Connect with us

From the print

സമസ്ത: മദ്റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു

6,190 സെന്ററുകളിലായി 1,86,300 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 1,84,201 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2024 ഫെബ്രുവരി 17, 18 തീയതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.samastha.in എന്ന വെബ്സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 6,190 സെന്ററുകളിലായി 1,86,300 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 1,84,201 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 8,240 സൂപ്പര്‍വൈസര്‍മാരുടെയും 145 സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് പരീക്ഷ നടത്തിയത്.

അഞ്ചാം തരത്തില്‍ 96.88 ശതമാനവും ഏഴാം തരത്തില്‍ 98.84 ശതമാനവും പത്താം തരത്തില്‍ 98.46 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 98.85 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. അഞ്ചാം തരത്തില്‍ 18,872ഉം ഏഴാം തരത്തില്‍ 9,672ഉം പത്താം തരത്തില്‍ 5,814ഉം പന്ത്രണ്ടാം തരത്തില്‍ 923ഉം വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് നേടി.

കേരളം, തമിഴ്നാട്, കര്‍ണാടക, ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി 45 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍ 2,880 അസ്സിസ്റ്റന്റ് എക്സാമിനര്‍മാരും 350 ചീഫുമാരും 45 ക്യാമ്പ് ഓഫീസര്‍മാരും മൂല്യനിര്‍ണയത്തിന് നേതൃത്വം നല്‍കി. മൂന്ന് ദിവസം കൊണ്ടാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്.

പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഈ മാസം 23 മുതല്‍ 31 വരെ പേപ്പര്‍ ഒന്നിന് നൂറ് രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് (www.samastha.in > Apply for Revaluation).

പൊതുപരീക്ഷയും മൂല്യനിര്‍ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച അധ്യാപകരെയും രക്ഷാകര്‍ത്താക്കളെയും മാനേജ്മെന്റിനെയും ഓഫീസ് ജീവനക്കാരെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ അഭിനന്ദിച്ചു.