Connect with us

Articles

സമസ്ത: താജുല്‍ ഉലമയായിരുന്നു ശരി

1979 നവംബര്‍ 29ന് താജുല്‍ ഉലമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ സമസ്തയുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിലപാട് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ''ചില സ്ഥലങ്ങളില്‍ സമസ്തയെ പറ്റി രാഷ്ട്രീയമായി ചില തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന് അറിവ് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ താഴെ കാണുന്ന പ്രസ്താവന പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു; സമസ്തക്ക് യാതൊരു രാഷ്ട്രീയവുമില്ല. ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയ പാര്‍ട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കില്‍ പൊതുജനം അതില്‍ വഞ്ചിതരാകരുത്''. ''ലീഗ് സമസ്തയുടേതാണ്, സമസ്ത ലീഗിന്റേതുമാണ്'' എന്ന ചിലരുടെ അവകാശവാദം സമസ്ത നേരത്തേ നിരാകരിച്ചിരുന്നതാണെന്ന് സ്പഷ്ടം.

Published

|

Last Updated

1921ലെ മലബാര്‍ സ്വാതന്ത്ര്യ സമരത്തെ മൃഗീയമായാണ് ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയത്. നിരവധി പേര്‍ വധിക്കപ്പെട്ടു. പലരും നാടുകടത്തപ്പെടുകയും കൃഷി ഭൂമിയും മറ്റു സ്വത്തുവകകളും കണ്ടുകെട്ടപ്പെടുകയും ചെയ്തു. വിധവകളും അനാഥകളും സമുദായത്തിന്റെ മുന്നില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു. അക്ഷരാര്‍ഥത്തില്‍ മുസ്ലിം സമുദായം നടുവൊടിഞ്ഞു നില്‍ക്കുന്ന സമയത്താണ് ബ്രിട്ടീഷുകാര്‍ വഹാബിസം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

ഈജിപ്ഷ്യന്‍ വഹാബികളുടെ അല്‍മനാര്‍ മാസികയും റശീദു റിളയുടെ തഫ്സീറുല്‍ മനാറും പത്രപ്രവര്‍ത്തകനായിരുന്ന വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ കൈയിലെത്തിച്ചു. അത് വായിച്ച അദ്ദേഹം കേരളത്തിലെ ആദ്യത്തെ വഹാബിയായി. തുടര്‍ന്ന് അയാളിലൂടെ ഇ കെ മൗലവി, എം സി സി മൗലവി, കെ എം മൗലവി എന്നിവരും ഈ ആശയത്തില്‍ ഒരുമിച്ചു. പാരമ്പര്യ വിശ്വാസികളുടെ മേല്‍ ശിര്‍ക്കും കുഫ്റും ആരോപിച്ചുകൊണ്ട് കേരള മുസ്ലിം ഐക്യ സംഘവും കേരളാ ജംഇയ്യത്തുല്‍ ഉലമയും രൂപവത്കരിച്ച് അവര്‍ പ്രവര്‍ത്തനമാരംഭിച്ചു.

സാത്വികനും പണ്ഡിതനുമായ വരക്കല്‍ സയ്യിദ് മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ തലയെടുപ്പുള്ള പണ്ഡിതര്‍ കോഴിക്കോട്ട് യോഗം ചേര്‍ന്ന് വഹാബികളെ നേരിടാനും തളര്‍ന്നുവീണ മുസ്ലിം ഉമ്മത്തിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനും വേണ്ടി അഹ്ലുസ്സുന്നയുടെ ഒരു പണ്ഡിത കൂട്ടായ്മ രൂപവത്കരിച്ചു. 1926 ജൂണ്‍ 26ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നിലവില്‍ വന്നു. ഉമ്മത്തിന്റെ വിശ്വാസാനുഷ്ഠാനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കുന്ന വഹാബിസത്തെ തുറന്നുകാട്ടിയും അഹ്ലുസ്സുന്നയുടെ പാരമ്പര്യ മാര്‍ഗത്തെ സലക്ഷ്യം സ്ഥാപിച്ചും സമസ്ത മുന്നേറി. 1927 ഫെബ്രുവരി ഏഴിന് താനൂരില്‍ വെച്ച് ആദ്യ സമ്മേളനം നടന്നു. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാരായിരുന്നു പ്രധാന സംഘാടകന്‍.

പിന്നീടങ്ങോട്ട് സമസ്ത മാത്രമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഉമറാക്കളുടെയും സയ്യിദന്മാരുടെയും സാധാരണക്കാരുടെയും ശക്തമായ പിന്തുണ ലഭിച്ചു. 1929 ഡിസംബറില്‍ തന്നെ അല്‍ബയാന്‍ എന്ന പേരില്‍ സമസ്ത അറബി മലയാള മാസിക പുറത്തിറക്കി. കൃത്യമായ ഇടവേളകളില്‍ സമസ്ത മുശാവറ ചേര്‍ന്നും, സ്റ്റേജിലും പേജിലും ആദര്‍ശ പ്രചാരണങ്ങള്‍ സംഘടിപ്പിച്ചും ഉമ്മത്തിനെ ഈ പണ്ഡിത സഭ നയിച്ചുകൊണ്ടിരുന്നു.

1930 മാര്‍ച്ച് 17ന് മണ്ണാര്‍ക്കാട്ടുവെച്ച് നടന്ന നാലാം വാര്‍ഷിക സമ്മേളനത്തില്‍ എട്ട് പ്രമേയങ്ങള്‍ പാസ്സാക്കി. അതിലെ നാലാം പ്രമേയം ഇങ്ങനെയായിരുന്നു. ”ചോറ്റൂര്‍ കൈക്കാര്‍, കൊണ്ടോട്ടി കൈക്കാര്‍, ഖാദിയാനികള്‍, വഹാബികള്‍ മുതലായവരുടെ ദുര്‍വിശ്വാസ നടപടികള്‍ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ സുന്ദര വിശ്വാസ നടപടികളോട് മാറാക കൊണ്ട് അവരുടെ വിശ്വാസ നടപടികളോട് പിന്തുടരലും അവരോടുള്ള കൂട്ടുകെട്ടും സുന്നി മുസ്ലിംകള്‍ക്ക് കേവലം പാടുള്ളതല്ലെന്നും ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു.”

ഇത്തരം ശക്തമായ നിലപാടുകളുമായി സമസ്ത മുന്നേറിയപ്പോള്‍ എടുക്കാചരക്കായി വഹാബിസം മാറ്റി നിര്‍ത്തപ്പെട്ടു. മുസ്ലിംകള്‍ അവരുമായി മതകാര്യങ്ങളിലെല്ലാം നിസ്സഹകരിച്ചു. പൊറുതി മുട്ടിയ വഹാബികള്‍ മുസ്ലിം മുഖ്യധാരയിലേക്ക് വലിഞ്ഞുകയറാന്‍ തക്കം പാര്‍ത്തിരിക്കുമ്പോഴാണ് 1948ല്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് രൂപവത്കരിക്കപ്പെടുന്നത്. സമസ്ത പിറന്ന് 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണിത്. സമസ്ത മുസ്ലിം ലീഗിന്റെയോ മുസ്ലിം ലീഗ് സമസ്തയുടെയോ ഭാഗമായിരുന്നില്ല. രണ്ടും രണ്ട് ലക്ഷ്യത്തിലും രണ്ട് പശ്ചാത്തലത്തിലും രൂപവത്കരിക്കപ്പെട്ട സംഘടനകളാണ്.

സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ സമുദായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തലപ്പത്ത് വന്നതോടെ സുന്നികള്‍ പാര്‍ട്ടിയിലേക്ക് കടന്നുവരാന്‍ തുടങ്ങി. 1960ല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളിത്തം വഹിച്ചു. തുടര്‍ന്ന് വന്ന മന്ത്രിസഭയില്‍ ഇടം ലഭിച്ചില്ലെങ്കിലും സ്പീക്കര്‍ പദവി കൊണ്ട് തൃപ്തിപ്പെട്ടു. ഇതോടെ മുസ്ലിം ഉമ്മത്തിന്റെ പൊതു നേതൃത്വം സമസ്തയില്‍ നിന്ന് സമുദായ രാഷ്ട്രീയ നേതൃത്വത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ വഹാബി ലോബി കുതന്ത്രങ്ങള്‍ മെനഞ്ഞു.

സമസ്ത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നിയ കാലമായിരുന്നു അത്. മുസ്ലിം വിദ്യാര്‍ഥികളുടെ മതപഠനത്തിനായി കരിക്കുലം തയ്യാറാക്കുകയും പാഠപുസ്തകങ്ങളൊരുക്കി ശാസ്ത്രീയമായി തന്നെ വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ മദ്റസാ പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. 1964 ഏപ്രില്‍ നാലിന് ചേര്‍ന്ന മുശാവറയില്‍ ഉന്നത മതപഠനം ആഗ്രഹിക്കുന്നവര്‍ക്കായി വെല്ലൂര്‍ ബാഖിയാത്ത് മോഡലില്‍ ഒരു ശരീഅത്ത് കോളജ് സ്ഥാപിക്കാനും തീരുമാനിച്ചു. മറുഭാഗത്ത് സമുദായ രാഷ്ട്രീയ ശക്തിയുടെ സ്വാധീനമുപയോഗിച്ച് വഹാബികള്‍ വഖ്ഫ് ബോര്‍ഡ് കൈയടക്കി. സമസ്തയുടെ സാരഥികള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത വാഴക്കാട് ദാറുല്‍ ഉലൂം, കോഴിക്കോട് മുഹ്യിദ്ദീന്‍ പള്ളി, പട്ടാളപ്പള്ളി ഉള്‍പ്പെടെ പിടിച്ചടക്കി. അറബി പാഠപുസ്തകം തയ്യാറാക്കാനുള്ള കമ്മിറ്റി സമ്പൂര്‍ണമായും വഹാബിവത്കരിച്ചു. നേരത്തേ സമുദായം വഹാബിസത്തിന്റെ പേരില്‍ ബഹിഷ്‌കരിച്ച കെ എം മൗലവി അടക്കമുള്ളവരെ പ്രവാചകരുടെ ഖലീഫമാരോട് ഉപമിച്ചുകൊണ്ടുള്ള പാഠഭാഗങ്ങള്‍ അറബി പാഠപുസ്തകത്തില്‍ ഇടം പിടിച്ചു. വഹാബി സ്ഥാപനങ്ങളെ വരെ പാഠപുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്ന സ്ഥിതി വന്നു. അറബി അധ്യാപകരെ വാര്‍ത്തെടുക്കാനുള്ള ഓറിയന്റല്‍ അറബിക് കോളജുകള്‍ അനുവദിച്ചത് മുഴുവന്‍ വഹാബികള്‍ക്കായിരുന്നു.

സമുദായത്തിനെന്ന പേരില്‍ അനുവദിച്ചുകിട്ടിയ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും എം ഇ എസ് എന്ന പേരില്‍ വഹാബി സഹയാത്രികര്‍ ചേര്‍ന്നുണ്ടാക്കിയ സംഘത്തിനാണ് അനുവദിച്ചത്. ചുരുക്കത്തില്‍ കൂമ്പടഞ്ഞുപോയിരുന്ന വഹാബിസം സമുദായ രാഷ്ട്രീയ ശക്തിയെ മറയാക്കി ഉയിര്‍ത്തെഴുന്നേറ്റു. പണ്ഡിത സഭയില്‍ ഇതിനെതിരെ പ്രതിഷേധം കനത്തുവന്നു.
താജുല്‍ ഉലമയുടെ യുഗം

1956ലാണ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി സമസ്ത മുശാവറയില്‍ എത്തുന്നത്. ഇരുപത് വര്‍ഷത്തെ പരിചയ സമ്പത്ത് കൈമുതലുള്ള ഘട്ടത്തില്‍ 1976 നവംബര്‍ 29ന് ചേര്‍ന്ന മുശാവറയിലാണ് താജുല്‍ ഉലമയും കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ എന്നിവര്‍ സമസ്തയുടെ വൈസ് പ്രസിഡന്റുമാരായി നിയമിക്കപ്പെടുന്നത്. രാഷ്ട്രീയ നേതൃത്വത്തിലുള്ള ചില സയ്യിദന്മാരുടെ നിഷ്‌കളങ്കത ചൂഷണം ചെയ്ത്, സമുദായ രാഷ്ട്രീയ ശക്തിയെ സമസ്തയുടെ കടിഞ്ഞാണാക്കി വഹാബി ലോബി പിടിമുറുക്കിയിരുന്ന ഘട്ടമായിരുന്നു അത്.

സമസ്തയുടെ സമ്മേളനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി ഹൈജാക്ക് ചെയ്യുകയും പണ്ഡിതന്മാരുടെ ശബ്ദം കേള്‍ക്കുന്നതിന് പകരം രാഷ്ട്രീയ പ്രസംഗ വേദിയായി മാറുകയും ചെയ്തു. പണ്ട് സമസ്ത സമ്മേളനങ്ങള്‍ ആദര്‍ശ മുന്നേറ്റങ്ങളുടെ സമര വേദിയായിട്ടായിരുന്നു അനുഭവപ്പെട്ടിരുന്നത്. സമസ്ത നേരിട്ട് സ്ഥാപിച്ച ജാമിഅ നൂരിയ്യയില്‍ സമസ്ത സെക്രട്ടറിയെ പുകച്ച് ചാടിക്കാനുള്ള നീക്കങ്ങള്‍ പോലും നടന്നു. ഈയൊരു ഘട്ടത്തിലാണ് താജുല്‍ ഉലമ സമസ്തയുടെ അസ്തിത്വം വീണ്ടെടുക്കുന്നതിന് വേണ്ടി ഇടപെടുന്നത്.

1978 ഏപ്രില്‍ 15ന് താജുല്‍ ഉലമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ ശക്തമായ ഒരു തീരുമാനമെടുത്തു. ജാമിഅയില്‍ ജീവനക്കാരെ വെക്കുന്നതും ഒഴിവാക്കുന്നതും സമസ്ത മുശാവറയുടെ അറിവോടെയും അംഗീകാരത്തോടെയുമായിരിക്കണം എന്നതായിരുന്നു അത്. സമുദായ പാര്‍ട്ടി രണ്ടായി പിളര്‍ന്ന സമയമായിരുന്നു അത്. അന്ന് സമസ്ത സെക്രട്ടറിയായിരുന്ന ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിനോട് വേണ്ടവിധം അനുഭാവം കാണിക്കുന്നില്ലയെന്ന കാരണത്താല്‍ അദ്ദേഹത്തെ പുകച്ചു ചാടിക്കാനുള്ള ശ്രമമുണ്ടായപ്പോഴാണ് ഈ തീരുമാനം എടുക്കേണ്ടിവന്നത്. ഈ തീരുമാനം പട്ടിക്കാട് ജാമിഅ കമ്മിറ്റിയെ അറിയിക്കാന്‍ താജുല്‍ ഉലമയെയും നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദിര്‍ മുസ്ലിയാരെയും കൊയ്യോട് മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാരെയുമായിരുന്നു തിരഞ്ഞെടുത്തത്. കാര്യങ്ങള്‍ കമ്മിറ്റിയെ ധരിപ്പിച്ചെങ്കിലും അവര്‍ ഇ കെയെ പുകച്ചു ചാടിച്ചു. അദ്ദേഹം കാസര്‍കോട് ജില്ലയിലെ പൂച്ചക്കാട്ടേക്ക് മാറേണ്ടിവന്നു. സമസ്തയുടെ സ്ഥാപനത്തില്‍ നിന്ന് അതിന്റെ സെക്രട്ടറിയെ സമുദായ രാഷ്ട്രീയക്കാര്‍ക്ക് പുറത്താക്കാന്‍ സാധിക്കും വിധം അവര്‍ സമസ്തയെ വരുതിയിലാക്കിയിരുന്നുവെന്നര്‍ഥം.

ഖാസി പദവികളും മറ്റും കാണിച്ച് ചില പണ്ഡിതന്മാരെ സമുദായ രാഷ്ട്രീയത്തിന്റെ കൊട്ടാരം പണ്ഡിതരാക്കാനുള്ള ശ്രമവും, അങ്ങനെ സമസ്തയെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി ചേര്‍ത്തുപറയുന്ന അവസ്ഥയുമുണ്ടായപ്പോള്‍ 1979 നവംബര്‍ 29ന് താജുല്‍ ഉലമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ സമസ്തയുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിലപാട് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ”ചില സ്ഥലങ്ങളില്‍ സമസ്തയെ പറ്റി രാഷ്ട്രീയമായി ചില തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന് അറിവ് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ താഴെ കാണുന്ന പ്രസ്താവന പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു; സമസ്തക്ക് യാതൊരു രാഷ്ട്രീയവുമില്ല. ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയ പാര്‍ട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കില്‍ പൊതുജനം അതില്‍ വഞ്ചിതരാകരുത്”. ”ലീഗ് സമസ്തയുടേതാണ്, സമസ്ത ലീഗിന്റേതുമാണ്” എന്ന ചിലരുടെ അവകാശവാദം സമസ്ത നേരത്തേ നിരാകരിച്ചിരുന്നതാണെന്ന് സ്പഷ്ടം. ”സമസ്തയില്‍ ഭൂരിഭാഗവും ലീഗുകാരാണ്, ലീഗുകാര്‍ ഭൂരിഭാഗവും സമസ്തക്കാരുമാണ്, അതുകൊണ്ട് ലീഗും സമസ്തയും ഒന്നാണ്” എന്ന് പറഞ്ഞും സമസ്തയെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതായും ഈയിടെ നാം കേട്ടു. ഈ വാദമനുസരിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പറയുകയാണ്, ഇടതുപക്ഷ പാര്‍ട്ടിയില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്, ഹിന്ദുക്കള്‍ ഭൂരിഭാഗവും ഇടതുപക്ഷക്കാരുമാണ്. അതുകൊണ്ട് ഞങ്ങളും ഹിന്ദു മതസംഘടനകളും തമ്മില്‍ അഭേദ്യമായ ബന്ധമാണെന്ന് പറഞ്ഞാല്‍ ജനാധിപത്യവാദികള്‍ അംഗീകരിക്കുമോ?. ഇതേവാദം കോണ്‍ഗ്രസ്സിനും അവതരിപ്പിക്കാന്‍ സാധിക്കുകയില്ലേ? മതസംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും കൂട്ടിക്കെട്ടുന്നത് ഒരിക്കലും ശരിയല്ല എന്നത് തന്നെയായിരുന്നു സമസ്തയുടെ നിലപാട്.
(തുടരും)