Connect with us

From the print

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സ്മാര്‍ട്ട് എക്സാം ഫലം പ്രസിദ്ധീകരിച്ചു

ഫലം www.samastha.in എന്ന വെബ്സൈറ്റില്‍ മദ്റസാ ലോഗിനില്‍ ലഭ്യമാണ്. അവാര്‍ഡ് ദാനം ജനുവരി 25ന് എറണാകുളത്ത്

Published

|

Last Updated

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് സ്മാർട്ട് സ്‌കോളർഷിപ്പ് പരീക്ഷാ ഫലം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപിക്കുന്നു.

കോഴിക്കോട്  | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കേരളം, തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ്, സഊദി അറേബ്യ, ഖത്വര്‍, ഒമാന്‍, യു എ ഇ, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ മദ്റസാ വിദ്യാര്‍ഥികള്‍ക്കു വേണ്ടി 2024 നവംബര്‍ 30ന് നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് മെയിന്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

പ്രിലിമിനറി, മെയിന്‍ എന്നീ രണ്ട് ഘട്ടങ്ങളിലാണ് പരീക്ഷ സംഘടിപ്പിച്ചത്. മൂന്ന് മുതല്‍ 12 വരെ ക്ലാസ്സുകളിലെ 1,22,500 കുട്ടികള്‍ പ്രിലിമിനറി പരീക്ഷയില്‍ പങ്കെടുത്തു. ഈ പരീക്ഷയില്‍ 56 ശതമാനം മാര്‍ക്ക് സ്‌കോര്‍ ചെയ്തവര്‍ക്കാണ് മെയിന്‍ പരീക്ഷ സംഘടിപ്പിച്ചത്. മെയിന്‍ പരീക്ഷയില്‍ പങ്കെടുത്ത 82,620 കുട്ടികളില്‍ 9,600 പേര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.

ഒ എം ആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു നടത്തിയ പരീക്ഷയുടെ നടത്തിപ്പിന് 3,000 സെന്ററുകളിലായി 3,500 ഇന്‍വിജിലേറ്റര്‍മാരും 3,000 ചീഫ് എക്സാമിനര്‍മാരും 220 ഡിവിഷന്‍ സൂപ്രണ്ടുമാരും നേതൃത്വം നല്‍കി. കമ്പ്യൂട്ടറൈസ്ഡ് വാല്വേഷന്‍ സംവിധാനത്തില്‍ ഒരാഴ്ച കൊണ്ട് മൂല്യനിര്‍ണയം പൂര്‍ത്തീകരിച്ചു. കാരന്തൂര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ റാങ്ക് ജേതാക്കളുടെയും സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരുടെയും പേര് വിവരങ്ങള്‍ പ്രഖ്യാപിച്ചു.

ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എന്‍ അലി അബ്ദുല്ല, സി പി സൈതലവി, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, ഇ യഅ്ഖൂബ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, അസീസ് ഫൈസി കാട്ടുകുളങ്ങര, ഫസല്‍ മര്‍കസ്, അബ്ദുര്‍റഹ്്മാന്‍ മദനി ജെപ്പു, മജീദ് കക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

ജനറല്‍ സെക്്ഷന്‍, ഇംഗ്ലീഷ് മീഡിയം സെക്്ഷന്‍, കര്‍ണാടക, ജി സി സി എന്നീ നാല് യൂനിറ്റുകളിലായി 120 റാങ്ക് ജേതാക്കളുണ്ട്. ജനറല്‍ സെക്്ഷനില്‍ മൂന്ന് മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ 32 വിദ്യാര്‍ഥികളും ഇംഗ്ലീഷ് മീഡിയത്തില്‍ 33 വിദ്യാര്‍ഥികളും കേന്ദ്രതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് റാങ്കിനര്‍ഹരായി. റാങ്ക് ജേതാക്കള്‍ക്ക് ജനുവരി 25ന് എറണാകുളം കലൂര്‍ എ ജെ ഹാളില്‍ നടക്കുന്ന സംഗമത്തില്‍ സ്വര്‍ണനാണയങ്ങളും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും അവാര്‍ഡുകളും വിതരണം ചെയ്യും.

വിദ്യാര്‍ഥികളെയും മുഅല്ലിംകളെയും രക്ഷിതാക്കളെയും സ്‌കൂള്‍/മദ്റസാ മാനേജ്മെന്റ്ഭാരവാഹികളെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്‌സയ്യിദ് അലി ബാഫഖി തങ്ങള്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ അഭിനന്ദിച്ചു. ഫലം www.samastha.in എന്ന വെബ്സൈറ്റില്‍ മദ്റസാ ലോഗിനില്‍ ലഭ്യമാണ്.

 

Latest