Connect with us

Kerala

കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ പാണക്കാട്ടെത്തി ലീഗ് നേതാക്കളെ കണ്ടു

മുന്നണിയില്‍ വരുമ്പോള്‍ മുസ്ലിം ലീഗിനെ കൂടി ബഹുമാനിക്കേണ്ടതിന്റെ ആവശ്യമുണ്ട് എന്നതിനാലാണ് സന്ദീപിനോട് പാണക്കാട് സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍

Published

|

Last Updated

മലപ്പുറം | ബി ജെ പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പാണക്കാട് എത്തി മുസ്ലിം ലീഗ് നേതാക്കളെ കണ്ടു. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കള്‍ സന്ദീപിനെ സ്വീകരിച്ചു.

എം എല്‍ എമാരായ എന്‍ ഷംസുദ്ദീന്‍, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, കെ പി സി സി സെക്രട്ടറി വി ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്. മലപ്പുറം പാലക്കാട് ജില്ലകളില്‍ നിന്നുള്ള പ്രദേശിക കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കളും സന്ദീപിനെ അനുഗമിച്ചു. കെ പി സി സിയുടെ നിര്‍ദേശ പ്രകാരമായിരുന്നു സന്ദീപിന്റെ പാണക്കാട്ടേക്കുള്ള യാത്ര. മലപ്പുറത്തിന്റെ മതേതര പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതില്‍ പാണക്കാട് തങ്ങള്‍ കുടുംബം വലിയ പങ്കു വഹിക്കുന്നതായി സന്ദീപ് പറഞ്ഞു.

മുന്നണിയില്‍ വരുമ്പോള്‍ മുസ്ലിം ലീഗിനെ കൂടി ബഹുമാനിക്കേണ്ടതിന്റെ ആവശ്യമുണ്ട് എന്നതിനാലാണ് സന്ദീപിനോട് പാണക്കാട് സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസിന് ദ്രോഹമാകുമോ എന്ന് പരിശോധിച്ചിരുന്നു. വരവ് ഗുണമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ബി ജെ പിയില്‍ നിന്നുകൊണ്ട് ചെയതതൊന്നും ഇനി സന്ദീപ് ചെയ്യില്ല. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ കൂടെ കൂട്ടിയത്. ബി ജെ പിക്ക് മുതല്‍ക്കൂട്ടായ ആളാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്.

സന്ദീപിന് പിന്നാലെ കൂടുതല്‍ ആളുകള്‍ വരും. താന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും ബിജെപിയില്‍ നിന്ന് ആളുകളെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്ന അധ്യക്ഷനാണ് താനെന്നും സുധാകരന്‍ പറഞ്ഞു.

 

Latest