Connect with us

lady doctor murdered

ഡോക്ടറെ കൊലപ്പെടുത്തിയ സന്ദീപിനെ ആശുപത്രിയില്‍ കൊണ്ടുവന്നത് പരാതിക്കാരന്‍ എന്ന നിലയില്‍: എ ഡി ജി പി

തന്നെ ആക്രമിക്കുന്നുവെന്ന് ഇയാള്‍ തന്നെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞത്

Published

|

Last Updated

കൊച്ചി | കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതി സന്ദീപിനെ പരാതിക്കാരന്‍ എന്ന നിലയിലാണ് പോലീസ് കൊണ്ടുവന്നതെന്നു എ ഡി ജി പി എം ആര്‍ അജിത് കുമാര്‍.

അക്രമാസക്തനായ ഒരാളെ വിലങ്ങ് അണിയിക്കാതെ പൊലീസ് ആശുപത്രിയിലെത്തിച്ചതാണ് ഡോക്ടറുടെ മരണമടക്കമുള്ള ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്ന വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണം.

തന്നെ ആക്രമിക്കുന്നുവെന്ന് ഇയാള്‍ തന്നെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞത്. ഇതനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്. പരിക്കേറ്റ നിലയിലായിരുന്നുവെന്നതിനാലാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയില്‍ കൊണ്ടുവരുന്ന സമയത്ത് ഇയാള്‍ അക്രമാസക്തനായിരുന്നില്ലെന്നും എ ഡി ജി പി അറിയിച്ചു.

പൊലീസ് എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചത് പ്രതി സന്ദീപാണ് തന്നെയാണ്. രാത്രി ഒരുമണിയോടെയാണ് തന്നെ കൊല്ലാന്‍ വരുന്നുവെന്ന് പറഞ്ഞ് ഇയാള്‍ വിളിച്ചത്. തിരികെ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് മൂന്ന് മണിക്ക് വീണ്ടും വിളി വന്നു. സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ പരിക്കേറ്റ നിലയിലായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന ബന്ധുവിനെ ഒപ്പം ചേര്‍ത്ത് ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചു. ക്യാഷ്വാലിറ്റിയിലേക്ക് എത്തിച്ചപ്പോള്‍ ഇയാള്‍ അക്രമാസക്തമായിരുന്നില്ല. ക്യാഷ്വാലിറ്റിയില്‍ പരിശോധിച്ച ഡോക്ടര്‍ എക്‌സറേ എടുക്കുന്നതിനും മുറിവ് ഡ്രസ് ചെയ്യുന്നതിനുമായി ഡ്രസിംഗ് റൂമിലേക്ക് അയച്ചു. ഈ സമയത്താണ് പ്രതി അക്രമാസക്തമായത്.

ബന്ധുവിനെയാണ് ആദ്യം ആക്രമിച്ചത്. അതിന് ശേഷം പോലീസുകാരെ ആക്രമിച്ചു. രണ്ട് പോലീസുകാര്‍ ആക്രമിക്കപ്പെട്ടു. ഇതിന് ശേഷമാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണമുണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.

 

 

Latest