Connect with us

Kerala

സന്ദീപ് വധക്കേസ്: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; വധഭീഷണിയുണ്ടെന്ന് ഒന്നാം പ്രതി ജിഷ്ണു

മുന്‍കൂട്ടിയുള്ള ആസൂത്രണത്തില്‍ നടത്തിയതല്ലെന്നും പെട്ടെന്ന് ഉള്ള പ്രകോപനത്തില്‍ സംഭവിച്ച് പോയതാണെന്നും പ്രതികള്‍ മാധ്യമങ്ങളോട്

Published

|

Last Updated

തിരുവല്ല  | സി പി എം പെരിങ്ങര ലോക്കല്‍ കമ്മറ്റി സെക്രട്ടറി സന്ദീപിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അഞ്ച് പ്രതികളേയും എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു .പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകര്‍ ആരും കോടതിയില്‍ ഹാജരായില്ല. പോലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി ആണ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഈ മാസം 13 വരെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസാണ് എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. തങ്ങള്‍ക്ക് വധഭീഷണി ഉള്ളതായി പ്രധാന പ്രതി ജിഷ്ണു കോടതിയെ അറിയിച്ചു.

അതേ സമയം കൊലപാതകം മുന്‍കൂട്ടിയുള്ള ആസൂത്രണത്തില്‍ നടത്തിയതല്ലെന്നും പെട്ടെന്ന് ഉള്ള പ്രകോപനത്തില്‍ സംഭവിച്ച് പോയതാണെന്നും പ്രതികള്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവല്ല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. സന്ദീപ് വധം രാഷ്ട്രീയ കൊലപാതകമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും എന്നാല്‍ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനിടയാക്കിയതെന്നും പ്രതികള്‍ വ്യക്തമാക്കി. സന്ദീപ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഒന്നാം പ്രതി ജിഷ്ണു രഘു പറഞ്ഞു. ഒരു വര്‍ഷമായി ബിജെപി പ്രവര്‍ത്തകനല്ലെന്നും ജിഷ്ണു പറഞ്ഞു