From the print
അഡീഷനൽ ക്വാട്ടയിലെ ഹാജിമാർക്ക് സംസം വെള്ളം; അനിശ്ചിതത്വം നീങ്ങി
നടപടി ഹജ്ജ് കമ്മിറ്റി ചെയർമാന്റെ ഇടപെടലിനെ തുടർന്ന്
കോഴിക്കോട് | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ ഈ വർഷം അഡീഷനൽ ക്വാട്ടയിൽ അ വസരം ലഭിച്ച 768 ഹാജിമാരുടെ സംസം വെള്ളം കരിപ്പൂരിലെത്തിക്കാൻ നടപടിയായി. വെയിറ്റിംഗ് ലിസ്റ്റിൽ നിന്ന് അവസാന സമയം അവസരം ലഭിച്ച ഹാജിമാരുടെ സംസം വെള്ളം എത്തിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്കും കോൺസുൽ ജനറൽ ഓഫ് ഇന്ത്യക്കും കത്തയച്ചതിനെ തുടർന്നാണ് നടപടി.
മറ്റ് സംസ്ഥാനങ്ങളിലെ പുറപ്പെടൽ കേന്ദ്രങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സംസം വെള്ളം കരിപ്പൂരിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചതായി സി മുഹമ്മദ് ഫൈസി പറഞ്ഞു. സംസ്ഥാനത്ത് നിന്ന് ഹജ്ജ് കമ്മിറ്റി മുഖേന ഇപ്രാവശ്യം 18,200 പേരാണ് ഹജ്ജിന് പോയത്.
നേരത്തേ നിശ്ചയിച്ച ഷെഡ്യൂളുകൾക്കു പുറമെ അഞ്ച് അഡീഷനൽ ഫ്ലൈറ്റുകളിലായിരുന്നു ഇവരുടെ യാത്ര. എന്നാൽ, വിവിധ സംസ്ഥാനങ്ങളിലെ പുറപ്പെടൽ കേന്ദ്രങ്ങളിലാണ് ഇവരുടെ സംസം വെള്ളം എത്തിയത്. ഇവിടെ നിന്നാണ് കരിപ്പൂരിലേക്ക് എത്തിക്കേണ്ടത്. ഹാജിമാരുടെ യാത്രയും അവർക്കുള്ള സംസം വെള്ളം എത്തിക്കലുമുൾപ്പെടെയാണ് വിമാനക്കമ്പനിയുമായുള്ള കരാർ. ഇത് പ്രകാരം ഇവർക്കുള്ള സംസം വെള്ളം എത്തിച്ച് നൽകേണ്ടത് എയർ ഇന്ത്യയാണ്. നിലവിൽ കേരളത്തിലെ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളിൽ 9,950 പേരുടെ സംസം വെള്ളമാണ് എത്തിയത്. ബാക്കിയുള്ളവരുടെ സംസം വെള്ളം അടുത്ത ദിവസങ്ങളിലായെത്തും. ഇതിനൊപ്പം അനിശ്ചിതത്വം നിലനിന്ന 768 ഹാജിമാരുടെ സംസം വെള്ളവും എത്തിക്കാനാണ് ശ്രമം. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ പോയ ഹാജിമാർ അടുത്ത മാസം ഒന്ന് മുതലാണ് തിരിച്ചെത്തിത്തുടങ്ങുക.