Connect with us

Education Notification

സമസ്ത: മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2022 മാര്‍ച്ച് 12, 13 തീയതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 1,68,000 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 1,63,195 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.

അഞ്ചാം തരത്തില്‍ 94.64, ഏഴാം തരത്തില്‍ 96.35, പത്താം തരത്തില്‍ 98, പന്ത്രണ്ടാം തരത്തില്‍ 99.6 ശതമാനം കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. അഞ്ചാം തരത്തില്‍ 10,872 കുട്ടികളും ഏഴാം തരത്തില്‍ 5,688 കുട്ടികളും പത്താം തരത്തില്‍ 2,961 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 192 കുട്ടികളും എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് നേടി.

കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ്, ജി സി സി എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി പതിനെട്ട് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളിലായി 2500 ഓളം അധ്യാപകര്‍ മൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഏപ്രില്‍ 18 മുതല്‍ മെയ് ഒന്ന് വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സ്വദര്‍ മുഅല്ലിം മുഖേന വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്. (www.samastha.in എന്ന സൈറ്റില്‍ ഡൗണ്‍ലോഡ്‌സില്‍ Revaluation Form ലഭിക്കുന്നതാണ്).

പൊതുപരീക്ഷയും മൂല്യനിര്‍ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, മാനേജ്‌മെന്റ്, ഓഫീസ് ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.