Kerala
സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ സംസ്‌കാരത്തിനെതിര്; കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി
സ്വവര്‍ഗ്ഗ വിവാഹം മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.
ന്യൂഡല്‍ഹി | സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ സംസ്‌ക്കാരത്തിനും ജീവിത രീതിയ്ക്കും എതിരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. . സ്വവര്‍ഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണത്തിന് ഇല്ലെന്നാണ് കേന്ദ്രം ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
1954-ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമല്ല. വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ഉള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയില്‍ സ്വവര്‍ഗ്ഗ വിഹാഹം വരില്ല. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാന്‍ ഭരണഘടന നല്കുന്ന അവകാശം സ്വവര്‍ഗ്ഗ വിവാഹത്തിനുള്ളതല്ല. സ്വവര്‍ഗ്ഗ വിവാഹം മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.
വിവാഹം എന്ന സങ്കല്‍പ്പം തന്നെ അനിവാര്യമായും എതിര്‍ലിംഗത്തിലുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ളതാണ്. ഈ നിര്‍വ്വചനം സാമൂഹികമായും സാംസ്‌കാരികമായും നിയമപരമായും വിവാഹത്തെക്കുറിച്ചുള്ള ആശയത്തിലും സങ്കല്‍പ്പത്തിലും വേരൂന്നിയതാണ്. ജുഡീഷ്യല്‍ വ്യാഖ്യാനത്താല്‍ അതിനെ ശല്യപ്പെടുത്തുകയോ ലയിപ്പിക്കുകയോ ചെയ്യരുത- കേന്ദ്രം വ്യക്തമാക്കി
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഫെബ്രുവരി 15നകം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിന് പുറമെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുളള എല്ലാ കേസുകളും സുപ്രീം കോടതി നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു.കേരളം, ഗുജറാത്ത്, ഡല്‍ഹി ഹൈക്കോടതികളില്‍ നിന്നുളള ഹരജികളാണ് സുപ്രീം കോടതി ഏറ്റെടുത്തത്. സ്വവര്‍ഗ വിവാഹത്തെ സ്പെഷ്യല്‍ മാരേജ് ആക്ടില്‍ ഉള്‍പ്പെടുത്തി നിയമ വിധേയമാക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.