Connect with us

editorial

സമസ്ത: സമൂഹത്തെ നിര്‍മിച്ച വര്‍ഷങ്ങള്‍

രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും അധികാര കേന്ദ്രങ്ങളോടും സംവാദാത്മക സമീപനമാണ് സമസ്തയുടേത്. നിഷ്പക്ഷമായിരുന്നു അതിന്റെ നിലപാടുതറ. ഭരണഘടനാപരമായി അര്‍ഹതപ്പെട്ടത് അനുവദിച്ചുകിട്ടാനും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭരണഘടനാ ബാഹ്യമായ നീക്കങ്ങള്‍ രാജ്യത്തുണ്ടായപ്പോള്‍ പ്രതിഷേധിക്കാനും ഒരേ വീര്യത്തോടെ രംഗത്തിറങ്ങാന്‍ സംഘടനക്ക് സാധിച്ചത് പക്ഷം ചേരാതെ നിന്നതിനാലാണ്.

Published

|

Last Updated

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 98 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി തൊണ്ണൂറ്റിയൊമ്പതാം സ്ഥാപകദിനം ഇന്നലെ സമുചിതമായി ആഘോഷിച്ചു. കേരളത്തെ എല്ലാ അര്‍ഥത്തിലും സ്വാധീനിച്ച കര്‍മകാലമാണ് സമസ്തയുടെ കഴിഞ്ഞകാല വര്‍ഷങ്ങള്‍. കാഠിന്യമേറിയ സാഹചര്യങ്ങളെ സമചിത്തതയോടെ നേരിട്ട് സമുദായത്തെ വഴിനടത്തിയതാണ് സമസ്തയുടെ ചരിത്രം. സൂക്ഷ്മമായിരുന്നു ചുവടുകള്‍. കൃത്യമായിരുന്നു ഇടപെടലുകള്‍.

ആലോചനാമൃതമായിരുന്നു തീരുമാനങ്ങള്‍. ഒരു സമുദായ നേതൃത്വം എങ്ങനെയാകണമെന്ന് കേരളത്തെ ഉണര്‍ത്തി സമസ്തയുടെ ഓരോ കാലത്തെയും സാരഥികള്‍. പ്രകോപനപരമെന്നു പറയാവുന്ന ഒരു പ്രസ്താവന പോലും നേതാക്കളില്‍ നിന്നുണ്ടായില്ല. സാമുദായിക മൈത്രിയെയോ സമാധാനാന്തരീക്ഷത്തെയോ തകര്‍ക്കുന്ന ഒന്നും സംഭവിച്ചുകൂടെന്ന നിഷ്‌കര്‍ഷ എപ്പോഴും പാലിച്ചു. ആരെയും ഭത്സിക്കാതെയും മറ്റു സമുദായങ്ങളെ ആക്ഷേപിക്കാതെയും അവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തെ ആവര്‍ത്തിച്ചുറപ്പിച്ച സന്ദര്‍ഭങ്ങള്‍ സമസ്തയുടെ ചരിത്രത്തില്‍ അനവധിയുണ്ട്.

മുസ്‌ലിം സമുദായത്തിനകത്ത് രൂപപ്പെടുകയും വിശ്വാസപരമായ വിഷയങ്ങളില്‍ ഊന്നുകയും ചെയ്ത പ്രസ്ഥാനമെങ്കിലും അതിനപ്പുറത്തേക്ക് പ്രവര്‍ത്തന മേഖല വികസിപ്പിക്കാന്‍ സമസ്തക്ക് സാധിച്ചിട്ടുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളോട് പുറംതിരിഞ്ഞു നിന്നിട്ടില്ല ഒരുകാലത്തും. ജനാധിപത്യ രാഷ്ട്രത്തില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലക്ക് തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ രാഷ്ട്രീയം കൈകാര്യം ചെയ്തിട്ടുണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുകയല്ല, അവധാനതയോടെ പ്രതിവിധികള്‍ തേടുകയാണ് വേണ്ടതെന്ന ബോധ്യമാണ് നേതൃത്വത്തെ നയിച്ചത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടും പില്‍ക്കാലത്ത് സുപ്രീം കോടതി വിധിയോടും സമസ്ത കൈക്കൊണ്ട സമീപനം ഓര്‍ക്കാവുന്നതാണ്. വൈകാരികതയായിരുന്നില്ല ആ സമീപനങ്ങളുടെ സ്വഭാവം.

വ്യതിയാന ചിന്തകളുടെ പ്രതിരോധം, സമൂഹനിര്‍മാണം; രണ്ടും സമന്വയിച്ചതാണ് സമസ്തയുടെ ദൗത്യം. മതത്തിനകത്ത് പടര്‍ന്നുകയറാന്‍ ശ്രമിച്ച വിശ്വാസവൈകല്യങ്ങളെ പിഴുതെറിയുന്നതിനാണ് സമസ്ത സ്ഥാപിതമായത്. അധികാരവും രാഷ്ട്രീയ സ്വാധീനവും ഒരു ഭാഗത്തും നിലപാടുറപ്പും നിശ്ചയദാര്‍ഢ്യവും മറുഭാഗത്തും നിലയുറപ്പിച്ചുള്ള ആദര്‍ശ സമരത്തിന്റെ കാലങ്ങള്‍. ആ നാളുകളെ സമസ്ത കടന്നുപോയത് സമുദായത്തിലെ നിസ്വരായ മനുഷ്യരെ ചേര്‍ത്തുപിടിച്ചാണ്. അതേസമയം തന്നെ സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ഉള്‍പ്പെടെ പരിഹരിക്കുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കാനും സമസ്തക്ക് സാധിച്ചു.

ആദര്‍ശപരമായ ഐക്യം പണ്ഡിതസഭ എന്നും ഉയര്‍ത്തിപ്പിടിച്ചു. ചേര്‍ന്നുനില്‍ക്കാന്‍ സാധിക്കുന്നതിന്റെ വഴികള്‍ ആരാഞ്ഞു. അതിനായി വാതിലുകള്‍ തുറന്നിട്ടു. ആദര്‍ശപരമായി ഒരുമിച്ചുനില്‍ക്കാന്‍ സാധിക്കുന്നവര്‍ ചേരിതിരിഞ്ഞു കലഹിക്കുന്നതിനെ വാക്ക് കൊണ്ടുപോലും പിന്തുണച്ചില്ല. ഇതര സംഘടനകളിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടാതെയും പക്ഷം ചേര്‍ന്ന് വിടവുകള്‍ വര്‍ധിപ്പിക്കാതെയും സ്വന്തം കാലത്തെ കരുതലോടെയും അതിലുപരി സഹവര്‍ത്തിത്വത്തോടെയും അഭിമുഖീകരിച്ചുകൊണ്ടാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 98 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്.

രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും അധികാര കേന്ദ്രങ്ങളോടും സംവാദാത്മക സമീപനമാണ് സമസ്തയുടേത്. നിഷ്പക്ഷമായിരുന്നു അതിന്റെ നിലപാടുതറ. ഭരണഘടനാപരമായി അര്‍ഹതപ്പെട്ടത് അനുവദിച്ചുകിട്ടാനും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭരണഘടനാ ബാഹ്യമായ നീക്കങ്ങള്‍ രാജ്യത്തുണ്ടായപ്പോള്‍ പ്രതിഷേധിക്കാനും ഒരേ വീര്യത്തോടെ രംഗത്തിറങ്ങാന്‍ സംഘടനക്ക് സാധിച്ചത് പക്ഷം ചേരാതെ നിന്നതിനാലാണ്.

ഇന്ത്യയില്‍ ന്യൂനപക്ഷ ജീവിതം വലിയ പ്രതിസന്ധികള്‍ നേരിട്ട പതിറ്റാണ്ടാണ് പിന്നിട്ടത്. പള്ളികള്‍ക്കും ചര്‍ച്ചുകള്‍ക്കുമെതിരായ അതിക്രമങ്ങള്‍, ആള്‍ക്കൂട്ട കൊലകള്‍, ഗോരക്ഷയുടെ പേരിലുണ്ടായ ആക്രമണങ്ങള്‍, ഹിജാബിനെതിരായ നീക്കങ്ങള്‍, ഭക്ഷണത്തിലും വസ്ത്രത്തിലും നടത്തിയ കൈയേറ്റങ്ങള്‍- നിത്യസംഭവങ്ങളാകയാല്‍ മാധ്യമങ്ങളില്‍ ഇടംപിടിക്കാതെ പോയ നിരവധി വാര്‍ത്തകള്‍. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സ്ഥിതിവിശേഷം മാറുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം. എങ്കിലും ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിക്കൂടാ. അതിന് ദേശീയതലത്തില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ ഏകോപനം സാധ്യമാക്കാനുള്ള സമസ്തയുടെ ശ്രമം ശ്ലാഘനീയമാണ്. നമ്മുടെ കാലത്തെ ഏറ്റവും സൃഷ്ടിപരമായ രാഷ്ട്രീയ ഇടപെടലായി ചരിത്രം ഈ പരിശ്രമത്തെ വിലയിരുത്തും.

കേരളത്തിന്റെ അതിരുകള്‍ക്ക് പുറത്തേക്ക് സമസ്ത വ്യാപിച്ചിട്ട് ഏറെക്കാലമായി. കേരളീയ സാമൂഹിക ജീവിത നിലവാരത്തിലേക്ക് ഇതര സംസ്ഥാനങ്ങളിലെ ജനങ്ങളെ ഉയര്‍ത്തുകയാണ് ദേശീയ അജന്‍ഡകളില്‍ പ്രധാനം. അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, ആതുരാലയങ്ങള്‍, പാര്‍പ്പിട നിര്‍മാണം തുടങ്ങി പലതും മുന്നോട്ടുപോയിരിക്കുന്നു. സ്വയംപര്യാപ്ത സമൂഹ സൃഷ്ടിപ്പിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട് സമസ്തയും സുന്നി സംഘടനകളും.

ആരുടെയും ചൊല്‍പ്പടിക്ക് നില്‍ക്കാതെ നിവര്‍ന്നുനില്‍ക്കാന്‍ കേരളത്തിലെ സുന്നി സമൂഹത്തെ പാകപ്പെടുത്തിയത് സമസ്തയാണ്. അധികാര സ്ഥാപനങ്ങളോടോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടോ വിധേയത്വം പ്രകടിപ്പിക്കാതെ തന്നെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പണ്ഡിത സഭക്ക് സാധിച്ചിട്ടുണ്ട്. പരസ്പരം സഹകരിച്ചും സംവദിച്ചും കേരളത്തിന്റെ സാമൂഹിക മണ്ഡലത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട് സമസ്ത. വിവിധ സമുദായങ്ങള്‍ക്കിടയിലും സമുദായത്തില്‍ തന്നെയും ചേര്‍ന്നുനില്‍പ്പിന്റെ സാധ്യമായത്ര ദൂരം സഞ്ചരിക്കുമെന്ന സന്ദേശമാണ് സമസ്തയുടെ തൊണ്ണൂറ്റിയൊമ്പതാം സ്ഥാപക ദിനത്തില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മാധ്യമങ്ങളോട് പങ്കിട്ടത്. ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും ഭാഷയല്ല, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിലപാടുകളാണ് എക്കാലവും സമസ്ത ഉയര്‍ത്തിപ്പിടിച്ചത്. തുടര്‍പ്രയാണവും അങ്ങനെ ആയിരിക്കുമെന്ന് നേതൃത്വം പറഞ്ഞുറപ്പിക്കുമ്പോള്‍ രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലത്തിന് അതൊരു മികച്ച പാഠമായി മാറുന്നുണ്ട്.

Latest