Business
ലോകത്തെ ഏറ്റവും കൂടുതല്‍ ഫോണുകള്‍ വിറ്റഴിച്ച ബ്രാന്റായി സാംസങ്
ആഗോളതലത്തില്‍ 272 ദശലക്ഷം സ്മാര്‍ട്ട്ഫോണുകളാണ് സാംസങ് വില്‍പ്പന നടത്തിയത്.
ന്യൂഡല്‍ഹി| 2021ല്‍ ലോകത്തെ ഏറ്റവും കൂടുതല്‍ ഫോണുകള്‍ വിറ്റഴിച്ച ബ്രാന്റായി സാംസങ് മാറി. ആഗോളതലത്തില്‍ 272 ദശലക്ഷം സ്മാര്‍ട്ട്ഫോണുകളാണ് സാംസങ് വില്‍പ്പന നടത്തിയത്. കമ്പനിയുടെ മൊത്തത്തിലുള്ള വിപണി വിഹിതം 2020നെ അപേക്ഷിച്ച് 6 ശതമാനം വര്‍ധിച്ചു. 2020ല്‍ കമ്പനി മൊത്തം 256.6 ദശലക്ഷം സ്മാര്‍ട്ട്ഫോണുകളാണ് വിറ്റഴിച്ചത്. 2021ലെ വിപണി വിഹിതത്തിന്റെ 20.1 ശതമാനം സാംസങ് നേടിയെടുത്തു. ഐഡിസി പുറത്ത് വിട്ട കണക്കുകളിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
2021ല്‍ 235.7 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ വിറ്റഴിച്ച ആപ്പിളാണ് ലോകവിപണിയില്‍ രണ്ടാം സ്ഥാനത്ത്. 2020ല്‍ ആപ്പിള്‍ 203.4 ദശലക്ഷം സ്മാര്‍ട്ട്ഫോണുകളാണ് വിറ്റഴിച്ചത്. ഒരു വര്‍ഷത്തിനിടെ ഐഫോണുകളുടെ വില്‍പ്പനയില്‍ 15.9 ശതമാനം വര്‍ധനവ് ഉണ്ടായതായി ഐഡിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുഎസ്, ചൈന, യൂറോപ്പ്, ഇന്ത്യ തുടങ്ങിയ പ്രധാന വിപണികളിലും ആപ്പിള്‍ വളര്‍ന്നിട്ടുണ്ട്.
ഐഡിസി റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ 191 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ വിറ്റഴിച്ച ഷവോമിയാണ് ലോക വിപണിയിലെ മൂന്നാമന്‍. 14.1 ശതമാനം വിപണി വിഹിതമാണ് ഷവോമി കഴിഞ്ഞ വര്‍ഷം നേടിയെടുത്തത്. ഇന്ത്യ, ചൈന, തെക്കുകിഴക്കന്‍ ഏഷ്യ, യൂറോപ്പ് എന്നിങ്ങനെയുള്ള വിപണികളിലാണ് ഷവോമിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിക്കുന്ന ബ്രാന്റാണ് ഷവോമി.
2021ല്‍ 135.5 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചുകൊണ്ട് ഓപ്പോ ആഗോള വിപണിയില്‍ നാലാം സ്ഥാനത്താണ്. 128.3 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ വിറ്റഴിച്ച വിവോയാണ് ഐഡിസിയുടെ പട്ടികയില്‍ അഞ്ചാമത്തെ സ്ഥാനത്തുള്ളത്. ആഗോളതലത്തില്‍ 1.35 ബില്യണ്‍ സ്മാര്‍ട്ട്ഫോണുകളാണ് 2021ല്‍ കയറ്റുമതി ചെയ്തത്. സ്മാര്‍ട്ട്ഫോണ്‍ വിപണി കഴിഞ്ഞ വര്‍ഷം 5.7 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്.