Kerala
അഴിമുഖത്തെ മണല്‍ നീക്കണം; മുതലപ്പൊഴിയില്‍ റോഡ് ഉപരോധിച്ച് മത്സ്യതൊഴിലാളികള്‍
കളക്ടര്‍ എത്താതെ സമരം അവസാനിപ്പിക്കില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്.

തിരുവനന്തപുരം| അഴിമുഖത്തെ മണല്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മുതലപ്പൊഴിയില്‍ മത്സ്യ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. അഞ്ചുതെങ്ങു മുതല്‍ പെരുമാതുറ വരെയുള്ള എല്ലാ റോഡുകളും മത്സ്യത്തൊഴിലാളികള്‍ ഉപരോധിക്കുകയാണ്. ആംബുലന്‍സ് ഒഴികെയുളള എല്ലാ വാഹനങ്ങളും തടഞ്ഞുകൊണ്ടാണ് പ്രതിഷേധം. കളക്ടര്‍ എത്താതെ സമരം അവസാനിപ്പിക്കില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
നാലുമാസമായി അഴിമുഖത്തെ മണല്‍ നീക്കം ചെയ്യാതെ കിടക്കുകയാണ്. പല തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഫലം കണ്ടില്ല. മന്ത്രിമാര്‍ വന്ന് അവധികള്‍ പറയുമെന്നല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് ജോലിക്ക് പോവാന്‍ പറ്റുന്നില്ലെന്നും ഇന്നലെയും മണ്‍തിട്ടയിലിടിച്ച് അപകടമുണ്ടായെന്നും തൊഴിലാളികള്‍ കൂട്ടിച്ചേര്‍ത്തു.