Education
സമസ്ത: ഗള്‍ഫ് സെക്ടര്‍ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു
93 സെന്ററുകളിലായി 2118 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 2,073 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.

കോഴിക്കോട് | ഇസ്‌ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് 2025 ഏപ്രില്‍ നാല്, അഞ്ച്, ആറ് തിയ്യതികളില്‍ യു എ ഇ, ഒമാന്‍, ബഹ്‌റൈന്‍, സഊദി അറേബ്യ, കുവൈത്ത്, ഖത്വര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്.
93 സെന്ററുകളിലായി 2118 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 2,073 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 160 സൂപ്പര്‍വൈസര്‍മാരുടെയും 15 സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്. അഞ്ചാം തരത്തില്‍ 96.60 ശതമാനവും ഏഴാം തരത്തില്‍ 98.73 ശതമാനവും പത്താം തരത്തില്‍ 98.01 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 100 ശതമാനവും കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.
പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഏപ്രില്‍ 26 മുതല്‍ മെയ് മൂന്ന് വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. പൊതുപരീക്ഷയും മൂല്യനിര്‍ണയവും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച അധ്യാപകരെയും രക്ഷകര്‍ത്താക്കളെയും മാനേജ്‌മെന്റിനെയും ഐ സി എഫ് എജ്യുക്കേഷന്‍ സമിതിയെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.