Ongoing News
സാംസംഗ് വാലറ്റ് ഈ മാസം അവസാനം ഇന്ത്യയിൽ അവതരിപ്പിക്കും
സാംസങ് പേ, സാംസങ് പാസ് സേവനങ്ങളുടെ സംയോജിത രൂപമാണ് സാംസംഗ് വാലറ്റ്.
ന്യൂഡൽഹി |ഡിജിറ്റൽ പെയ്മെന്റുകൾ നടത്താനും പാസ്‍വേഡുകൾ സുരക്ഷിതമായി സൂക്ഷിക്കാനും സഹായിക്കുന്ന സാംസംഗ് വാലറ്റ് ഉടൻ ഇന്ത്യയിൽ ലഭ്യമാകും. ഇന്ത്യയടക്കം കൂടുതൽ രാജ്യങ്ങളിൽ സാംസംഗ് വാലറ്റ് ഈ മാസം അവതരിപ്പിക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ആണ് സാംസംഗ് ആദ്യമായി വാലറ്റ് അവതരിപ്പിച്ചത്.
സാംസങ് പേ, സാംസങ് പാസ് സേവനങ്ങളുടെ സംയോജിത രൂപമാണ് സാംസംഗ് വാലറ്റ്. ഇത് ഉപയോക്താക്കളെ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താനും അതീവ സുരക്ഷയിൽ സ്വകാര്യ പാസ്‌വേഡുകൾ സൂക്ഷിക്കാനും അനുവദിക്കുന്നു. മുൻനിര സാംസങ് ഗാലക്‌സി ഫോണോ കമ്പനിയുടെ എ-സീരീസ് സ്‌മാർട്ട്‌ഫോണുകളോ ഉപയോഗിക്കുന്നവർക്ക് സാംസംഗ് വാലറ്റ് ലഭ്യമാകും.
സാംസംഗിന്റെ സുരക്ഷാ സംവിധാനമാണ് നോക്സ് ഉപയോഗിച്ചാണ് വാലറ്റിന് സുരക്ഷ ഒരുക്കുന്നത്. എൻക്രിപ്റ്റ് ചെയ്തായിരിക്കും ഡാറ്റകൾ സൂക്ഷിക്കുക. iOS-ൽ സാംസംഗ് വാലറ്റ് ലഭ്യമാകില്ല.