Connect with us

Kerala

ബി ജെ പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്ന് സന്ദീപ് വാര്യര്‍

വെറുപ്പിന്റെ കടവിട്ട് സ്‌നേഹത്തിന്റെ കടയിലേക്ക് വരുമ്പോള്‍ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് വി ഡി സതീശന്‍

Published

|

Last Updated

പാലക്കാട് | ബി ജെ പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവേശിച്ച വേദിയില്‍ സന്ദീപ് വാര്യര്‍.

വെറുപ്പ് മാത്രം പുറത്തുവിടുന്ന സംഘടനയില്‍ നിന്ന് സ്‌നേഹം താന്‍ പ്രതീക്ഷിച്ചുവെന്നും എന്നാല്‍ പല ഘട്ടത്തിലും സ്‌നേഹവും കരുതലും പിന്തുണയും കിട്ടിയില്ലെന്നും സന്ദീപ് തുറന്നടിച്ചു. ഏകാധിപത്യപരമായ രീതിയാണ് ബി ജെ പിയില്‍ ഉള്ളത്. അവിടെ അഭിപ്രായം പറയാന്‍ പോലുമുള്ള സ്വാതന്ത്രമില്ല. ഉപാധികളില്ലാതെ സ്‌നേഹിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ വിലക്ക് നേരിട്ടയാളാണ്. വ്യക്തി ബന്ധങ്ങളില്‍ മതം തിരയാനോ ഇടപെടാനോ ശ്രമിച്ചിട്ടില്ല. സംഘടനയ്ക്ക് വേണ്ടി അശ്രാന്തം പണിയെടുത്തിട്ടുണ്ട്. എന്നിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സംഘടനയുടെ കയ്യാലപ്പുറത്തു നിര്‍ത്തി.

തന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന്റെ ഉത്തരവാദി കെ സുരേന്ദ്രനും സംഘവുമാണ്. ബലിദാനികളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി മുതലെടുത്തുവെന്നും അവരുടെ പേര് പറഞ്ഞ് പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സന്ദീപ് കുറ്റപ്പെടുത്തി. ബലിദാനികളുടെ ഫോട്ടോ വെച്ച് പാര്‍ട്ടി തന്നെ വേട്ടയാടി. ശ്രീനിവാസന്‍ വധക്കേസ് പ്രതികള്‍ക്ക് ജാമ്യം കിട്ടിയത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും എന്തുകൊണ്ട് മുതിര്‍ന്ന അഭിഭാഷകരാരും കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായില്ലെന്നും സന്ദീപ് ചോദിച്ചു. മുഴുവന്‍ നേരവും ഇത്തരം വെറുപ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറിയില്‍നിന്ന് പുറത്തുവന്ന സന്തോഷത്തിലാണ് താനെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു. ഒരു ഉപാധികളുമില്ലാതെ, സാധാരണ പ്രവര്‍ത്തകനായാണ് ഞാന്‍ കോണ്‍ഗ്രസില്‍ വരുന്നത്. ഇതുവരെ പറഞ്ഞത് എല്ലാം ബി ജെ പിയുടെ ആശയങ്ങളാണ്. എന്റെ വ്യക്തിപരമായ ആശയങ്ങളല്ല എന്നും സന്ദീപ് പറഞ്ഞു. ബി ജെ പിയും സി പി എമ്മും തമ്മിലുള്ള ഒത്തുകളി ചോദ്യം ചെയ്തതിനാണ് താന്‍ ചിലരുടെ അപ്രീതിക്ക് ഇരയായതെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയറാണെന്ന് സി പി എം നേതാക്കള്‍ പറഞ്ഞത് ശരിവെക്കുന്നുവെന്ന് സന്ദീപ് വാര്യരെ കോണ്‍ഗ്രസ്സിലേക്ക് സ്വീകരിച്ച ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. വെറുപ്പിന്റെ കടവിട്ട് സ്‌നേഹത്തിന്റെ കടയിലേക്ക് വരുമ്പോള്‍ ഞങ്ങള്‍ സ്വാഗതം ചെയ്യും. ഒരു പാര്‍ട്ടിയുടെ വക്താവായിരുന്നപ്പോള്‍ ആ പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ചുമതലയായിരുന്നു. പാലക്കാട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി മുഖ്യമന്ത്രി പിണറായിയെക്കുറിച്ച് പറഞ്ഞപോലെയൊന്നും സന്ദീപ് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതൊരു തുടക്കമാണ്. ബിജെപിയില്‍ നടക്കുന്നത് കലാപമാണ്. അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും നേതൃത്വമാണ് കേരളത്തിലെ ബി ജെ പിയിലുള്ളത്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് പിണറായി വിജയന്റെ ഔദാര്യത്തില്‍ നില്‍ക്കുന്നയാളാണ്. ഭൂരിപക്ഷ വര്‍ഗീയതയെയോ ന്യൂപക്ഷ വര്‍ഗീയതയേയോ ഞങ്ങള്‍ താലോലിക്കില്ല. വോട്ട് കിട്ടാനോ ജയിക്കാനോ ഒരാളെയും സുഖിപ്പിച്ച് പിറകേ പോകില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

പാലക്കാട് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ സന്ദീപിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഷാളണിയിച്ച് സ്വീകരിച്ചു. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കണമെന്ന നിഷ്‌കര്‍ഷതയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് കോണ്‍ഗ്രസിലേക്ക് കടന്നുവന്നതെന്ന് കെ സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്നും വരും ദിവസങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങള്‍ കാണാമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ബി ജെ പി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത പരസ്യമാക്കിയ സന്ദീപ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നില്ല.

 

 

 

Latest