തിൽ മതത്തിന്റെ മാധുര്യവും സൗന്ദര്യവും അറിഞ്ഞവരാണ് നമ്മുടെ പൂർവികർ. പിഴക്കാൻ പഴുതു കുറഞ്ഞവർ. തിരുനബിയനുയായികളിലൂടെ പ്രമാണങ്ങളെ പിന്തുടർന്ന് തന്നെയാണ് വിശ്വാസ കാര്യങ്ങളും കർമാനുഷ്ഠാനങ്ങളും ഇവിടെ പ്രചരിച്ചത്. ആ ദീനിപ്രവർത്തന- ജ്ഞാന പാരമ്പര്യത്തിന്റെ തുടർച്ചയായാണ് ശൈഖ് സൈനുദ്ദീൻ മഖ്‌ദൂമിനെപോലുള്ള പണ്ഡിതമഹത്തുക്കൾ വിവിധ സാമൂഹിക വൈജ്ഞാനിക കാര്യങ്ങളിൽ ഏർപ്പെട്ടതും വിശുദ്ധ മതം അതിന്റെ തനത് സൗന്ദര്യത്തിലും ഗംഭീര്യത്തിലും ഇവിടെ നിലനിന്നതും.
കാലങ്ങൾക്ക് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉടലെടുത്ത പുത്തനാശയ പ്രസ്ഥാനങ്ങളിൽ നിന്ന് ആശയമുൾകൊണ്ട് ചിലർ കേരളത്തിലും രംഗത്തെത്തുകയുണ്ടായി. പ്രമാണങ്ങളെയും അതിൽ ഊന്നിയുള്ള പൈതൃകത്തെയും നിഷേധിച്ച ഈ സംഘം സമൂഹമക്കാലം നേരിട്ടിരുന്ന ചിലപ്രതിസന്ധികൾ മുതലെടുത്തായിരുന്നു രംഗപ്രവേശം ചെയ്തത്. കേരളത്തിലെ ഇസ്‌ലാം ആഗമനത്തിന് ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് തൊള്ളായിരത്തി ഇരുപതുകളിൽ മലബാർ കലാപവും ബ്രിട്ടീഷ് സേനയുടെ അഴിഞ്ഞാട്ടവും സൃഷ്ടിച്ച സാമൂഹിക അരക്ഷിതാവസ്ഥയിലായിരുന്നു ഇക്കൂട്ടരുടെ വെളിപാട്.

മുസ്‌ലിംകൾക്കിടയിൽ നിലനിന്നിരുന്ന കുടുംബ വഴക്ക് പരിഹരിക്കാനും ഐക്യം ഊട്ടി ഉറപ്പിക്കാനും എന്ന വ്യാജേന 1922ൽ കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് ചിലർ സമ്മേളനം സംഘടിപ്പിച്ചു. നിഷ്‌പക്ഷ സംഘം എന്ന സംഘടനക്ക് അവിടെ രൂപം നൽകി. ഈ സംഘമാണ് പിന്നീട് കേരള മുസ്‌ലിം ഐക്യ സംഘമായി രൂപാന്തരം പ്രാപിച്ചത്. ബ്രിട്ടീഷുകാർക്കെതിരിൽ ജനങ്ങളെ ബോധവാന്മാരാക്കാനെന്ന പേരിൽ ഇവർ പ്രസിദ്ധീകരിച്ച പത്രങ്ങൾ മത വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു. വിശ്വാസികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു പാരമ്പര്യ നിഷേധവും അന്ധമായ മതപരിഷ്കരണ വാദവും അജൻഡയാക്കിയ നവീന തീവ്ര ചിന്താഗതിക്കാരുടെ പ്രവർത്തനങ്ങൾ അക്കാലത്ത് നടന്നിരുന്നത്. അവരുടെ വാർഷിക സമ്മേളനത്തിൽ നവീന വാദങ്ങളും തീവ്ര ആശയങ്ങളും പ്രസംഗങ്ങളിലൂടെയും പ്രമേയങ്ങളിലൂടെയും അവതരിപ്പിക്കപ്പെട്ടു. ഇതിനെതിരെ പണ്ഡിതരുടെ എതിർപ്പ് ശക്തമായപ്പോൾ അത് പ്രതിരോധിക്കാനും പൊതുജനങ്ങളുടെ പിന്തുണ നേടിയെടുക്കാനും 1924ൽ ആലുവയിൽ സംഘടിപ്പിച്ച ഐക്യ സംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനത്തിൽ നിരവധി പണ്ഡിതരുടെ ഗുരുവര്യരായ വെല്ലൂർ ബാഖിയാത്ത് പ്രിൻസിപ്പൽ അബ്ദുൽ ജബ്ബാർ ഹസ്‌റത്തിനെ തെറ്റിദ്ധരിപ്പിച്ച് ക്ഷണിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്തു. ഇതോടെ അപകടം മണത്തറിഞ്ഞ സുന്നി പണ്ഡിതർ ഇവർക്കെതിരെ പ്രതിരോധം തീർക്കേണ്ടതിന്റെ അനിവാര്യത ചർച്ച ചെയ്തു.
മഹാനായ അഹ്മദ് കോയ ശാലിയാത്തി, പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ, അച്ചിപ്ര കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ, പള്ളിപ്പുറം അബ്ദുൽ ഖാദിർ മുസ്‌ലിയാർ മുതലായ പണ്ഡിതർ അനൈക്യക്കാരെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ അജൻഡകൾക്ക് രൂപം നൽകുന്നതിനായി വരക്കൽ മുല്ലക്കോയ തങ്ങളുടെ വസതിയിൽ ഒരുമിച്ചുകൂടി. തുടർന്ന് കോഴിക്കോട് കുറ്റിച്ചിറ ജുമുഅ മസ്ജിദിൽ ഒരു പണ്ഡിത സംഗമം വിളിച്ച് ചേർത്തു. കെ പി മീറാൻ മൗലവി പ്രസിഡന്റായും പാറോൽ ഹുസൈൻ മൗലവി സെക്രട്ടറിയായും കേരള ജംഇയ്യത്തുൽ ഉലമ എന്ന കൂട്ടായ്മക്ക് രൂപം നൽകി. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്തി കോഴിക്കോട് ടൗൺ ഹാളിൽ പണ്ഡിത മഹാ സമ്മേളനം വിളിച്ച് ചേർക്കുക എന്നതായിരുന്നു മേൽ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രധാന ചുമതല.

1926 ജൂൺ 26ന് കോഴിക്കോട് ചരിത്ര സംഗമത്തിന് വേദി ഉണർന്നു. വിദൂര ദിക്കുകളിൽ നിന്ന് പോലും ഉലമാക്കളും സാദാത്തുക്കളും കോഴിക്കോട് ടൗൺ ഹാളിൽ എത്തി. കോഴിക്കോട് ഖാസി സയ്യിദ് ഹാശിം ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മഹാ സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന മഹാ പ്രസ്ഥാനം പിറവിയെടുത്തു. കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ ബിദഇകൾ സംഘടന രജിസ്റ്റർ ചെയ്തതിനാൽ സമസ്ത എന്ന പേര് ചേർക്കേണ്ടി വന്നു. സയ്യിദ് വരക്കൽ മുല്ലക്കോയ തങ്ങൾ പ്രസിഡന്റും പള്ളിവീട്ടിൽ മുഹമ്മദ് മുസ്‌ലിയാർ കോഴിക്കോട് ജനറൽ സെക്രട്ടറിയുമായുള്ള കമ്മിറ്റി നിലവിൽ വന്നു. കൊടുങ്കാറ്റ് പോലെ അലയടിച്ചു വന്ന ഐക്യ സംഘത്തിന്റെ പാരമ്പര്യ വിരുദ്ധ നവീന തീവ്ര ആശയങ്ങളെ സമ്മേളനങ്ങൾ, സംവാദങ്ങൾ, എഴുത്തുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായവയിലൂടെ നിരന്തരമായ പോരാട്ടങ്ങൾ നടത്തി സമസ്ത പ്രതിരോധിച്ചു. പണ്ഡിതരോടൊപ്പം കേരള ജനത ഒറ്റക്കെട്ടായി ഉറച്ച് നിന്നു.

1926ൽ അംഗീകരിക്കുകയും 1934ൽ രജിസ്റ്റർ ചെയ്യുകയും ചെയ്ത സമസ്തയുടെ നിയമാവലിയിൽ ഒന്നാം നമ്പറായി ചേർത്ത അഞ്ച് ഉപക്ഷേപങ്ങളിലായുള്ള ഉദാത്തമായ ലക്ഷ്യങ്ങൾ എക്കാലത്തും പ്രസക്തമാണ്. പരിശുദ്ധ ഇസ്‌ലാമിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ യഥാർഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക, മുസ്‌ലിം സമുദായത്തിന് മതപരമായും സാമുദായികമായും ഉണ്ടായിരിക്കേണ്ട അവകാശങ്ങൾ സംരക്ഷിക്കുക, മതവിശ്വാസത്തെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പുറമേ മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഹാനി തട്ടാത്ത വിധത്തിലുള്ള ലൗകിക വിദ്യാഭ്യാസ വിഷയത്തിലും വേണ്ടത് പ്രവർത്തിക്കുക തുടങ്ങിയ സ്ഥാപിത ലക്ഷ്യങ്ങളിൽ നിന്ന് തെല്ലുമിടറാതെയും ഊർജമുൾകൊണ്ടുമാണ് സമസ്ത ഇന്നും പ്രവർത്തിക്കുന്നത്.

സമസ്ത അതിന്റെ ദൗത്യം കൃത്യമായും അതി ശക്തമായും നിർവഹിച്ചതായി കാണാം. സ്ഥാപിതകാല ലക്ഷ്യങ്ങളിൽ ഊന്നി നിന്നുകൊണ്ട് ബിദ്അത്തിന്റെ സകലമാന കുതന്ത്രങ്ങളെയും നിവർന്ന് നിന്നുകൊണ്ട് പ്രതിരോധിച്ചു. വിവിധ സമ്മേളനങ്ങളിലെ പ്രമേയങ്ങൾ പരിശോധിച്ചാൽ അത് ബോധ്യമാകും. 1930 മാർച്ച് 16ന് മണ്ണാർക്കാട് മഅ്ദിനുൽ ഉലൂം മദ്റസയിൽ മർഹൂം കാപ്പിൽ വെള്ളയങ്ങര മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന നാലാം സമ്മേളനത്തിലെ പ്രമേയങ്ങളിൽ ഒന്ന് ഇങ്ങനെ വായിക്കാം: “ചോറ്റൂർ കൈക്കാർ, കൊണ്ടോട്ടി കൈക്കാർ, ഖാദിയാനികൾ, വഹാബികൾ മുതലായവരുടെ ദുർവിശ്വാസ നടപടികൾ അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ സുന്ദരമായ വിശ്വാസത്തോട് കേവലം മാറാക കൊണ്ട് അവരുടെ വിശ്വാസ നടപടികളോട് പിന്തുടരലും അവരോടുള്ള കൂട്ടുകെട്ടും സുന്നി മുസ്‌ലിംകൾക്ക് കേവലം പാടുള്ളതല്ല എന്ന് ഈ യോഗം തീർച്ചപ്പെടുത്തുന്നു’. ശേഷം ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത് മുതലായ ബിദഈ പ്രസ്ഥാനങ്ങളെയും സമസ്ത ആദർശപരമായി തന്നെ നേരിട്ടു വന്നു.

പിൽക്കാലത്ത് സമസ്തയെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി ചേർത്ത് പറയുന്ന അവസ്ഥയുണ്ടായി. സമസ്തയുടെ സമ്മേളന വേദികൾ രാഷ്ട്രീയ പാർട്ടി ഹൈജാക്ക് ചെയ്തു. 1979 നവംബർ 29ന് താജുൽ ഉലമ സയ്യിദ് അബ്ദുർറഹ്മാൻ അൽബുഖാരി ഉള്ളാൾ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുശാവറ യോഗം ഇങ്ങനെ പ്രഖ്യാപിച്ചു: ചില സ്ഥലങ്ങളിൽ സമസ്തയെ പറ്റി രാഷ്ട്രീയമായി ചില തെറ്റിദ്ധാരണകൾ ഉണ്ടെന്ന് അറിവു കിട്ടിയതിന്റെ അടിസ്ഥാനത്തിൽ താഴെ കാണുന്ന പ്രസ്താവന പുറപ്പെടുവിക്കാൻ തീരുമാനിച്ചു. “സമസ്തക്ക് യാതൊരു പ്രത്യേക രാഷ്ട്രീയവുമില്ല. ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയ പാർട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കിൽ പൊതുജനങ്ങൾ അതിൽ വഞ്ചിതരാകരുത്’.
1989 കാലത്ത് ബിദഈ കക്ഷികളുമായി കൂട്ടുകൂടാനും സമസ്തയെ വഴി തെറ്റിക്കാനുമുള്ള ശ്രമങ്ങൾ ചില കോണിൽ നിന്നുണ്ടായപ്പോൾ വ്യവസ്ഥാപിതമായ മാർഗത്തിൽ സമസ്ത പുനഃസംഘടിപ്പിക്കുകയും സ്ഥാപിതകാല താത്പര്യമനുസരിച്ച് അതിശക്തമായി തന്നെ സമസ്ത മുന്നോട്ടുപോവുകയും ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത്, സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്), സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ് എസ് എഫ്), സുന്നി മാനേജ്മെന്റ് അസ്സോസിയേഷൻ (എസ് എം എ), സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ് ജെ എം), സുന്നി വിദ്യാഭ്യാസ ബോർഡ്, ജാമിഅത്തുൽ ഹിന്ദ് തുടങ്ങിയ പ്രധാന കീഴ്ഘടകങ്ങൾക്ക് പുറമെ നിരവധി ഉപഘടകങ്ങളും സാംസ്കാരിക കൂട്ടായ്മകളും സിറാജ്, സുന്നി വോയ്സ്, രിസാല, സുന്നത്ത് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെയും സമസ്തയുടെ മുഴുവൻ നയനിലപാടുകളെയും ആദർശങ്ങളെയും നെഞ്ചേറ്റി രാജ്യമൊട്ടാകെയും രാജ്യത്തിന് പുറത്തും ഇതിഹാസം രചിച്ചു കൊണ്ടിരിക്കുന്ന ചാരിതാർഥ്യത്തിലാണ് ഇപ്പോൾ 99 വർഷം പിന്നിടുന്നത്.

കഴിഞ്ഞ വർഷം അവസാനത്തിൽ പ്രഖ്യാപിച്ച നൂറാം വാർഷികത്തോടനുബന്ധിച്ച് സമൂഹത്തെയും രാജ്യത്തെയും മുന്നോട്ട് നയിക്കുന്ന വിവിധ പദ്ധതികളാണ് സമസ്ത മുന്നോട്ടുവെച്ചിട്ടുള്ളത്. രാജ്യത്തെ മതേതരത്വവും ഐക്യവും ശക്തിപ്പെടുത്താനും ന്യൂനപക്ഷ വിഭാഗങ്ങളെയും പാർശ്വവത്കൃത ജനതയെയും സ്വയം പര്യാപ്തമാക്കാനും തീവ്രവാദ- മതപരിഷ്കരണ- മതനിരാസ സമീപനങ്ങളെ ചെറുക്കാനുമുള്ള പുതിയ കർമ പദ്ധതികൾ വരുന്ന മൂന്ന് വർഷത്തിനകം സമസ്ത നടപ്പാക്കും. കേരളത്തിൽ വാർഡ് തലം മുതൽ ആരംഭിച്ച് ദേശീയ തലത്തിലേക്ക് വികാസം കൊള്ളുന്ന എജ്യു പ്രൊജക്ടാണ് പദ്ധതികളിൽ പ്രധാനം. നാല് ഘട്ടങ്ങളിലായി പതിനായിരം മാതൃകാ ഗ്രാമങ്ങൾ യാഥാർഥ്യമാക്കുകയും 50,000 മാതൃകാ നേതാക്കളെ നാടിന് സമർപ്പിക്കുകയും ചെയ്യും.

ആദർശവും ആത്മീയവുമായ പുരോഗതി സൃഷ്ടിക്കുന്നതോടൊപ്പം സേവന സാന്ത്വന ആരോഗ്യ മേഖലകളിൽ വിപുലമായ കർമപദ്ധതി നടപ്പാക്കി കാരുണ്യ കേരളം യാഥാർഥ്യമാക്കാനും സംഘടന മുന്നിലുണ്ടാവും. സ്ത്രീജനങ്ങളെയും വിദ്യാർഥി- യുവജനങ്ങളെയും ശാക്തീകരിക്കുന്നതിനും വിവിധ പദ്ധതികളുണ്ട്. ആദർശ വിശുദ്ധിയും ധാർമിക പ്രതിബദ്ധതയും പരിരക്ഷിക്കുന്നതിന് നൂതനമായ പ്രബോധന- സാഹിത്യ പ്രവർത്തനങ്ങൾ വിപുലീകരിക്കും.
വിദ്യാഭ്യാസവും സാമൂഹികവുമായ ക്രമീകരണത്തിലൂടെ സമൂഹത്തെ മുന്നോട്ട് നയിച്ച സമസ്ത ഇതിനകം ഒട്ടേറെ വെല്ലുവിളികൾ നേരിട്ടു. എന്നാൽ ആശയ ഭദ്രതയും നേതാക്കളുടെ നിശ്ചയദാർഢ്യവും ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്ക് സംഘടനയെ കൂടുതൽ വിപുലപ്പെടുത്തി. സമാന കാലഘട്ടത്തിൽ ആരംഭിച്ച പല പ്രസ്ഥാനങ്ങളും നാമാവശേഷമാവുകയോ മെലിയുകയോ ചെയ്തതാണനുഭവം. എന്നാൽ സമസ്ത കൂടുതൽ ശക്തിപ്പെടുകയാണുണ്ടായത്.
ഒരു നൂറ്റാണ്ടോളം കേരളീയ മുസ്‌ലിം സമൂഹത്തെ മുന്നോട്ട് നയിച്ച, ആത്മീയമായും വിദ്യാഭ്യാസപരമായും വെളിച്ചം നൽകിയ ഒരു സംഘടന നൂറുവർഷത്തിലേക്ക് കടക്കുമ്പോൾ ചരിത്രത്തിലേക്കും നിലപാടുകളിലേക്കും ആദർശ ദൃഢതയിലേക്കും ഉള്ള ഒരെത്തിനോട്ടം കൂടിയാവുന്നുണ്ട് അത്. അതുകൊണ്ടുതന്നെയാണ് പുതിയ ഭാവി പദ്ധതികളേക്കാൾ രൂപവത്കരണ സാഹചര്യവും അസ്തിത്വവും ആശയഭദ്രതയുമെല്ലാം സമൂഹമധ്യേ സംസാരവിഷയമാവുന്നതും ഏവരും സമസ്തയെ ശരിവെക്കുന്നതും. നാളിതുവരെയുള്ള കരുത്തിൽ സമസ്തയുടെ അജയ്യ നേതൃത്വം പ്രഖ്യാപിച്ച കർമ പദ്ധതികളുമായി നമുക്ക് നൂറാം വർഷത്തെ വരവേൽക്കാനൊരുങ്ങാം.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി

Latest