National
സാംസങ് ഗാലക്സി എസ്22 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്നെത്തും
സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22 പ്ലസ്, ഗാലക്‌സി എസ്22 അള്‍ട്രാ എന്നീ ഡിവൈസുകള്‍ ആയിരിക്കും ഈ സീരീസില്‍ ഉണ്ടാവുക.
ന്യൂഡല്‍ഹി| സാംസങ് ഗാലക്സി അണ്‍പാക്ക്ഡ് ഇവന്റ് ഇന്ന് നടക്കും. ഈ ഇവന്റില്‍ വെച്ച് സാംസങിന്റെ ഈ വര്‍ഷത്തെ ഫ്‌ളാഗ്ഷിപ്പുകളായ ഗാലക്‌സി എസ്22 സീരീസ് ഫോണുകള്‍ അവതരിപ്പിക്കും. സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22 പ്ലസ്, ഗാലക്‌സി എസ്22 അള്‍ട്രാ എന്നീ ഡിവൈസുകള്‍ ആയിരിക്കും ഈ സീരീസില്‍ ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാംസങ് അണ്‍പാക്ക്ഡ് ഇവന്റ് കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ കാണാന്‍ കഴിയും. ഇന്ത്യന്‍ സമയം രാത്രി 8.30ന് ആണ് ഈ ലോഞ്ച് ഇവന്റ് നടക്കുന്നത്. ഇവന്റിനായി പ്രത്യേക പേജും സാംസങ് തങ്ങളുടെ വെബ്‌സൈറ്റില്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ ഇവന്റില്‍ വെച്ച് ഗാലക്‌സി എസ്22 സീരീസ് കൂടാതെ മറ്റ് ചില ഡിവൈസുകളും അവതരിപ്പിക്കുമെന്ന് സൂചനകളുണ്ട്.
സാംസങ് ഗാലക്സി എസ് 22 മോഡലും പ്ലസ് വേരിയന്റും പഴയ ഡിസൈന്‍ നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് ഇവ കഴിഞ്ഞ വര്‍ഷത്തെ ഗാലക്സി എസ് 21 ഫോണുകള്‍ക്ക് സമാനമായിരിക്കും. സാംസങ് ഗാലക്സി എസ് 22 അള്‍ട്രാ വേരിയന്റ് കൂടുതല്‍ പ്രീമിയവും വ്യത്യസ്തമായ ഡിസൈന്‍ ആയിരിക്കും ഉണ്ടാവുക. എസ് പെന്‍ സപ്പോര്‍ട്ടും അള്‍ട്രാ വേരിയന്റില്‍ ഉണ്ടാകുമെന്നും സൂചനകള്‍ ഉണ്ട്. ഗാലക്സി എസ് 22 ന് 6.1 ഇഞ്ച് ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാംസങ് ഗാലക്സി എസ്22 പ്ലസ് മോഡലില്‍ 6.6 ഇഞ്ച് പാനല്‍ ഉണ്ടായിരിക്കും. അള്‍ട്രാ വേരിയന്റിന് 6.81 ഇഞ്ച് സ്‌ക്രീന്‍ പാക്ക് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അള്‍ട്രാ മോഡലില്‍ ചതുരാകൃതിയിലുള്ള അരികുകളുള്ള ഒരു കര്‍വ്ഡ് സ്‌ക്രീന്‍ ഉണ്ടായിരിക്കും. മറ്റ് രണ്ട് മോഡലുകള്‍ക്ക് ഫ്‌ളാറ്റ് ഡിസ്പ്ലേ ആയിരിക്കും ഉണ്ടാവുക. മൂന്ന് മോഡലുകളും എല്‍ടിപിഒ സപ്പോര്‍ട്ട് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ഇതിലൂടെ കണ്ടന്റിനെ ആശ്രയിച്ച് ഡിസ്‌പ്ലേയുടെ റിഫ്രഷ് റേറ്റ് 120 ഹെര്‍ട്‌സില്‍ നിന്നും 1 ഹെര്‍ട്‌സിലേക്ക് സെറ്റ് ചെയ്യാന്‍ സാധിക്കും. ഇതിലൂടെ ബാറ്ററി ലൈഫ് കൂടുതല്‍ ലഭിക്കും.
ഗാലക്സി എസ്22, ഗാലക്സി എസ്22 പ്ലസ് എന്നിവ 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാലക്സി എസ്22 അള്‍ട്രാ 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമായി വിപണിയില്‍ എത്തും. ഗാലക്സി എസ്22 സ്മാര്‍ട്ട്‌ഫോണില്‍ 25ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് ഉണ്ടായിരിക്കും. എന്നാല്‍ മറ്റ് രണ്ട് മോഡലുകളിലും 45ഡബ്ല്യു ചാര്‍ജിങ് സപ്പോര്‍ട്ടായിരിക്കും ഉണ്ടാവുക. ഗാലക്സി എസ്22ന് 25ഡബ്ല്യു വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ട് ഉണ്ടായിരിക്കും. ഈ മോഡലില്‍ 3,700എംഎഎച്ച് ബാറ്ററി ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഗാലക്സി എസ്22 പ്ലസില്‍ 4,500 എംഎഎച്ച് യൂണിറ്റും ഗാലക്സി എസ്22 അള്‍ട്രായില്‍ 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കും.