Editorial
സംഘ്പരിവാര്‍ വീണ്ടുമൊരു കര്‍സേവക്ക്
ഔറംഗസീബിന്റെ ഖബ്്ർ പൊളിക്കണമെന്ന ആവശ്യവുമായി സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തുവരികയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് അതിനെ അനുകൂലിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആ ചരിത്ര സ്മാരകത്തിന് ഇനി ഏറെ കാലത്തെ നിലനില്‍പ്പ് പ്രതീക്ഷിക്കേണ്ടതില്ല.

മറ്റൊരു കര്‍സേവക്കുള്ള തയ്യാറെടുപ്പിലാണ് സംഘ്പരിവാര്‍ സംഘടനകള്‍. ഔറംഗസീബിന്റെ ഖബ്‌റിനെച്ചൊല്ലിയാണ് പുതിയ കര്‍സേവക്കുള്ള പുറപ്പാട്. മഹാരാഷ്ട്ര ഛത്രപതി സംഭാജി നഗറിലെ ഖുല്‍ദാബാദില്‍ സ്ഥിതി ചെയ്യുന്ന മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ഖബ്ര്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദള്‍ തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകള്‍. ഹിന്ദുക്കള്‍ക്കെതിരായ അതിക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും പ്രതീകമാണ് ഈ ഖബ്റെന്നാണ് അവരുടെ വാദം. ഖബ്ര്‍ പൊളിച്ചു മാറ്റാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ബാബരി മസ്ജിദ് തകര്‍ക്കാന്‍ ആര്‍ എസ് എസ് നടത്തിയതു പോലെ കര്‍സേവ നടത്തുമെന്നും ഹിന്ദുത്വ സംഘടനകള്‍ പറയുന്നു. വിദേശികളടക്കം പ്രതിദിനം ആയിരക്കണക്കിനു പേര്‍ സന്ദര്‍ശിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്മാരകവും സന്ദര്‍ശന കേന്ദ്രവുമാണ് ഔറംഗസീബിന്റെ ഖബറിടം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. പഴയ ഔറംഗാബാദാണ് ഛത്രപതി സംഭാജി നഗറായി മാറിയത്. അടുത്തിടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ചരിത്രപ്രസിദ്ധമായ ഔറംഗാബാദിന്റെ പേര് മാറ്റിയത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നാഗ്പൂരില്‍ കനത്ത സംഘര്‍ഷം ഉടലെടുത്തു. ഔറംഗസീബിന്റെ ഖബ്ര്‍ പൊളിച്ചു മാറ്റിയില്ലെങ്കില്‍ ആ ചരിത്ര സ്മാരകത്തിന് ബാബരി മസ്ജിദിന്റെ ഗതിവരുമെന്ന് ഭീഷണി മുഴക്കി നാഗ്പൂരില്‍ ബജ്റംഗ് ദള്‍ നടത്തിയ പ്രകടനമാണ് സംഘര്‍ഷത്തിന് വഴിമരുന്നിട്ടത്. ഔറംഗസീബിന്റെ ഖബ്റിന്റെ മിനിയേച്ചര്‍ കത്തിച്ചായിരുന്നു പ്രകടനം. ബാബരി പ്രശ്നത്തില്‍ സംഘ്പരിവാര്‍ നടത്തിയ വര്‍ഗീയാക്രമണങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു സംഭവം. എങ്കിലും സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത് ന്യൂനപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രാദേശിക നേതാവ് ഫാഹിം ഷമീം ഖാനെയാണ്. നാഗ്പൂര്‍ സംഘര്‍ഷത്തിന്റെ സൂത്രധാരന്‍ ഫാഹിമാണെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം) എം പി സഞ്ജയ് ഭട്ട് ചോദിച്ചതു പോലെ, ആര്‍ എസ് എസിന്റെ ആസ്ഥാനവും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ മണ്ഡലവുമായ നാഗ്പൂരില്‍ അക്രമം സംഘടിപ്പിക്കാന്‍ ഒരു ന്യൂനപക്ഷ വിഭാഗത്തിന് എങ്ങനെ ധൈര്യം വരാന്‍? ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്നവരുടെ രീതിശാസ്ത്രം പിന്തുടരുന്നവരാണല്ലോ സംഘ്പരിവാര്‍ സര്‍ക്കാറുകളും അവരുടെ പോലീസും.
ഔറംഗസീബിനെ ക്രൂരനും ഹിന്ദുവിരോധിയുമായി ചിത്രീകരിക്കുന്ന ‘ഛാവ’ എന്ന ഹിന്ദി സിനിമ ഇറങ്ങിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഖബ്ര്‍ സജീവ ചര്‍ച്ചയായതും പൊളിച്ചു മാറ്റണമെന്ന ആവശ്യത്തിന് തീവ്രത കൈവന്നതും. ഔറംഗസീബും ശിവജിയുടെ പുത്രനായ സംഭാജിയും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയും ഏറ്റുമുട്ടലുകളും യുദ്ധവുമാണ് സിനിമയുടെ പ്രമേയം. അക്കാലത്തെ രണ്ട് നാട്ടുരാജാക്കന്മാര്‍ തമ്മില്‍ നടന്ന അധികാരത്തെ ചൊല്ലിയുള്ള ഏറ്റുമുട്ടലിനെ ഹിന്ദു-മുസ്‌ലിം പ്രശ്നമായി തെറ്റായാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. സമൂഹത്തില്‍ മുസ്‌ലിം വിദ്വേഷം പടര്‍ത്തി ബി ജെ പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിന് ചരിത്രത്തെ വളച്ചൊടിക്കുകയാണ് സിനിമയില്‍.
മറ്റു മതക്കാരോട് സഹിഷ്ണുതയോടെ പെരുമാറിയിരുന്ന രാജാവായിരുന്നു ഔറംഗസീബ്. മതഭേദമന്യേ പ്രജകളുടെ ക്ഷേമത്തില്‍ ശ്രദ്ധപതിപ്പിച്ചിരുന്ന അദ്ദേഹം മറ്റു മുഗള്‍ ചക്രവര്‍ത്തിമാരെ അപേക്ഷിച്ച് സുഖലോലുപതയോട് ഒട്ടും പ്രതിപത്തിയില്ലാത്ത ഭരണാധികാരിയായിരുന്നു. ഭരണത്തലവനായിട്ടും സ്വന്തം ജീവിതച്ചെലവിന് പൊതുഖജനാവിനെ ആശ്രയിച്ചില്ല അദ്ദേഹം. സ്വന്തമായി നെയ്യുന്ന തൊപ്പികളും എഴുതിയുണ്ടാക്കുന്ന ഖുര്‍ആന്‍ കൈയെഴുത്ത് പ്രതികളും മറ്റും വിറ്റാണ് അദ്ദേഹം സ്വന്തം ജീവിതച്ചെലവ് നിര്‍വഹിച്ചിരുന്നതെന്നും ഈ വരുമാനത്തില്‍ സ്വന്തം ആവശ്യത്തിനുള്ളതൊഴിച്ച് ബാക്കി സംഭാവന ചെയ്യുകയായിരുന്നുവെന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. തന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് പൊതുഖജനാവില്‍ നിന്ന് ഒന്നും ചെലവിടരുതെന്ന് വസ്വിയ്യത്ത് ചെയ്തു അദ്ദേഹം. അന്നത്തെ 14.12 രൂപ മാത്രമാണ് ഔംറഗസീബിന്റെ മയ്യിത്ത് സംസ്‌കരണ ചടങ്ങുകള്‍ക്ക് ചെലവായതെന്നാണ് ചരിത്രം. അദ്ദേഹത്തിന്റെ ആത്മീയഗുരു ശൈഖ് സൈനുദ്ദീന്‍ എന്നവരുടെ ദര്‍ഗക്കു സമീപം സ്ഥിതിചെയ്യുന്ന ഔംറഗസീബിന്റെ മഖ്ബറയും ലാളിത്യത്തിന്റെ പ്രതീകമാണ്. മുസ്‌ലിംകള്‍ മാത്രമല്ല, ധാരാളം മറ്റു മതസ്ഥരും സന്ദര്‍ശിക്കുന്നുണ്ട് ഭക്തിയാദരവോടെ ഈ ഖബറിടം. ഇന്ത്യ കണ്ട ഏറ്റവും മികച്ചൊരു ഭരണാധികാരിയെയാണ് ഹിന്ദുത്വര്‍ ക്രൂരനും മതഭ്രാന്തനുമായി ചിത്രീകരിക്കുന്നത്. ചരിത്രത്തോടുള്ള കൊടിയ ക്രൂരത.
ഖബ്ര്‍ പൊളിക്കണമെന്ന ആവശ്യവുമായി സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തുവരികയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് അതിനെ അനുകൂലിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആ ചരിത്ര സ്മാരകത്തിന് ഇനി ഏറെ കാലത്തെ നിലനില്‍പ്പ് പ്രതീക്ഷിക്കേണ്ടതില്ല. രാജ്യത്ത് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ഒരു നിര്‍മിതിയും സ്മാരകവും നിലനില്‍ക്കരുതെന്ന് ശഠിക്കുന്ന ഒരു വിഭാഗമാണ് കേന്ദ്രവും മിക്ക സംസ്ഥാനങ്ങളും ഭരിക്കുന്നത്. അനധികൃത നിര്‍മിതിയെന്നാരോപിച്ച് പള്ളികള്‍ ബുള്‍ഡോസ് ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഉത്തരേന്ത്യയിലെന്നതും ഓര്‍ത്തിരിക്കേണ്ടതാണ്. ഒരു പക്ഷേ വിഷയം കോടതി കയറിയാലും ഖബ്ര്‍ പൊളിക്കരുതെന്ന് ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് അബദ്ധമായിരിക്കും. ബാബരി ധ്വംസനക്കേസിലും ബാബരി ഭൂമിയുടെ അവകാശം സംബന്ധിച്ച കേസിലും ജുഡീഷ്യറി സ്വീകരിച്ച നിലപാട് നമ്മുടെ മുമ്പിലുണ്ട്. ആരാധനാലയ സംരക്ഷണ നിയമം നിലനില്‍ക്കെ തന്നെ ഗ്യാന്‍വ്യാപിയിലും ശാഹി ഈദ്ഗാഹിലും സര്‍വേക്ക് ഉത്തരവിട്ട കോടതികളാണല്ലോ രാജ്യത്തുള്ളത്.