National
സമീര്‍ വാംഖഡെയുടേത് ആര്‍ഭാട ജീവിതം; കടുത്ത ആരോപണങ്ങളുമായി നവാബ് മാലിക്
ആളുകളെ കേസില്‍ കുടുക്കി കോടികളാണ് വാംഖഡെ തട്ടിയെടുത്തിട്ടുള്ളത്.
മുംബൈ| നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. വളരെ വിലകൂടിയ വസ്ത്രങ്ങളും വാച്ചുമാണ് വാംഖഡെ ധരിക്കുന്നത്. സത്യസന്ധനും നീതിമാനുമായ ഒരു ഉദ്യോഗസ്ഥന് താങ്ങാവുന്നതിലും അധികമാണ് ഇവയുടെ വിലയെന്നും നവാബ് മാലിക് പറഞ്ഞു.
വാംഖഡെ ധരിച്ച പാന്റിന് ഒരു ലക്ഷമാണ് വില. ഷര്‍ട്ടിന് 70,000-ല്‍ അധികം വിലവരും. വാച്ചുകള്‍ക്ക് 25-50 ലക്ഷവും. എങ്ങനെയാണ് സത്യസന്ധനും നീതിമാനുമായ ഒരു ഉദ്യോഗസ്ഥന് ഇത്രയും വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ സാധിക്കുകയെന്നും മാലിക് കൂട്ടിച്ചേര്‍ത്തു. ആളുകളെ കേസില്‍ കുടുക്കി കോടികളാണ് വാംഖഡെ തട്ടിയെടുത്തിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ കാര്യങ്ങള്‍ നടപ്പാക്കാന്‍ വാംഖഡെയ്ക്ക് സ്വകാര്യ സേനയുണ്ടെന്നും മാലിക് പറഞ്ഞു.
അതേസമയം, അധോലോകവുമായി തനിക്ക് ബന്ധമുണ്ടെന്ന ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ ആരോപണങ്ങളെയും നവാബ് മാലിക് തള്ളി. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍, മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നിട്ടും എന്തുകൊണ്ട് ഫഡ്നാവിസ് തനിക്കെതിരെ അന്വേഷണം നടത്തിയില്ലെന്നും മാലിക് ചോദിച്ചു.