കോഴിക്കോട് | ന്യൂനപക്ഷ സമുദായങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ദേശീയ തലത്തില്‍ സമുദായ നേതാക്കളുടെ കോര്‍ഡിനേഷന്‍ രൂപപ്പെടുത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ശ്രമങ്ങളാരംഭിച്ചു. ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം, ക്രൈസ്തവ, സിഖ് സമൂഹങ്ങള്‍ സമാന സ്വഭാവമുള്ള തിക്താനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. അത് ജനാധിപത്യപരമായും നിയമപരമായും ഒരുമിച്ചുനിന്ന് പ്രതിരോധിക്കേണ്ടതുണ്ട് എന്നതിനാലാണ് സമസ്ത മുൻ കൈ എടുത്ത് കോർഡിനേഷൻ ഉണ്ടാക്കാൻ ശ്രമം തുടങ്ങിയത്. ഇതിന്റെ ഭാഗമായി കേരളത്തിലെ ഉള്‍പ്പടെ ന്യൂനപക്ഷ സമുദായ നേതാക്കളുമായി സമസ്ത നേതാക്കൾ ആശയ വിനിമയം നടത്തും. ന്യൂനപക്ഷങ്ങളെ അപരവത്കരിക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ വാർത്താ സമ്മേളനത്തില അറിയിച്ചു.
സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുന്ന പ്രസ്താവനകളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് കാന്തപുരം പറഞ്ഞു. മുസ്ലിംകള്‍ കേരളത്തില്‍ അനര്‍ഹമായി പലതും നേടുന്നുവെന്ന പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. അത് വസ്തുതാപരമല്ലെന്നു വ്യക്തമാണ്. എങ്കിലും ജനങ്ങളിലുണ്ടായ സംശയം ദൂരീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. രാഷ്ട്രീയാധികാരത്തിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യത്തെ കുറിച്ച് സര്‍ക്കാര്‍ ധവളപത്രമിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുള്‍ഡോസര്‍ രാജ് രാജ്യത്ത് ശക്തിപ്പെട്ടുവരുന്നത് ഞെട്ടലുളവാക്കുന്നു. ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യമിട്ട് ഏകപക്ഷീയമായ ഇടിച്ചുനിരത്തലുകള്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട് ചെയ്യപ്പെടുന്നുണ്ട്. താമസ സ്ഥലങ്ങളും ആരാധനാലയങ്ങളും ഇങ്ങനെ ബുള്‍ഡോസറിന് ഇരയാകുന്നുണ്ട്. മംഗോള്‍പുരി മേഖലയില്‍ കഴിഞ്ഞ ദിവസം ഒരു മസ്ജിദ് അധികൃതര്‍ പൊളിച്ചുനീക്കി. മുമ്പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകളും ഇങ്ങനെ മുന്നറിയിപ്പില്ലാതെ പൊളിച്ചിട്ടുണ്ട്. അനധികൃത കെട്ടിടങ്ങള്‍ ആണെന്ന് ആരോപിച്ചാണ് തകര്‍ക്കുന്നത്. ഇക്കാര്യത്തില്‍ ആരാധനാലയങ്ങളുടെ നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കാന്‍ പോലും തയ്യാറാകുന്നില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. വീടുകളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും പുറത്താക്കുന്ന ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുപ്രീം കോടതി മാര്‍ഗരേഖ പുറപ്പെടുവിക്കണം. ഇതിനായി പരമോന്നത കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുമെന്നും കാന്തപുരം പറഞ്ഞു.
നീറ്റ് ഉള്‍പ്പടെ പരീക്ഷകളില്‍ ഉണ്ടായ ക്രമക്കേട് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ വലച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റക്കാരെയും അവര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചവരെയും മാതൃകാ പരമായി ശിക്ഷിക്കണം. ഏകീകൃത നീറ്റ് പരീക്ഷയില്‍ പുനരാലോചന വേണം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്രമായി എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്താന്‍ അവസരമൊരുക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.
കഴിഞ്ഞ 98 വര്‍ഷമായി കേരളത്തിലെ പൊതു സമൂഹത്തില്‍ വിദ്യാഭ്യാസ സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിര്‍ണായകമായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. അതിന്റെ 99 ാം സ്ഥാപന ദിനമാണ് ഇന്ന്. സംഘടനയുടെ സ്ഥാപിത ലക്ഷ്യപൂര്‍ത്തീകരണത്തിന് വൈവിദ്യങ്ങളായ മാര്‍ഗങ്ങള്‍ അവലംബിച്ച് കാലികമായ പ്രവര്‍ത്തന പദ്ധതികളാണ് സംഘടന രൂപം നല്‍കിട്ടുണ്ട്.
ദേശീയ തലത്തലല്‍ 15 സംസ്ഥാനങ്ങളില്‍ സംഘടന നടത്തിവരുന്ന വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സെന്റിനറിയുടെ ഭാഗമായി രാജ്യത്തിന്റെ മുഴുവന്‍ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും സ്ഥാപിച്ച് വിപുലപ്പെടുത്തും. 2026 ല്‍ നടത്തുന്ന സെന്റിനറിയുടെ സമാപനത്തിന്റെ ഭാഗമായി ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും ബൃഹത്തായ കര്‍മ്മ പദ്ധതികളും നടപ്പാക്കും.