Kerala
കേന്ദ്രമന്ത്രി വി മുരളീധരനെ പരിഹസിച്ച് സംഘപരിവാര്‍ ബുദ്ധിജീവി
സാമര്‍ത്ഥ്യം ആരും മനസിലാക്കുന്നില്ലെന്ന് കരുതരുതെന്ന് ടി ജി മോഹന്‍ദാസ്

കോഴിക്കോട് | കേന്ദ്ര സഹമന്ത്രി വി മുരളീധരനെ പരിഹസിച്ച് ബി ജെ പി സംസ്ഥാന ബൗദ്ധിക വിഭാഗം മുന്‍ തലവന്‍ ടി ജി മോഹന്‍ദാസ്. പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രസംഗിക്കാനെത്തുമ്പോഴെല്ലാം കാമറയില്‍ വരുന്ന തരത്തില്‍ സ്ഥിരമായി മുരളീധരനുമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹന്‍ദാസിന്റെ പരിഹാസം.
ഈ നല്ല സാമര്‍ത്ഥ്യം ആരും മനസിലാക്കുന്നില്ലെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രസംഗിക്കാന്‍ വരുമ്പോഴൊക്കെ നമ്മുടെ വി മുരളീധരന്‍ യാദൃച്ഛികമെന്നവണ്ണം പിറകില്‍, സൈഡിലായി വിഡിയോയില്‍ വരത്തക്കവിധം ഇരിക്കും! കാമറ ഏത് ആംഗിളില്‍ വച്ചാലും മുരളി അതില്‍ വരും. കൊള്ളാം! നല്ല സാമര്‍ത്ഥ്യം. പക്ഷേ, ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ലെന്ന് കരുതരുത് കെട്ടോ-എന്നാണു ഫേസ്ബുക്കില്‍ ടി.ജി മോഹന്‍ദാസ് കുറിച്ചിരിക്കുന്നത്.
ഇതിനുമുന്‍പും ബി.ജെ.പി നേതൃത്വത്തിനെതിരെ ടി ജി മോഹന്‍ദാസ് പരസ്യ വിമര്‍ശനം നടത്തിയിരുന്നു. ജനങ്ങള്‍ പ്രശ്നങ്ങള്‍ പറയാന്‍ വിളിക്കുമ്പോള്‍ നേതാക്കള്‍ ഫോണെടുക്കുന്നില്ലെന്നായിരുന്നു ആരോപിച്ചത്. വി മുരളീധരനെതിരായ പോസ്റ്റിനെതിരെ മുരളീധരന്‍ അനുകൂലികള്‍ കടുത്ത വിമര്‍ശനവും നടത്തുന്നുണ്ട്. വിലകുറഞ്ഞ അഭിപ്രായപ്രകടനമാണിതെന്നും വ്യക്തിവൈരാഗ്യം മാത്രമാണ് ഇതിനു പിന്നിലുള്ളതെന്നുമാണ് ആരോപണം.