National
സനാതന ധര്‍മ പരാമര്‍ശം; ഉദയനിധി സ്റ്റാലിന് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി
ഉദയനിധിക്കെതിരെ ക്വോ വാറന്റോ പുറപ്പെടുവിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
ചെന്നൈ| സനാതന ധര്‍മ പരാമര്‍ശവുമായി ബന്ധപ്പെട്ട് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി. ഉദയനിധിയെ അയോഗ്യനാക്കാന്‍ നിലവില്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഉദയനിധിക്കെതിരെ ക്വോ വാറന്റോ പുറപ്പെടുവിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. വിവാദപരാമര്‍ശത്തിനുശേഷവും മന്ത്രിപദവിയില്‍ തുടരുന്നത് ചോദ്യം ചെയ്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ ടി. മനോഹര്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് അനിത സുമന്ത് ആണ് വിധി പറഞ്ഞത്.
അതേസമയം, ഉദയനിധി വിവാദ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്ന് കോടതി വിമര്‍ശിച്ചു. പരാമര്‍ശം ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. മന്ത്രിമാര്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും കോടതി വ്യക്തമാക്കി. മലേറിയയും ഡെങ്കിയും പോലെ പൂര്‍ണമായും തുടച്ചുനീക്കപ്പെടേണ്ടതാണ് സനാതന ധര്‍മം എന്നായിരുന്നു ഉദയനിധിയുടെ വിവാദമായ പ്രസ്താവന.
എന്താണ് ക്വാ വാറന്റോ?
നിയമപരമായി തനിക്ക അവകാശമില്ലാത്ത ഒരു സ്ഥാനത്തോ പദവിയിലോ ഒരാൾ കയറിപ്പറ്റുകയോ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയോ ചെയ്താൽ അതിൽ പരാതിയുള്ള ഏതൊരു വ്യക്തിക്കും ക്വോ വാറന്റോ ഹർജി കോടതിയിൽ സമർപ്പിക്കാവുന്നതാണ്. അത് ശരിയാണെന്ന് കോടതിക്ക് ബോധ്യമായാൽ പ്രസ്തുത വ്യക്തിയെ നിഷ്കാസനം ചെയ്തുകൊണ്ടുള്ള ഉത്തരവു പുറപ്പെടുവിക്കാൻ ഉയന്ന കോടതികൾക്ക് അധികാരമുണ്ട്. സുപ്രീം കോടതി, ഹൈക്കോടതി എന്നീ ഉന്നത നീതിപീഠങ്ങൾക്കാണ് ഈ റിട്ട് പുറപ്പെടുവിക്കാൻ അധികാരമുള്ളത്.