Connect with us

Articles

സനാതന ധര്‍മവും ശിവഗിരിയിലെ പിണറായിയുടെ പ്രസംഗവും

ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങളെ വളച്ചൊടിക്കാനും അദ്ദേഹത്തെ ഹിന്ദുത്വത്തിന്റെയും സനാതന ധര്‍മത്തിന്റെയും വക്താവായി മാറ്റാനും കരുതിക്കൂട്ടിയുള്ള നീക്കങ്ങള്‍ ദശാബ്ദങ്ങള്‍ക്കുമുമ്പ് തന്നെ തുടങ്ങിയതാണ്. ഗുരുവിനെ സനാതന ധര്‍മത്തിന്റെ വക്താവാക്കി വെറും ഒരു ഹിന്ദു സന്യാസിയാക്കി മാറ്റാനുള്ള തത്പരകക്ഷികളുടെ നീക്കത്തിന് ലഭിച്ച ശക്തമായ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം ശിവഗിരി തീര്‍ഥാടന മഹാസമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം.

Published

|

Last Updated

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ സംസ്ഥാനത്ത് രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലുണ്ടാക്കിയിട്ടുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ ഇന്നും വലിയ ചര്‍ച്ചക്ക് വിധേയമാണ്. ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങളെ വളച്ചൊടിക്കാനും അദ്ദേഹത്തെ ഹിന്ദുത്വത്തിന്റെയും സനാതന ധര്‍മത്തിന്റെയും വക്താവായി മാറ്റാനും കരുതിക്കൂട്ടിയുള്ള നീക്കങ്ങള്‍ ദശാബ്ദങ്ങള്‍ക്കുമുമ്പ് തന്നെ തുടങ്ങിയതാണ്. ഗുരുവിനെ സനാതന ധര്‍മത്തിന്റെ വക്താവാക്കി വെറും ഒരു ഹിന്ദു സന്യാസിയാക്കി മാറ്റാനുള്ള തത്പരകക്ഷികളുടെ നീക്കത്തിന് ലഭിച്ച ശക്തമായ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം ശിവഗിരി തീര്‍ഥാടന മഹാസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗം.

‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന തത്ത്വത്തോടെ മാനവരാശിയുടെ മോചനത്തിനായി ഗുരു കേരളത്തില്‍ സഞ്ചരിച്ച് ആധുനികതയുടെ പ്രകാശം പ്രചരിപ്പിച്ചു. ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സമൂഹമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ജാതിരഹിത വിവാഹത്തെയും പന്തിഭോജനത്തെയും ഗുരു പ്രോത്സാഹിപ്പിച്ചു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നായിരുന്നു ഗുരുവിന്റെ ഉപദേശം. വിമോചനത്തിന് അറിവ് ആയുധമാക്കാനും വ്യവസായത്തിലൂടെ മുന്നേറാനും ഗുരു ആഹ്വാനം ചെയ്തത് കേരളത്തെ മാറ്റിമറിച്ചു. കരിങ്കല്ലില്‍ തുടങ്ങി കണ്ണാടിയില്‍ അവസാനിച്ച ഗുരുദേവന്റെ ക്ഷേത്ര പ്രതിഷ്ഠകള്‍ ജനങ്ങളെ ശുദ്ധീകരിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. കേരള ചരിത്രത്തിലെയും ഇന്ത്യാചരിത്രത്തിലെയും സുപ്രധാന സംഭവമായിരുന്നു അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ. ഗുരു ഒന്നാമതായി സ്ഥാപിച്ച ക്ഷേത്രത്തിന്റെ ഭിത്തിയിന്മേല്‍ എഴുതിയിരുന്ന വാചകം ഇതായിരുന്നു. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’

വിദ്യാലയങ്ങളും ഗ്രന്ഥശാലകളും ഗുരുവിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ടു. വ്യവസായങ്ങള്‍ ആരംഭിക്കാന്‍ അദ്ദേഹം പാവപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങളോട് ആഹ്വാനം ചെയ്തു. വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട അനാവശ്യ ചെലവുകള്‍ പരിഷ്‌കരിക്കാന്‍ അദ്ദേഹത്തിനായി. ജാതീയതക്കും സവര്‍ണ മേധാവിത്വത്തിനുമെതിരെ പോരാട്ടം നടത്തിയ നവോത്ഥാന നായകരില്‍ തുല്യതകളില്ലാത്ത വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുവിന്റേത്. ക്ഷേത്രപ്രവേശനത്തിന് വേണ്ടിയുളള സത്യഗ്രഹങ്ങള്‍ക്കും അധസ്ഥിതരുടെ മോചനത്തിനും പൊതുഇടങ്ങളുടെ വികാസത്തിനും ശ്രീനാരായണ ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കി. സാമൂഹിക പരിഷ്‌കരണത്തില്‍ അദ്ദേഹത്തിന് നിര്‍വഹിക്കാന്‍ കഴിഞ്ഞ മഹത്തായ പങ്ക് ദക്ഷിണേന്ത്യയില്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല.

ശ്രീനാരായണ ഗുരുവിനെ സനാതന തത്ത്വത്തിന്റെ ചട്ടക്കൂട്ടിലാക്കാന്‍ നിന്നാല്‍ അത് ഗുരുവിനോട് ചെയ്യുന്ന വലിയ നിന്ദയാകുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. സനാതന ധര്‍മം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എന്താണ്? അത് വര്‍ണാശ്രമ ധര്‍മമല്ലാതെ മറ്റൊന്നുമല്ല. അതിനെ വെല്ലുവിളിച്ചും മറികടന്നും കാലത്തിനൊത്ത് നില്‍ക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധര്‍മം.

സനാതന ധര്‍മത്തിന്റെ പര്യായമോ അവിഭാജ്യഘടകമോ ആണ് ചാതുര്‍വണ്യ പ്രകാരമുള്ള വര്‍ണാശ്രമ ധര്‍മം. അത് ഉയര്‍ത്തിപ്പിടിച്ചത് കുലത്തൊഴിലിനെയാണ്. ശ്രീനാരായണ ഗുരു ചെയ്തതോ? കുലത്തൊഴിലിനെ ധിക്കരിക്കാന്‍ ആഹ്വാനം ചെയ്തു. അപ്പോള്‍ ഗുരു എങ്ങനെ സനാതന ധര്‍മത്തിന്റെ വക്താവാകും? ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ ഉടനീളം ചോദ്യം ചെയ്യുന്നതും ധിക്കരിക്കുന്നതുമായിരുന്നു ഗുരുവിന്റെ സന്യാസ ജീവിതം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുദ്ഘോഷിച്ച ഗുരു എങ്ങനെ ഒരു മതത്തിന്റെ പരിമിതിക്കുള്ളില്‍ രൂപപ്പെട്ടുവന്ന സനാതന ധര്‍മത്തിന്റെ വക്താവാകും? വര്‍ണവ്യവസ്ഥക്ക് എതിരായ ധര്‍മമാണ് ഗുരു ഉയര്‍ത്തിപ്പിടിച്ചത്.

സനാതന ഹിന്ദുത്വം എന്നത് അതിമഹത്തരവും അഭിമാനകരവുമായ ഒന്നാണെന്നും അതിന്റെ പുനഃസ്ഥാപനമാണ് എല്ലാ സാമൂഹിക പ്രശ്നങ്ങള്‍ക്കുമുള്ള ഏക പോംവഴിയെന്നുമുള്ള വാദം ശക്തിപ്പെടുന്ന കാലമാണിത്. അതിന്റെ മുഖ്യ അടയാള വാക്യമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നത് ‘ലോകാ സമസ്ത സുഖിനോ ഭവന്തു’ എന്ന ആശംസാവാക്യമാണ്. ലോകത്തിനാകെ സുഖമുണ്ടാകട്ടെ എന്നതാണ് ഇതിന്റെ അര്‍ഥം. ഇത് ഒരു വിധത്തിലും എതിര്‍ക്കപ്പെടേണ്ടതല്ലല്ലോ. ഏറ്റവും ഉദാത്തമായ ഒരു സങ്കല്‍പ്പമാണല്ലോ. ലോകത്ത് ഹിന്ദുത്വം മാത്രമല്ലേ ഇത്ര ശ്രേഷ്ഠമായ ഒരു അടയാളവാക്യം മുമ്പോട്ടുവെച്ചിട്ടുള്ളൂ. ഇതൊക്കെയാണ് വാദം. ഈ വാദം ആവര്‍ത്തിക്കുന്നവര്‍ ഇതിനു തൊട്ടുമുമ്പുള്ള വരി ബോധപൂര്‍വം മറച്ചുവെക്കുന്നുണ്ട്. ‘ഗോ ബ്രാഹ്മണേഭ്യോ ശുഭമസ്തു നിത്യം’ എന്നതാണ് തൊട്ടുമുമ്പുള്ള ആ വരി. പശുവിനും ബ്രാഹ്മണനും സുഖമുണ്ടാകട്ടെ എന്നര്‍ഥം. പശുവിനും ബ്രാഹ്മണനും സുഖമുണ്ടായാല്‍ ലോകത്തിനാകെ സുഖമായി! ലോകാസമസ്താ സുഖിനോ ഭവന്തു എന്ന സനാതന തത്ത്വത്തിന്റെ മുദ്രാവാക്യവും ഇന്നത്തെ പശു കേന്ദ്രീകൃത, ബ്രാഹ്മണ കേന്ദ്രീകൃത രാഷ്ട്രീയവും എത്രയധികം ചേര്‍ന്നുപോകുന്നു എന്നു നോക്കുക.

വര്‍ണാശ്രമ ധര്‍മം കുലത്തൊഴിലിനെയാണ് ഉയര്‍ത്തിപ്പിടിച്ചത്. കുലത്തൊഴിലിനെ ധിക്കരിക്കാനാഹ്വാനം ചെയ്ത് ചാതുര്‍വര്‍ണ്യവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതും ധിക്കരിക്കുന്നതുമായിരുന്നു ഗുരുവിന്റെ സന്യാസ ജീവിതം. ശ്രീനാരായണഗുരു നിലകൊണ്ടതിന്റെയൊക്കെ എതിരായ പക്ഷത്തേക്ക് അദ്ദേഹത്തെ തട്ടിയെടുത്തു കൊണ്ടുപോയി പുനഃപ്രതിഷ്ഠിക്കാനുള്ള നീക്കങ്ങളെ ചെറുത്തേ മതിയാകൂ. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ഗുരുവിനെ മതനേതാവായി, മതസന്യാസിയായി കുറച്ചുകാണിക്കാനുള്ള ശ്രമങ്ങളെയും തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിക്കുന്നുണ്ട്.

അക്കാലത്ത് നിലനിന്ന സാമൂഹിക അനീതികളൊക്കെ ഇന്ന് മാഞ്ഞുപോയി എന്ന് കരുതാനാകുമോ? അതൊക്കെ പല രൂപങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു. അന്ന് രാഷ്ട്രീയാധികാരത്തിന്റെ രക്ഷാകര്‍തൃത്വം അതിനുണ്ടായിരുന്നു. ആ രക്ഷാകര്‍തൃത്വം ഇന്നുമുണ്ട്. അതുകൊണ്ടാണ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്നും ദളിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുന്നത്. അതുകൊണ്ടാണ് ആ പീഡകരൊക്കെ നിയമവ്യവസ്ഥക്ക് മുമ്പില്‍ നിന്ന് രക്ഷപ്പെടുന്നതും. അതിനൊക്കെ സംരക്ഷണമേകുന്നവരുടെ വാദമാണ് സനാതന ധര്‍മവാദം. എന്നാല്‍, ഗുരുവിനെ അതുമായി ചേര്‍ത്തുവെക്കേണ്ടതില്ല. ഗുരുവിന്റെ കാലത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെ മോചനവും അവരുടെ അന്ധവിശ്വാസവും അനാചാരവുമെല്ലാം നിര്‍മാര്‍ജനം ചെയ്യല്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. മതങ്ങളുടെ ഐക്യവും ലോകസമാധാനവും ഗുരുവിന്റെ പ്രഖ്യാപിത ലക്ഷ്യം തന്നെയായിരുന്നു. ഹിന്ദുത്വവാദികളുടെ സനാതന ധര്‍മത്തെ ഗുരു തള്ളിക്കളഞ്ഞതിന്റെയും ജാതിയില്ലാ വിളംബരം നടത്തിയതിന്റേയും ചരിത്രമാണ് മുഖ്യമന്ത്രി ശിവഗിരിയില്‍ ഓര്‍മിപ്പിച്ചത്. ജാതി വ്യവസ്ഥയുടെ കെടുതികളെയാണ് ഗുരു ചോദ്യം ചെയ്തത്. അങ്ങനെയുള്ള ഒരാളെ സനാതന ധര്‍മത്തിന്റെ വക്താവായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും സ്ഥാനം. ഈ യാഥാര്‍ഥ്യം തന്നെയാണ് പിണറായി വിജയന്‍ ശിവഗിരി തീര്‍ഥാടന സമ്മേളന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്.

 

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest