National
സന്ദേശ്ഖാലി സംഭവം: അന്വേഷണം സി ബി ഐക്ക് കൈമാറി കൊൽക്കത്ത ഹൈക്കോടതി
ആക്രമണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 29 ന് പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്ത ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ കസ്റ്റഡി കേന്ദ്ര ഏജൻസിക്ക് കൈമാറാനും കോടതി നിർദ്ദേശിച്ചു.

കൊൽക്കത്ത | ജനുവരി അഞ്ചിന് സന്ദേശ്ഖാലിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ അന്വേഷണം പശ്ചിമ ബംഗാൾ പോലീസിൽ നിന്ന് സിബിഐക്ക് കൈമാറി കൊൽക്കത്ത ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു. ആക്രമണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 29 ന് പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്ത ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ കസ്റ്റഡി കേന്ദ്ര ഏജൻസിക്ക് കൈമാറാനും കോടതി നിർദ്ദേശിച്ചു. ചൊവ്വാഴ്ച വൈകീട്ട് 4.30നകം നിർദേശങ്ങൾ പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.
ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണം അന്വേഷിക്കാൻ സിബിഐയുടെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാൻ ജനുവരി 17ന് സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഇഡിയും പശ്ചിമ ബംഗാൾ സർക്കാരും വെവ്വേറെ അപ്പീലുകൾ നൽകി. അന്വേഷണം സി ബി ഐക്ക് മാത്രം കൈമാറണമെന്ന് ഇ ഡി ആവശ്യപ്പെട്ടപ്പോൾ, അന്വേഷണം സംസ്ഥാന പോലീസിന് മാത്രം നൽകണമെന്ന് സംസ്ഥാനം വാദിച്ചു.
സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിലും സന്ദേശ്ഖാലിയിലെ ഭൂമി കൈയേറ്റത്തിലും മുഖ്യപ്രതി കൂടിയായ ഷെയ്ഖിനെ സിബിഐക്കോ ഇഡിക്കോ പശ്ചിമ ബംഗാൾ പോലീസിനൊ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
അതേസമയം, സന്ദേശ്ഖാലി കേസ് സിബിഐക്ക് വിടാനുള്ള കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ പശ്ചിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വിയാണ് ഹരജി സമർപ്പിച്ചത്. തുടർന്ന് ഹരജി രജിസ്ട്രാർ ജനറലിന് മുമ്പാകെ സമർപ്പിക്കാൻ കോടതി നിർദേശം നൽകി.