Connect with us

National

സനാതന ധര്‍മ്മ പരാമര്‍ശം: ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖാര്‍ഗെയ്ക്കുമെതിരെ യുപിയില്‍ കേസ്

ചെന്നൈയില്‍ വെച്ച് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശമാണ് ദേശീയ തലത്തില്‍ വലിയ വിവാദമായത്.

Published

|

Last Updated

ന്യൂഡല്‍ഹി| സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെയ്ക്കുമെതിരെ യുപിയില്‍ കേസ്. രാംപൂര്‍ പോലീസാണ് കേസെടുത്തത്. ഹര്‍ഷ് ഗുപ്ത, റാം സിംഗ് ലോധി എന്നീ അഭിഭാഷകര്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചെന്നൈയില്‍ വെച്ച് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശമാണ് ദേശീയ തലത്തില്‍ വലിയ വിവാദമായത്.

‘ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും’. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യപ്പെടേണ്ടതെന്ന ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം സാമുദായിക സംഘര്‍ഷവും മതസ്പര്‍ധയും ലക്ഷ്യം വെച്ചെന്ന ആരോപണമാണ് ബിജെപിയും തീവ്രഹിന്ദുത്വ സംഘടനകളും ഉയര്‍ത്തുന്നത്.

പരാമര്‍ശത്തിന് പിന്നാലെ ഉദയനിധിക്കെതിരെ കലാപാഹ്വാനവുമായി അയോധ്യയിലെ സന്യാസിയായ ജഗദ്ഗുരു പരമഹംസ ആചാര്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു ആഹ്വാനം. ഈ സാഹചര്യത്തില്‍ ഉദയനിധിയുടെ വീട്ടിലും ഔദ്യോഗിക വസതിയിലും കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

 

 

 

Latest