National
സനാതന ധര്‍മ്മ പരാമര്‍ശം: ഉദയനിധിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പോലീസ്
മതവികാരം വ്രണപ്പെടുത്തല്‍, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം എന്നീ വകുപ്പുകളാണ് ഉദയനിധിക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുംബൈ| സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ വീണ്ടും പോലീസ് കേസ്. മഹാരാഷ്ട്രയിലെ മീരാ റോഡ് പോലീസാണ് അദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം എന്നീ വകുപ്പുകളാണ് ഉദയനിധിക്കെതിരെ ചുമത്തിയിരിക്കുന്നത്.
സനാതന ധര്‍മ്മത്തിനെതിരെ നടത്തിയ പരാമര്‍ശത്തിന് ഉദയനിധി സ്റ്റാലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ബി.ജെ.പി പ്രതിനിധി സംഘം ചൊവ്വാഴ്ച സംസ്ഥാന പോലീസിന് മെമ്മോറാണ്ടം കൈമാറിയിരുന്നു.
തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലാണ് സനാതന ധര്‍മത്തെ ഡെങ്കിപ്പനി, മലേറിയ എന്നീ രോഗങ്ങളുമായി ഉദയനിധി സ്റ്റാലിന്‍ താരതമ്യം ചെയ്തത്. സനാതന ധര്‍മ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു.
ഉദയനിധിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ബി.ജെ.പി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. വംശീയ ഉന്‍മൂലനത്തിനുള്ള ആഹ്വാനമാണ് ഉദയനിധി നടത്തിയതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലിന്റെ പരാതിയില്‍ ഡല്‍ഹി പോലീസും സമാന വിഷയത്തില്‍ യുപി പോലീസും ഉദയനിധിക്കെതിരെ കേസെടുത്തിട്ടുണ്ട്.